മിഷിഗണ്‍: യുക്രൈനിലെ സൈനിക നടപടിയില്‍ റഷ്യക്കെതിരെ വിവിധ രാജ്യങ്ങള്‍ ഉപരോധം ശക്തമാക്കിയ പശ്ചാത്തലത്തില്‍ യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മദ്യഷോപ്പുകള്‍. പ്രശസ്തമായ റഷ്യന്‍ വോഡ്ക വില്‍ക്കില്ലെന്ന് കാനഡയിലെ മദ്യഷോപ്പുകള്‍ അറിയിച്ചതായി വിദേശമാധ്യമങ്ങള്‍. റഷ്യന്‍ വോഡ്കയും മറ്റ് റഷ്യന്‍ നിര്‍മ്മിത ലഹരിപാനീയങ്ങളും ഷോപ്പില്‍ നിന്നും നീക്കം ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അമേരിക്കയിലും റഷ്യന്‍ നിര്‍മ്മിത മദ്യങ്ങള്‍ക്ക് വിലക്ക് ശക്തമാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മിഷിഗണിലെയും കാന്‍സാസിലെയും ഷോപ്പുകളിലാണ് റഷ്യന്‍ മദ്യങ്ങള്‍ക്ക് വിലക്കുണ്ടാകുന്ന സാഹചര്യം സംജാതമായത്. തങ്ങളുടെ കീഴിലുള്ള സ്റ്റോറുകളില്‍ നിന്ന് റഷ്യന്‍ നിര്‍മ്മിത മദ്യങ്ങളടക്കമുള്ളവ പിന് വിലിക്കുകയാണെന്ന് കാന്‍സാസിലെ പ്രമുഖ മദ്യവിതരണക്കാരായ ജേക്കബ് ലിക്വര്‍ എക്സ്ചേഞ്ച് വ്യക്തമാക്കി. ഇവരുടെ സ്റ്റോറുകളില്‍ നിന്നെല്ലാം റഷ്യന്‍ നിര്‍മ്മിത വോഡ്കയടക്കമുള്ളവ നീക്കം ചെയ്തു. റഷ്യന്‍ വോഡ്ക ഒഴിവാക്കിയ സാഹചര്യത്തില്‍ യുക്രൈന് വോഡ്ക ഷോപ്പുകളില്‍ എത്തിക്കുമെന്ന നിലപാടിലാണ് മദ്യവിതരണ കമ്പനികള്‍.
കാനഡയുടെ പ്രവശ്യകളായ മാനിറ്റോബയിലെയും ന്യൂഫൗണ്ട്ലാന്‍ഡിലെയും പ്രവിശ്യകളിലെ മദ്യവില്‍പ്പനശാലകള്‍ റഷ്യന്‍ നിര്‍മ്മിത മദ്യങ്ങളും ലഹരിപാനീയങ്ങളും നീക്കം ചെയ്യുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. റഷ്യന്‍ നിര്‍മ്മിത മദ്യമടക്കമുള്ളവ
പിന്‍വലിക്കണമെന്ന ആവശ്യം കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായ ഒന്റാറിയയില് ശക്തമാണ്. ഒന്റാരിയോയിലെ 679 സ്റ്റോറുകളില്‍ നിന്ന് റഷ്യന്‍ നിര്‍മ്മിത മദ്യങ്ങള്‍ നീക്കം ചെയ്തു. വിസ്കി കഴിഞ്ഞാല്‍ കാനഡയില്‍ ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ മദ്യമാണ് വോഡ്കയെന്നിരിക്കെയാണ് പ്രവശ്യകളില്‍ നിരോധത്തിന് തുല്യമായ സാഹചര്യമുണ്ടാകുന്നത്.
യുക്രൈന് ജനതയ്ക്കൊപ്പം നിലകൊള്ളുകയാണെന്ന് വോഡ്ക വിലക്ക് പ്രഖ്യാപിച്ച് കൊണ്ട് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഒന്റാരിയോ പ്രവശ്യയുടെ ധനമന്ത്രി പീറ്റര്‍ ബെത്ലെന്‍ഫാല്‍വി പറഞ്ഞു. കാനഡയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റീട്ടെയില്‍ മദ്യവില്പന കുത്തകകളാണ് വോഡ്ക അടക്കമുള്ള റഷ്യന്‍ ഉല്പന്നങ്ങള് വില്‍ക്കുന്നത് നിര്‍ത്തിവച്ചത്. ഇനിമുതല്‍ റഷ്യന്‍ നിര്‍മ്മിത ലഹരിപാനീയങ്ങളും വോഡ്കയും തങ്ങളുടെ സ്റ്റോറുകളിലൂടെ വില്‍ക്കില്ലെന്ന് മിഷിഗണിലെ മദ്യവിതരണക്കാര്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ തീരുമാനം പരസ്യപ്പെടുത്തുകയും ചെയ്തു. സ്റ്റോറുകളില്‍ നിന്ന് നീക്കം ചെയ്ത റഷ്യന്‍ ബ്രാന്‍ഡുകളുടെ ചിത്രങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.