BREAKING NEWSLATESTNATIONAL

ഇന്ത്യന്‍ ഫൊട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു

കാണ്ഡഹാര്‍: പ്രശസ്ത ഇന്ത്യന്‍ ഫൊട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ മേഖലയില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സിന്റെ ഫൊട്ടോ ജേണലിസ്റ്റായ ഡാനിഷ് പുലിസ്റ്റര്‍ പുരസ്‌കാര ജേതാവാണ്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ദുരിതം പകര്‍ത്തിയതിനാണ് 2018ല്‍ പുലിസ്റ്റര്‍ പുരസ്‌കാരം ലഭിച്ചത്.
കാണ്ഡഹാര്‍ പ്രവിശ്യയിലെ സ്പിന്‍ ബോല്‍ഡാക് ജില്ലയിലാണ് സിദ്ദിഖിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് അഫ്ഗാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. താലിബാനെതിരെ ഒറ്റയ്ക്ക് പോരാട്ടം നയിച്ച അഫ്ഗാന്‍ പൊലീസ് ഓഫിസറെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അഫ്ഗാന്‍ പ്രത്യേക സേനയുടെ ദൗത്യത്തെ കുറിച്ച് കഴിഞ്ഞ ദിവസം ഡാനിഷ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അഫ്ഗാന്‍ സേനയുടെ വാഹനങ്ങളെ താലിബാന്‍ റോക്കറ്റുകള്‍ ലക്ഷ്യം വയ്ക്കുന്നതിന്റെ ഗ്രാഫിക് ചിത്രങ്ങള്‍ അടങ്ങിയ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് മൂന്നു ദിവസം മുന്‍പാണ് പുറത്തുവന്നത്.
2015ലെ നേപ്പാള്‍ ഭൂകമ്പം, റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ദുരിതം, ഡല്‍ഹിയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം, ഇന്ത്യയിലെ കോവിഡ് ദുരന്തം എന്നിവയുമായി ബന്ധപ്പെട്ട് സിദ്ദിഖ് പകര്‍ത്തിയ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെ ശ്മശാനങ്ങളില്‍ കൂട്ടത്തോടെ കത്തിക്കുന്ന സിദ്ദിഖിയുടെ ഡ്രോണ്‍ ചിത്രവും അടുത്തിടെ ഏറെ ചര്‍ച്ചയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker