BREAKING NEWSWORLD

ഇന്ത്യന്‍ വിഭവങ്ങള്‍ ഗംഭീരം… പക്ഷേ പാചകം ഇത്തിരി കട്ടിയാണെന്ന് പഠന റിപ്പോര്‍ട്ട്

പഠിക്കാന്‍ ഏറ്റവും ബുദ്ധിമുട്ട് ഇന്ത്യന്‍ പാചകരീതിയെന്ന് ബ്രിട്ടീഷുകാരുടെ കണ്ടെത്തല്‍. യുണൈറ്റഡ് കിംഗ്ഡത്തിലെ പ്രശസ്തമായ ടാബ്ലോയിഡ് ദി മിററില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തയ്യാറാക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭക്ഷണം ഇന്ത്യന്‍ വിഭവങ്ങളാണെന്നാണ് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ചൈനീസ്, ഇറ്റാലിയന്‍ വിഭവങ്ങളാണ് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടിന്റെ കാര്യത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
ലണ്ടന്‍ ആസ്ഥാനമായുള്ള ടില്‍ഡ പബ്ലിഷിംഗ് നടത്തിയ പഠനത്തില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. ലോക്ക്ഡൗണ്‍ സമയത്ത് മിക്ക ബ്രിട്ടീഷ് പൗരന്മാരും ആഗോള പാചകരീതികള്‍ പരീക്ഷിക്കുമായിരുന്നുവെന്നും കണ്ടെത്തി. ഇത് അവരുടെ പാചക പരീക്ഷണങ്ങളെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 39% പേര്‍ തങ്ങള്‍ ഇന്ത്യന്‍ വിഭവങ്ങള്‍ വീട്ടില്‍ തന്നെ പാചകം ചെയ്യാന്‍ ശ്രമിച്ചുവെന്ന് അഭിപ്രായപ്പെട്ടു. പക്ഷേ, അരി വയ്ക്കാനാണ് പലരും ബുദ്ധിമുട്ടിയത്. അരി പാകം ചെയ്യുമ്പോള്‍ പറ്റുന്ന പ്രധാന അബദ്ധങ്ങള്‍ പാത്രത്തിന്റെ അടിയില്‍ പിടിക്കുക, ശരിയായ പാകത്തില്‍ വേവാതിരിക്കുക തുടങ്ങിയവയാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച്, പ്രധാനമായും 18 – 34 വയസിന് ഇടയിലുള്ള ചെറുപ്പക്കാരാണ് ചോറ് പാകം ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടിയത്. മൊത്തം ഇരുപത് വിഭവങ്ങളാണ് ഉണ്ടാക്കാന്‍ ‘ഏറ്റവും ബുദ്ധിമുട്ടുള്ള’ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ ഭക്ഷണവിഭവങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജര്‍മ്മന്‍ വിഭവങ്ങള്‍ ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി.
ഇന്ത്യന്‍ വിഭവങ്ങള്‍ തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ മസാലക്കൂട്ടിന്റെയും അളവ്, പാചകം ചെയ്യുന്ന വിഭവത്തിന്റെ മൊത്തം രുചിയെ തന്നെ മാറ്റിമറിക്കാന്‍ കഴിയുന്നതാണ്. ഒരേ വിഭവം തന്നെ വ്യത്യസ്ത രീതികളില്‍ തയ്യാറാക്കാന്‍ കഴിയും എന്നതാണ് ഇന്ത്യന്‍ വിഭവങ്ങളുടെ മറ്റൊരു സവിശേഷത. കുടുംബം, പ്രദേശം തുടങ്ങി രുചിയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.
വ്യത്യസ്തമായ ധാരാളം വിഭവങ്ങളുള്ള ഇന്ത്യയില്‍ എല്ലാത്തരം വിഭവങ്ങള്‍ക്കുമായി ഒറ്റ മെഷീന്‍ എന്നത് ഏറെക്കുറെ അസാധ്യമാണ്. ചപ്പാത്തി മെയ്ക്കര്‍ പോലെ ഓരോ വിഭവങ്ങള്‍ക്കുമായുള്ള പ്രത്യേകം മെഷീനുകള്‍ ലഭ്യമാണ്. ഓരോ ഭക്ഷണവും പാകം ചെയ്യുന്ന രീതിയും എറെ സങ്കീര്‍ണമാണ് എന്നതാണ് ഇതിന് കാരണം. തീ കുറച്ചും കൂട്ടിയും വേവ് കണക്കാക്കിയുമെല്ലാം വേണം ഓരോ വിഭവങ്ങളും തയ്യാറാക്കാന്‍. ഈ കാരണങ്ങള്‍ കൊണ്ട് എല്ലാം തന്നെ ഇന്ത്യന്‍ വിഭവങ്ങള്‍ തയ്യാറാക്കുന്ന ഒരു മെഷീന്‍ എന്ന സങ്കല്‍പ്പം അസാധ്യമാണ് എന്നാണ് എല്ലാവരും കരുതിയിരുന്നത്.
ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂഫോട്ടിക്ക് ലാബ് എന്ന സ്റ്റാര്‍ട്ടപ്പ് ഇന്ത്യന്‍ വിഭവങ്ങള്‍ തയ്യാറാക്കുന്ന ‘നോഷ്’ എന്ന ഒരു റോബോര്‍ട്ടിനെ തയ്യാറാക്കിയത് അടുത്തിടെ വാ!ര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker