ന്യൂഡല്‍ഹി: കരുവന്നൂരില്‍ സിപിഎമ്മിനെതിരായ ഇഡി നീക്കം രാഷ്ട്രീയപ്രേരിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. പാര്‍ട്ടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ഗോവിന്ദന് പ്രതികരിച്ചു.
ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റി ഓഫീസുകള്‍ നിര്‍മിക്കാന്‍ വേണ്ടിയുള്ള സ്ഥലം ജില്ലാ കമ്മിറ്റിയുടെ പേരില്‍ വാങ്ങുന്നത് പാര്‍ട്ടിയില്‍ പതിവാണ്. കള്ളപ്പണം ഉപയോഗിച്ച് നിര്‍മിച്ചതെന്ന് പറഞ്ഞ് പാര്‍ട്ടി ഓഫീസ് പിടിച്ചെടുക്കാനാണ് ഇഡി ശ്രമിക്കുന്നത്. ഇതുസംബന്ധിച്ച് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ല.
ഇഡി തോന്ന്യാസം കാട്ടുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളോടുള്ള പകപോക്കലിന്റെ ഭാഗമാണിത്. ഇഡി നടപടികളെ രാഷ്ട്രീയമായും നിയമപരമായും നേരിടും.
പാര്‍ട്ടിക്കെതിരേ ഒരു തെളിവുമില്ല. എന്തടിസ്ഥാനത്തിലാണ് സിപിഎമ്മിനെതിരേ കേസെടുത്തതെന്നും ഗോവിന്ദന് ചോദിച്ചു.