പശ്ചിമബംഗാളിന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തനായ മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ വിടവാങ്ങുകയാണ്. വംഗനാട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പേരായിരുന്നു ബുദ്ധദേവിന്റെത്. അവസാനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിന്റെ ഉത്തരവാദിത്വവും പേറി അധികാരം നഷ്ടപ്പെട്ട് പുറത്തുപോയപ്പോഴും പാര്‍ട്ടി ബുദ്ധദേവിനെ തള്ളിപ്പറഞ്ഞില്ല. അഴിമതിയാരോപണങ്ങളൊന്നും കേള്‍പ്പിക്കാതെ, ഒരിക്കലും കമ്മ്യൂണിസ്റ്റ് ജീവിത രീതി കൈവിടാതെ പാര്‍ട്ടി തിരിച്ചുവരും എന്ന പ്രതീക്ഷയോടെ തന്നെയാണ് അവസാനം വരെയും അദ്ദേഹം ജീവിച്ചത്.
ഒരു യാഥാസ്ഥിതിക ബംഗാളി കുടുംബത്തിലാണ് ബുദ്ധദേവ് ഭട്ടാചാര്യയുടെ ജനനം. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജില്‍ നിന്ന് ബംഗാളി സാഹിത്യത്തില്‍ ബിരുദം നേടിയ അദ്ദേഹം 1966ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാവുന്നത്. ഡി.വൈ.എഫ്.ഐയിലൂടെ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം പിന്നിട് കേന്ദ്ര കമ്മറ്റി അംഗമായും പൊളിറ്റ്ബ്യൂറോ അംഗമായും വളര്‍ന്നു. ജ്യോതിബസു സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി. പത്ത് വര്‍ഷമാണ് ബുദ്ധദേവ് റൈറ്റേഴ്സ് കെട്ടിടത്തില്‍ ഇരുന്ന് പശ്ചിമ ബംഗാള്‍ ഭരിച്ചത്. ബംഗാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറെ നിര്‍ണായകമായിരുന്നു ഈ പത്ത് വര്‍ഷങ്ങള്‍. ജ്യോതിബസു എന്ന ഐതിഹാസിക നേതാവ് അധികാരം വിട്ടൊഴിഞ്ഞപ്പോള്‍ പുതിയ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ സി.പി.എം നേതൃത്വത്തിന് കാര്യമായ അഭിപ്രായ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. അത്രത്തോളം ജനകീയനായി ബംഗാള്‍ പാര്‍ട്ടിയിലെ രണ്ടാമനായി ബുദ്ധദേവ് അപ്പോഴേക്കും വളര്‍ന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബുദ്ധദേവെത്തുമ്പോഴേക്ക് ബംഗാളിലെ കമ്മ്യൂണിസ്റ്റ് ഭരണം ഇരുപത്തി മൂന്നര വര്‍ഷം പിന്നിട്ടിരുന്നു.
ബംഗാളിന്റെ ജ്യോതിബാബുവിന്റെ പ്രിയപ്പെട്ടവനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പാതയില്‍ തന്നെ ഭരണം കൊണ്ടുപോകാനായിരുന്നില്ല ബുദ്ധദേവ് ശ്രമിച്ചത്. വന്‍കിട വ്യവസായങ്ങളോടുള്ള പാര്‍ട്ടിയുടെ നയം അപ്പാടെ മാറ്റി സംസ്ഥാനത്ത് വികസനം കൊണ്ടുവരാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. സ്വകാര്യമൂലധന നിക്ഷേപത്തിലൂടെ സംസ്ഥാനത്തെ ഉയര്‍ച്ചയിലേക്ക് നയിക്കാനായിരുന്നു തീരുമാനം. അതിലൂടെ വികസനരാഹിത്യവും തൊഴിലില്ലായ്മയും ഇല്ലാതാക്കാമെന്ന് അദ്ദേഹം കരുതി. ടാറ്റയ്ക്ക് കൃഷിഭൂമി തീറെഴുതിയെന്ന ആരോപണം പ്രതിപക്ഷം ആളിക്കത്തിച്ചു. കര്‍ഷകപ്രക്ഷോഭം കത്തിപ്പടര്‍ന്നു. എന്നാല്‍ ബംഗാളിലെ പാര്‍ട്ടിയുടെ അടിവേരറുക്കുന്നതിലേക്കായിരുന്നു ആ നയങ്ങള്‍ അദ്ദേഹത്തെ കൊണ്ടെത്തിച്ചത്.
