LATESTWORLD

ഇന്തോനേഷ്യന്‍ ജയിലില്‍ വന്‍ തീപിടിത്തം; 41 തടവുകാര്‍ മരിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ജയിലിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 41 തടവുകാര്‍ മരിച്ചു. നിരവധിയാളുകള്‍ക്ക് പൊള്ളലേറ്റിട്ടുമുണ്ട്. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയ്ക്ക് സമീപത്തെ തന്‍ജെറാങ് ജയിലിലാണ് അപകടമുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ 3 മണിയോടെയായിരുന്നു സംഭവം. തടവുകാരെല്ലാം ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു ദുരന്തമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തത്.
തടവുകാര്‍ ഉറക്കത്തിലായിരുന്നതാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. ഒരു ബ്ലോക്കില്‍ നിന്ന് വലിയ രീതിയില്‍ തീ ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മയക്കുമരുന്ന് കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരെ പാര്‍പ്പിച്ചിരിക്കുന്ന ബ്ലോക്കാണ് ഇത്. അഗ്‌നിശമന സേനയെത്തിയാണ് തീ അണച്ചത്.
തീ പടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ’41 തടവുകാര്‍ മരിച്ചു, 8 പേരുടെ നില ഗുരുതരമാണ്. മറ്റ് 72 പേര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്’ ജക്കാര്‍ത്ത പോലീസ് ചീഫ് ഫാദില്‍ ഇമ്രാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം അധികൃതര്‍ അന്വേഷിച്ച് വരികയാണ്.
‘ഞാന്‍ സംഭവസ്ഥലം പരിശോധിച്ചു. പ്രാഥമിക നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍, ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തം ഉണ്ടായതെന്ന് സംശയിക്കുന്നു,’ ഇമ്രാന്‍ പറഞ്ഞു.
ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും കൂടുതല്‍ തടവുകാരെയാണ് ഈ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തീപിടിത്തം ഉണ്ടായ ബ്ലോക്കില്‍ 40 പേരെയാണ് ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്. പക്ഷേ 120 പേര്‍ ഇവിടെ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇന്തോനേഷ്യയിലെ ജയിലുകളിലെല്ലാം പാര്‍പ്പിക്കാന്‍ കഴിയുന്നതിലും കൂടുതല്‍ ആളുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker