BREAKING NEWSNATIONALNEWS

ഇന്ത്യ- ചൈന തര്‍ക്കം; പ്രധാനമന്ത്രി മോദി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് മന്‍മോഹന്‍ സിങ്

ഇന്ത്യ- ചൈന തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എപ്പോഴും രാജ്യതാല്പര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കണമെന്നും തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് നയതന്ത്രത്തിന് പകരമാകില്ലെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് മന്‍മോഹന്‍ സിങ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ചൈനയുടെ ഭീഷണിക്ക് മുന്നില്‍ കീഴടങ്ങരുത്. നിലവിലെ പ്രതിസന്ധി വലുതാക്കരുതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച കേണല്‍ ബി സന്തോഷ് ബാബുവിനും മറ്റു ജവാന്മാര്‍ക്കും നീതി ഉറപ്പാക്കുന്നതിന് വേണ്ടി പ്രധാനമന്ത്രിയും സര്‍ക്കാരും ഉയര്‍ന്ന് പ്രവര്‍ത്തിക്കണം.

പ്രധാനമന്ത്രിയുടെ വാക്കുകളെടുത്ത് ചൈനയെ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ അനുവദിക്കരുതെന്നും അതിര്‍ത്തിയില്‍ വിട്ടുവീഴ്ചയുണ്ടാകരുതെന്നും മന്‍മോഹന്‍ സിംങ് പറഞ്ഞു. സര്‍ക്കാര്‍ മന്ത്രാലയങ്ങളെല്ലാം തന്നെ ഈ വിഷയം ഒരേ രീതിയില്‍ കൈകാര്യം ചെയ്യണം. പലരീതിയില്‍ സംസാരിക്കുന്നത് രാജതാല്‍പര്യത്തിന് ചേര്‍ന്നതല്ലെന്നും മന്‍മോഹന്‍സിങ് മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയുടെ പ്രദേശത്ത് പുറത്തുനിന്നാരും കടന്നുകയറിയില്ലെന്നും ഇന്ത്യന്‍ പോസ്റ്റ് ആരും പിടിച്ചെടുത്തില്ലെന്നുമുള്ള സര്‍വക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രാഹുല്‍ ഗാന്ധിയും രംഗത്ത് വന്നിരുന്നു.

എന്നാല്‍, മന്‍മോഹന്‍ സിംങിനും രാഹുല്‍ ഗാന്ധിയ്ക്കും മറുപടിയുമായി ബി.ജെ.പി രംഗതെത്തി വിമര്‍ശനം നടത്തുന്നവര്‍ യോഗ്യതയിലെയ്ക്ക് തിരിഞ്ഞ് നോക്കണമെന്നും മന്‍ മോഹന്‍സിങിന്റെ ഭരണകാലത്താണ് എറ്റവും അധികം ഭൂമി ചൈന കൈപിടിയിലാക്കിയതെന്നും അമിത് മാളവിയ പറഞ്ഞു.

Tags

Related Articles

Back to top button
Close
Close