BUSINESS

ഇനി ബാക്കി 6970 കോടി രൂപ; 2000 രൂപയുടെ 98 ശതമാനം നോട്ടുകളും മടങ്ങിയെത്തി: റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: 2000 രൂപയുടെ 98.04 ശതമാനം നോട്ടുകളും ബാങ്കിങ് സംവിധാനത്തിലേക്ക് തിരികെ എത്തിയതായി റിസര്‍വ് ബാങ്ക്. ജനങ്ങളുടെ കൈവശമുള്ള 6970 കോടി രൂപ മൂല്യമൂള്ള നോട്ടുകളാണ് ഇനി മടങ്ങി എത്താനുള്ളതെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

2023 മെയ് മാസത്തിലാണ് 2000 രൂപ നോട്ട് പിന്‍വലിക്കുമെന്ന പ്രഖ്യാപനം ആര്‍ബിഐ നടത്തിയത്. 2023 മെയ് 19ന് 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളാണ് പ്രചാരത്തില്‍ ഉണ്ടായിരുന്നത്. 2024 ഒക്ടോബര്‍ 31 വരെയുള്ള കണക്കനുസരിച്ച് ഇത് 6970 കോടി രൂപയായി കുറഞ്ഞതായി റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

നിലവില്‍ ആര്‍ബിഐയുടെ 19 ഇഷ്യൂ ഓഫീസുകളില്‍ ഇപ്പോഴും ജനങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകള്‍ കൊടുത്തുമാറാന്‍ സൗകര്യമുണ്ടെന്നും ആര്‍ബിഐ അറിയിച്ചു. നോട്ടുനിരോധനത്തെ തുടര്‍ന്ന് 2016 നവംബറിലാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. അന്ന് ആയിരം, 500 രൂപ നോട്ടുകളാണ് നിരോധിച്ചത്.

Related Articles

Back to top button