BREAKING NEWSLATESTNATIONAL

ഇന്ത്യയിലെ കോവിഡ് വ്യാപനം കുറഞ്ഞു വരുന്നതായി ഗവേഷകര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ന്യൂ കേംബ്രിഡ്ജ് സ്‌കൂള്‍ ട്രാക്കര്‍. കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്‌കൂളിലെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ചിലേയും ഗവേഷകര്‍ ചേര്‍ന്നാണ് പുതിയ ട്രാക്കര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം രാജ്യത്തെ ആരോഗ്യമേഖലയെ പിടിച്ചുലയ്ക്കുകയും ഓക്‌സിജന്‍ ലഭിക്കാതെ നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതിന് പിറകേയാണ് വലിയ ആശ്വാസമേകുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ഒരാഴ്ചയായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാലുലക്ഷത്തില്‍ താഴെയാണ്. രാജ്യത്ത് കോവിഡ് കേസുകളുടെ വര്‍ധനവ് അതിന്റെ പാരമ്യത്തിലെത്തിയെന്നും ഇപ്പോള്‍ അത് വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയുമാണെന്നാണ് ഗവേഷകരുടെ നിഗമനം. എന്നാല്‍ ചില സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും കാര്യത്തില്‍ നേരിയ വ്യത്യാസമുണ്ട്. അസം, ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട്, ത്രിപുര എന്നിവിടങ്ങളില്‍ അടുത്ത രണ്ടാഴ്ച കൂടി കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കള്‍ ഉള്‍പ്പടെയുളള വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലുമാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്.
അതേസമയം, രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം കുറഞ്ഞ് ഏകനിരക്കിലേക്കെത്തിയെങ്കിലും അതില്‍നിന്ന് കുറവുണ്ടാകുന്നത് ആദ്യതരംഗത്തെ അപേക്ഷിച്ച് ദൈര്‍ഘ്യമേറിയതായിരിക്കുമെന്നാണ് പ്രമുഖ വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ പറയുന്നത്. ‘പ്രതിദിനകോവിഡ് കേസുകളുടെ എണ്ണം ഏകനിരക്കിലേക്ക് എത്തിയിട്ടുണ്ടാകാം. എന്നാല്‍ അത് പെട്ടെന്ന് കുറയുമെന്ന് കരുതാനാവില്ല.’ വൈറസ് വകഭേദം രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടാകാമെങ്കിലും ജനിതകവ്യതിയാനം സംഭവിച്ച ഈ വൈറസുകള്‍ കൂടുതല്‍ മാരകമാണെന്നത് സംബന്ധിച്ച വ്യക്തമായ സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനും ത്വരിതപ്പെടുന്നതിനും നിരവധി ഘടകങ്ങളുളളതായി സമീപകാലത്ത് നടത്തിയ പഠനത്തില്‍ ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടിയിരുന്നു. ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ വ്യാപനം വര്‍ധിപ്പിച്ചപ്പോള്‍ മതപരവും രാഷ്ടീയവുമായ ഒത്തുചേരല്‍ പരസ്പരം ഇടപഴകുന്നതിനും പൊതുജനാരോഗ്യപരിപാലനത്തില്‍ വീഴ്ചവരുത്തുന്നതിനും വൈറസ് വ്യാപനം ത്വരിതപ്പെടുത്തുന്നിനും കാരണമായതായി ലോകാരോഗ്യ സംഘടന വിലയിരുത്തിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker