BREAKINGINTERNATIONALNATIONAL

ഇന്ത്യക്കാരിയായ യൂട്യൂബര്‍ക്ക് വന്‍വിമര്‍ശനം, ചൈനയില്‍ ചെന്ന് അവരുടെ രാജ്യത്തെയും ജനങ്ങളെയും അവഹേളിച്ചു

ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്ററായ ജസ്പ്രീത് കൗര്‍ ദ്യോറ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ചൈനയിലേക്ക് ഒരു യാത്ര പോയത്. എന്നാല്‍, അടുത്തിടെ അവള്‍ അവിടെ നിന്നും പകര്‍ത്തിയ ചില ദൃശ്യങ്ങള്‍ വൈറലാവുകയും വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് പാത്രമാവുകയും ചെയ്തു. ഒരു പ്രത്യേക വീഡിയോയില്‍, ചൈനയിലെ ജനങ്ങളെ കുറിച്ച് ജസ്പ്രീത് നിന്ദ്യമായ പരാമര്‍ശങ്ങള്‍ നടത്തിയതാണ് നെറ്റിസണ്‍സില്‍ നിന്നും വിമര്‍ശനങ്ങളേറ്റു വാങ്ങാന്‍ കാരണമായത്.
അവിടുത്തെ ആളുകളോടുള്ള അനാദരവ് പ്രകടിപ്പിക്കുന്നതും തികച്ചും വംശീയവുമാണ് അവളുടെ പരാമര്‍ശങ്ങള്‍ എന്നാണ് പ്രധാനമായും വിമര്‍ശനങ്ങളുയര്‍ന്നത്. വീഡിയോയില്‍ ഇന്ത്യന്‍ യൂട്യൂബറായ ജസ്പ്രീത് ചൈനയിലെ വിവിധ തെരുവുകളിലൂടെ നടക്കുന്നതും ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതും കാണാം. വീഡിയോ തുടങ്ങുന്നത് തന്നെ അത്തരമൊരു പരാമര്‍ശത്തിലൂടെയാണ്. നിങ്ങള്‍ ലോകത്തിന് കൊറോണ നല്‍കിയതുപോലെ നിങ്ങള്‍ക്ക് തിരിച്ച് ഞാനൊരു ആഘാതം തരട്ടെ എന്നാണ് അവളുടെ പരാമര്‍ശം.
മുഴുവന്‍ വീഡിയോയിലും ഹിന്ദി ഭാഷയിലാണ് അവിടുത്തെ ജനങ്ങളെ ആക്ഷേപിക്കുന്ന തരത്തില്‍ അവള്‍ സംസാരിക്കുന്നത്. അവിടുത്തെ ജനങ്ങള്‍ക്ക് താന്‍ പറയുന്നത് എന്താണ് എന്ന് മനസിലാക്കാന്‍ സാധിക്കില്ല എന്ന ധൈര്യത്തിലാണ് അവള്‍ ഇതെല്ലാം പറയുന്നത്. പിന്നീട്, അവള്‍ ഒരു ആഹാര വില്‍പ്പനക്കാരന്റെ അടുത്തെത്തുന്നുണ്ട്. ഇത് എന്ത് മൃഗത്തിനെയാണ് കൊല്ലുന്നത് എന്ന് ചോദിക്കുന്നതും കേള്‍ക്കാം. പിന്നീട്, ഒരു പാലത്തില്‍ കയറുമ്പോള്‍ ഇത് തകര്‍ന്ന് വീഴില്ലല്ലോ, ഇത് ചൈനയുടേതായതു കൊണ്ടാണ് ചോദിക്കുന്നത്. സുരക്ഷയെ കുറിച്ച് കരുതല്‍ വേണമല്ലോ, അതുകൊണ്ടാണ് ആദ്യം ചോദിക്കാം എന്ന് കരുതിയത് എന്നും അവള്‍ പറയുന്നു.
ഇത്തരത്തിലുള്ള, ആ നാടിനേയും നാട്ടുകാരേയും അവഹേളിക്കുന്ന തരത്തിലുള്ള അനേകം ചോദ്യങ്ങളും പരാമര്‍ശങ്ങളും അവള്‍ നടത്തുന്നുണ്ട്. വളരെ വലിയ രോഷമാണ് യുവതിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഒരു രാജ്യത്ത് പോയാല്‍ ആ രാജ്യത്തെയും അവിടുത്തെ മനുഷ്യരേയും ബഹുമാനിക്കാന്‍ പഠിക്കണം എന്നാണ് മിക്കവരും പറഞ്ഞത്.

Related Articles

Back to top button