തിരുവനന്തപുരം: കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി, ഇലക്ട്രിക് പോസ്റ്റുകളില്‍നിന്ന് മറ്റു കേബിളുകള്‍ നീക്കം ചെയ്യണമെന്ന് കെഎസ്ഇബി നിര്‍ദേശം. കണ്ണൂര്‍ ഇലക്ട്രിക് സെക്ഷനിലാണ് പോസ്റ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന മറ്റു കേബിളുകള്‍ നീക്കാന്‍ കെഎസ്ഇബി നിര്‍ദേശം നല്‍കിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.കേബിള്‍ ഇന്റര്‍നെറ്റ് കണക്ഷനായി വര്‍ഷംതോറും വാടക നല്കി വലിച്ചിട്ടുള്ള കേബിളുകള്‍ വ്യാഴാഴ്ചയ്ക്കകം മാറ്റണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരിക്കുന്നത്. 20 വര്‍ഷമായി വലിച്ചിട്ടുള്ള കേബിളുകള്‍ നീക്കം ചെയ്യാന്‍ കെഎസ്ഇബി ആവശ്യപ്പെട്ടതോടെ സംസ്ഥാനത്തെ കേബിള്‍, ഇന്റര്‍നെറ്റ് പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നാണ് വിവരം.
കേബിള്‍ടിവി, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ കേബിളുകള്‍ മാറ്റിയില്ലെങ്കില്‍, കേടു വരാത്ത വിധം കെഎസ്ഇബി നേരിട്ടു അത് നീക്കം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സംസ്ഥാന വ്യാപകമായി തുടക്കത്തില്‍ കേബിളുകള്‍ നീക്കം ചെയ്യില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു. സര്‍ക്കാരിന് കൂടുതല്‍ കണക്ഷന് ലഭിക്കാന്‍ സാധ്യതയുള്ള നഗരപ്രദേശങ്ങളിലാണ് ഈ നിര്‍ദേശം നടപ്പാക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ഇലക്ട്രിക് സെക്ഷനുകളിലെയും ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍മാരാണ് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ബിഎസ്എന്‍എലിനും കേബിള്‍ നീക്കാന്‍ നിര്‍ദേശം നല്‍കിയത്. എവിടെയൊക്കെയാണ് കേബിളുകള്‍ നീക്കേണ്ടതെന്നും കെഎസ്ഇബി നല്കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നഗരങ്ങളില്‍ ഒരു തൂണിന് 500 രൂപയും ഗ്രാമങ്ങളില്‍ ഒരു തൂണിന് 200 രൂപയുമാണ് കേബിള്‍ ഓപ്പറേറ്റര്‍മാരില്‍നിന്ന് കെഎസ്ഇബി വാടകയായി ഈടാക്കുന്നത്. കെ-ഫോണ്‍ കേബിള്‍ റൂട്ടുകളില്‍ ഇനി മുതല്‍ മറ്റു കേബിള്‍ ഓപ്പറേറ്റര്‍മാരുടെ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും കെഎസ്ഇബി തീരുാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഡിജിറ്റല്‍ സൌകര്യം കാര്യക്ഷമമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയാണ് കെ-ഫോണ്‍. ഇതിന്റെ ഭാഗമായി സുശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനവ്യാപകമായി സ്ഥാപിക്കുകയും അതുവഴി അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന് വീടുകളിലും ഓഫീസുകളിലും എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 20 ലക്ഷത്തോളം വീടുകളില്‍ സൌജന്യമായും അല്ലാത്തവര്‍ക്കു മിതമായ നിരക്കിലും കെ-ഫോണ്‍ പദ്ധതി വഴി ഇന്റര്‍നെറ്റ് ലഭ്യമാക്കുക.