ബുദ്ധദേവ് ഭരണത്തിന്റ ആദ്യത്തെ അഞ്ച് വര്‍ഷങ്ങള്‍ നേട്ടങ്ങളുടേതായിരുന്നു. വികസനപദ്ധതികള്‍ അദ്ദേഹത്തിന്റെ ജനസമ്മിതി വര്‍ധിപ്പിച്ചു. ആ സമയത്ത് വ്യവസായി അസിം പ്രേംജിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചിരുന്നു. 2006ല്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചെത്തി. അതോടെ സംസ്ഥാനത്ത് വ്യാവസായിക വിപ്ലവം നടപ്പാക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എന്നാലിത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ ബുദ്ധദേവും പാര്‍ട്ടിയും പരാജയപ്പെട്ടു. കൃത്യമായ പ്ലാനിങ്ങില്ലാതെ നടപ്പിലാക്കാന്‍ ശ്രമിച്ച വ്യവസായ പദ്ധതികള്‍ അതുപോലെ തിരിച്ചടിച്ചു. പതിറ്റാണ്ടുകള്‍ അധികാരത്തില്‍ തുടര്‍ന്നത് പാര്‍ട്ടിയുടെ ജനകീയതെയും വലിയരീതിയില്‍ ബാധിച്ചിരുന്നു. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നിരന്തരം സമരങ്ങള്‍ തുടര്‍ന്നു. നന്ദീഗ്രാമില്‍ വെടിവെപ്പുണ്ടായതോടെ പാര്‍ട്ടിയുടെ തിരിച്ചടിയാരംഭിച്ചു. മമത എന്ന നേതാവിന്റെ ഉയര്‍ച്ചയും അവിടെ തന്നെയായിരുന്നു.
വ്യവസായവത്കരണത്തിലൂടെ മാത്രമേ ബംഗാളിന് മോചനമുള്ളു എന്ന വിശ്വാസമായിരുന്നു ബുദ്ധദേവിനെ നയിച്ചിരുന്നത്. തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയും അതിനായി ഏതറ്റംവരെയും പോകുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. എന്നാല്‍ ജനകീയമായി ഇത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയാന്‍ സാധിക്കാതെ പോയിടത്തായിരുന്നു ബുദ്ധദേവ് പരാജയപ്പെട്ടത്. ഗ്രാമീണ ജനതയുടെ അസംതൃപ്തി കാണാന്‍ സാധിച്ചില്ല. അധികാരത്തിന്റെ തണലില്‍ പാര്‍ട്ടി സംവിധാനങ്ങള്‍ പൂര്‍ണമായി പരാജയപ്പെട്ടതോടെ സര്‍ക്കാരിനെ ജനങ്ങള്‍ കൈവിട്ടുതുടങ്ങി. എതിരാളികളുയര്‍ന്നുവരുന്നതും പാര്‍ട്ടിയുടെ ജനകീയത ഇല്ലാതാവുന്നതും കാണാനും പരിഹരിക്കാനും അദ്ദേഹത്തിന് സാധിച്ചില്ല. വികസന പദ്ധതികള്‍ക്കായുള്ള സര്‍ക്കാരിന്റെ കൈവിട്ട കളികള്‍ ജനങ്ങളുടെ ജീവനെടുത്തപ്പോഴും പിന്‍വാങ്ങാന്‍ തയ്യാറായില്ല. നന്ദിഗ്രാമം വെടിവെപ്പിനെ കുറിച്ചുള്ള ബുദ്ധദേവിന്റെ പ്രതികരണവും ജനങ്ങളില്‍ കടുത്ത പ്രതിഷേധം ആളിക്കത്തിച്ചു. 2011ലെ തിരഞ്ഞെടുപ്പില്‍ വീശിയടിച്ച തൃണമൂല്‍ തരംഗത്തില്‍ വെറും നാല്‍പ്പത് സീറ്റാണ് സി.പി.എമ്മിന് ലഭിച്ചത്. ജാദവ്പൂരില്‍ പതിനാറായിരം വോട്ടിന് ബുദ്ധദേവ് തോറ്റത് എതിരാളികളെ പോലും ഞെട്ടിച്ചു.
മുഖ്യമന്ത്രിയായിരിക്കുമ്പോഴും പാര്‍ട്ടി നല്‍കിയ രണ്ടുമുറി ഫ്ളാറ്റിലായിരുന്നു അദ്ദേഹത്തിന്റെ താമസം. കൊല്‍ക്കത്തയിലെ സാംസ്‌കാരിക പരിപാടികളില്‍ അധികാരത്തിന്റെ ജാടകളില്ലാതെ എത്തിയിരുന്ന ബുദ്ധദേവ് ഒരിക്കലും തന്റെ കമ്മ്യൂണിസ്റ്റ് ജീവിതരീതികള്‍ കൈവിട്ടിരുന്നില്ല. അധികാരം നഷ്ടപ്പെട്ട ശേഷവും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനവുമായി ജനങ്ങളിലേക്കിറങ്ങി. അപ്പോഴേക്കും ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പതിയെ ഇല്ലാതായിത്തുടങ്ങിയിരുന്നു. ഇതിലെ നിരാശയും കടുത്ത ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തെ പൊതുപ്രവര്‍ത്തനത്തില്‍ നിന്നകറ്റി. അവസാനകാലത്ത് ജനങ്ങളില്‍ നിന്നകന്ന് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നകന്ന് വിശ്രമജീവിതത്തിലായിരുന്നു ബംഗാളിന്റെ ബുദ്ധബാബു.
73 2 minutes read