BREAKINGHEALTHNATIONAL

ഇന്ത്യയില്‍ ഒമ്പതിലൊരാള്‍ക്ക് അര്‍ബുദ സാധ്യത, മിക്കതും നേരത്തേ കണ്ടെത്തിയാല്‍ ഭേദമാക്കാവുന്നവ

ഇന്ത്യയില്‍ ഒമ്പതുപേരില്‍ ഒരാള്‍ക്ക് കാന്‍സര്‍സാധ്യതയുണ്ടെന്നും മിക്ക കാന്‍സറുകളും നേരത്തേ കണ്ടെത്തിയാല്‍ ഭേദമാക്കാവുന്നതാണെന്നും വിദഗ്ധര്‍. രാജ്യത്ത് കാന്‍സര്‍ നിരക്കുകളില്‍ വന്‍വര്‍ധനവാണുള്ളത്. അപ്പോളോ ആശുപത്രിയുടെ ഹെല്‍ത്ത് ഓഫ് നേഷന്‍ റിപ്പോര്‍ട്ട് പ്രകാരം കാന്‍സറിന്റെ തലസ്ഥാനമാണ് ഇന്ത്യ.
വാര്‍ഷികതലത്തില്‍ കാന്‍സര്‍രോഗികളുടെ നിരക്കില്‍ വന്‍വര്‍ധനവാണുള്ളതെന്ന് രാജീവ്ഗാന്ധി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്&റിസര്‍ച്ച് സെന്ററിലെ ഡോ.ഇന്ദു അഗര്‍വാള്‍ ഐ.എ.എന്‍.എസിനോട് പറഞ്ഞു. രോഗികളുടെ നിരക്ക് കൂടുന്നതില്‍ പ്രധാനപങ്ക് പുകയിലയ്ക്കാണെന്നും ഡോ.ഇന്ദു പറഞ്ഞു. പ്രായപൂര്‍ത്തിയായ 267മില്യണ്‍ ആളുകള്‍ പുകയില ഉപയോഗിക്കുന്നവരാണ്. ഇത് വായയിലെയും ശ്വാസകോശത്തിലെയും കാന്‍സറുകള്‍ക്കുള്ള സാധ്യത കൂട്ടുന്നു. അനാരോഗ്യകരമായ ഭക്ഷണരീതിയും ഉദാസീനമായ ജീവിതശൈലിയും കോളറെക്റ്റല്‍ കാന്‍സര്‍, ബ്രെസ്റ്റ് കാന്‍സര്‍, പാന്‍ക്രിയാറ്റിക് കാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു.
ആയുര്‍ദൈര്‍ഘ്യം കൂടുന്നതും വയോധികരുടെ എണ്ണംകൂടുന്നതും കാന്‍സര്‍ നിരക്കുകളുടെ വര്‍ധനവിന് കാരണമാകുന്നുവെന്ന് ഡോ.ഇന്ദു വ്യക്തമാക്കി. എച്ച്.പി.വി. വൈറസ്, ഹെപ്പറ്റൈറ്റിസ് ബി,സി വൈറസുകള്‍ തുടങ്ങിയവ മൂലം സെര്‍വിക്കല്‍ കാന്‍സറുകളും കരള്‍ കാന്‍സറുകളും വര്‍ധിക്കുന്നതാണ് ഈ വിഭാഗത്തില്‍ കാണുന്നത്. അതിനാല്‍ എച്ച്.പി.വി. വാക്‌സിന്‍, ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ തുടങ്ങിയവയേക്കുറിച്ചുള്ള അവബോധം പങ്കുവെക്കേണ്ടത് പ്രധാനമാണെന്നും അവര്‍ പറഞ്ഞു.
കാന്‍സര്‍ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയും സ്‌ക്രീനിങ് പ്രോഗ്രാമുകള്‍ തുടങ്ങുകയും കാന്‍സര്‍ ഗവേഷണരംഗം വിപുലമാക്കുകയും ചെയ്യുന്നതിലൂടെ രോഗപ്രതിരോധത്തിന് തടയിടാനാകുമെന്നും ഡോ.ഇന്ദു പറഞ്ഞു.
ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ 40 ശതമാനം അര്‍ബുദങ്ങളെയും പ്രതിരോധിക്കാമെന്ന് അടുത്തിടെ ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം നിലനിര്‍ത്തുക, ഭക്ഷണരീതി ആരോഗ്യകരമാക്കുക, വ്യായാമങ്ങളില്‍ ഏര്‍പ്പെടുക, മദ്യപാനം നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ കാന്‍സര്‍ സ്ഥിരീകരണ നിരക്കും മരണങ്ങളും പ്രതിരോധിക്കാനാവുമെന്നാണ് പഠനത്തില്‍ പറഞ്ഞത്.
2050 ആകുമ്പോഴേക്കും കാന്‍സര്‍ രോഗികളുടെ കുത്തനെ ഉയരുമെന്നും 35ദശലക്ഷം പുതിയ രോഗികളുണ്ടാകുമെന്നും അടുത്തിടെ ലോകാരോഗ്യസംഘടന പുറത്തുവിട്ട മറ്റൊരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ലോകാരോഗ്യസംഘടനയുടെ ഭാഗമായ ഐ.എ.ആര്‍.സി. ) നടത്തിയ ഗവേഷണത്തിലാണ് ഇതേക്കുറിച്ച് കണ്ടെത്തിയത്.

Related Articles

Back to top button