BREAKING NEWSLATEST

ഇതാണപ്പ കന്നിമാസത്തിലെ കല്യാണം… ജാന്‍വിയെ മിന്നുകെട്ടി ആക്‌സിഡ്

തൃശൂര്‍: കന്നിമാസത്തിലെ ശുഭമുഹൂര്‍ത്തത്തില്‍ വളര്‍ത്തുനായയുടെ കല്യാണം നടത്തി. തൃശൂര്‍ പുന്നയൂര്‍ക്കുളത്തായിരുന്നു വേറിട്ട ഈ കല്യാണ ചടങ്ങ്. പുന്നയൂര്‍ക്കുളത്തെ കുന്നത്തൂര്‍മന ഹെറിറ്റേജില്‍ പൂമാലകെട്ടി അലങ്കരിച്ച കതിര്‍മണ്ഡപത്തിലായിരുന്നു നായ്ക്കളുടെ മിന്നുകെട്ട്.
ബീഗിള്‍ ഇനത്തില്‍പ്പെട്ട വരന്റെ പേര് ആക്‌സിഡ്. ഒന്നര വയസുകാരി ജാന്‍വിയാണ് വധു. വാടാനപ്പിള്ളി ഷെല്ലി, നഷി ദമ്പതികളുടെ വളര്‍ത്തു നായയാണ് ആക്‌സിഡ്. രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്ക്. ആകാശും അര്‍ജുനും. വളര്‍ത്തുനായ ആക്‌സിഡിനെ മൂന്നാമത്തെ മകനായാണ് കണ്ടിരുന്നത്. ആക്‌സിഡിന് കൂട്ടു വേണമെന്ന് ദമ്പതികള്‍ കരുതി. രണ്ടാണ്‍ മക്കളും ഇതിനു പിന്തുണ നല്‍കി. അങ്ങനെയാണ്, കല്യാണം കഴിപ്പിക്കാന്‍ തീരുമാനിച്ചത്.
വധുവിനെ കണ്ടുപിടിച്ചത് പുന്നയൂര്‍ക്കുളത്തു നിന്നായിരുന്നു. നായകളുടെ വിവാഹത്തിന് ഉത്തമമായ കന്നി മാസം തെരഞ്ഞെടുത്തു. ശുഭമുഹൂര്‍ത്തവും കുറിച്ചു കിട്ടി. രാവിലെ പതിനൊന്നിനും പന്ത്രണ്ടിനും മധ്യേയായിരുന്നു വിവാഹം. സാധാരണ ഒരു വിവാഹ ചടങ്ങ് എങ്ങനെയാണോ ആ കെട്ടിലും മട്ടിലും തന്നെയായിരുന്നു. സില്‍ക് ഷര്‍ട്ടും മുണ്ടുമാണ് ആക്‌സിഡിന്റെ വേഷം. കസവില്‍ നെയ്ത പട്ടുപാവാടയണിഞ്ഞ് ജാന്‍വിയും എത്തി.
ആഘോഷത്തിന്റെ മാറ്റ് കൂട്ടാന്‍ ഇവന്റ് മാനേജ്‌മെന്റ് ടീമിനെ ഏല്‍പിച്ചു. സേവ് ദി ഡേറ്റ് ഷൂട്ടും നടത്തി. മിന്നുകെട്ടലിനു ശേഷം കേക്ക് മുറിക്കലും വിവാഹ സദ്യയും ഒരുക്കിയിരുന്നു. എല്ലാത്തിനും സംഘാടകരായി മൂത്ത സഹോദരങ്ങളായ ആകാശും അര്‍ജുനും ഓടിനടന്നു. വിവാഹ വിരുന്നിന് സാക്ഷ്യം വഹിക്കാന്‍ സുഹൃത്തുക്കളുടെ വളര്‍ത്തുനായകളേയും കൊണ്ടുവന്നിരുന്നു. ഭക്ഷണത്തിനു ശേഷം ഇരുവരും വരന്റെ വീടായ വാടാനപ്പിള്ളിയിലേക്ക് പോയി.
ഗംഭീരമായ മുന്നൊരുക്കങ്ങളായിരുന്നു വിവാഹത്തിന് വേണ്ടി നടത്തിയത്. സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടും, വിവാഹ വസ്ത്രങ്ങള്‍ വാങ്ങലുമെല്ലാം ഒരു മാസം മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ഷെല്ലിയുടെ മക്കളായ ആകാശും അര്‍ജുനും പങ്കുവെച്ച സേവ് ദി ഡേറ്റ് വീഡിയോ സാമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
‘പ്രായം തികഞ്ഞ ഞാനിവിടെ അവിവാഹിതനായി നില്‍ക്കുമ്പോഴാ നായയുടെ കല്യാണം’ എന്ന സേവ് ദി ഡേറ്റ് കാര്‍ഡ് കാണാത്തവര്‍ കുറവായിരിക്കും. 50 പേരെയാണ് വിവാഹത്തിന് ക്ഷണിച്ചത്. വധൂവരന്മാരുടെ ഇഷ്ട ഭക്ഷണമായ ചിക്കന്‍ ബിരിയാണിയും ഫ്രൈയുമായിരുന്നു ഭക്ഷണം

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker