BREAKING NEWSNATIONAL

ഇന്ത്യയ്ക്ക് ഭീഷണിയായി ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നാലു ഗ്രാമങ്ങള്‍കൂടി പണിത് ചൈന

ന്യൂഡല്‍ഹി: ഇന്ത്യക്ക് ഭീഷണിയായി ഭൂട്ടാന്‍ അതിര്‍ത്തിയില്‍ ചൈന നാലു ഗ്രാമങ്ങള്‍കൂടി പണിതതായി ഉപഗ്രഹദൃശ്യങ്ങള്‍. ആഗോള ഗവേഷണ സ്ഥാപനമായ ഇന്റല്‍ ലാബിലെ പ്രതിരോധ വിദഗ്ധന്‍ ഡി ആടിസ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
2017ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ 74 ദിവസംനീണ്ട സംഘര്‍ഷം നടന്ന ത്രിരാഷ്ട്ര അതിര്‍ത്തി സംഗമസ്ഥലമായ ഡോക്‌ലാമിനോടു ചേര്‍ന്ന് ഒരു വര്‍ഷത്തിനുള്ളിലാണ് പുതിയ ഗ്രാമങ്ങള്‍ പണിതതെന്ന് ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു. 24,700 ഏക്കറോളം വിസ്തൃതിയിലാണ് ഗ്രാമങ്ങള്‍. അരുണാചല്‍പ്രദേശ് അതിര്‍ത്തിയില്‍ ചൈന രണ്ടാംഗ്രാമം പണിതതായും ഉപഗ്രഹദൃശ്യങ്ങള്‍ പുറത്തുവന്നു. ആദ്യം നിര്‍മിച്ച ഗ്രാമത്തിന്റെ 93 കിലോമീറ്റര്‍ കിഴക്കുമാറിയാണ് ഇപ്പോഴത്തെ നിര്‍മാണം.
അരുണാചല്‍പ്രദേശ് അതിര്‍ത്തിയില്‍ ചൈന ഗ്രാമം പണിതതായി ആദ്യം അമേരിക്കയുടെ പ്രതിരോധ വകുപ്പായ പെന്റഗണിന്റെ വാര്‍ഷിക റിപ്പോര്‍ട്ടാണ് വെളിപ്പെടുത്തിയത്. 1959ല്‍ ചൈന പിടിച്ചെടുത്ത പ്രദേശത്താണ് ഈ ഗ്രാമമെന്ന് ഇന്ത്യയും പ്രതികരിച്ചിരുന്നു. രണ്ടാമത്തെ ഗ്രാമം യഥാര്‍ഥ നിയന്ത്രണരേഖയ്ക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കും ഇടയിലുള്ള മേഖലയില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഏകദേശം ആറുകിലോമീറ്റര്‍ അകലെയാണ്. ഇന്ത്യ എല്ലായ്‌പ്പോഴും തങ്ങളുടെ സ്വന്തം പ്രദേശമാണെന്ന് അവകാശപ്പെടുന്ന സ്ഥലമാണിത്. അറുപതോളം കെട്ടിടങ്ങളാണിവിടെ നിര്‍മിച്ചിട്ടുള്ളത്. ഇത് 2019ല്‍ ഉണ്ടായിരുന്നില്ലെന്നും ഉപഗ്രഹദൃശ്യങ്ങളില്‍ വ്യക്തമാവുന്നു.
‘ഭൂട്ടാനും ചൈനയും തമ്മില്‍ തര്‍ക്കമുള്ള ഡോക്‌ലാമിനടുത്ത പ്രദേശത്ത് 2020-21 കാലഘട്ടത്തിലാണ് നിര്‍മാണപ്രവര്‍ത്തനം നടന്നത്. ഏകദേശം 100 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഒന്നിലധികം പുതിയ ഗ്രാമങ്ങള്‍ ഇപ്പോള്‍ ഇവിടെ വ്യാപിച്ചുകിടക്കുന്നു. ഇത് ഭൂട്ടാനും ചൈനയും തമ്മിലുണ്ടാക്കിയ പുതിയ കരാറിന്റെ ഭാഗമോ അതോ ചൈനയുടെ പ്രാദേശിക അവകാശവാദങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമോ’ ഉപഗ്രഹചിത്രങ്ങള്‍ പങ്കുവെച്ച് പ്രതിരോധവിദഗ്ധന്‍ ട്വിറ്ററില്‍ കുറിച്ചു.
കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 14ാം വട്ട കോര്‍ കമാന്‍ഡര്‍ ചര്‍ച്ച ഉടന്‍ നടത്താന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചു. നിലവിലുള്ള ഉഭയകക്ഷി ധാരണകളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് വിദേശ കാര്യമന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 10ന് ചേര്‍ന്ന 13ാം വട്ട കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച പുരോഗതിയില്ലാതെ പിരിഞ്ഞിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker