തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും നികുതി സ്വന്തംനിലയ്ക്ക് കുറയ്ക്കാനാവില്ലെന്ന നിലപാടിലുറച്ച് സംസ്ഥാനസര്‍ക്കാര്‍. നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. പ്രക്ഷോഭം ജനകീയസമരമാക്കി വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. സംസ്ഥാനം നികുതി കുറയ്ക്കണമെന്ന് ബി.ജെ.പി.യും ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രം സെസ് കുറച്ചതിന് ആനുപാതികമായി കേരളത്തിലും നികുതി കുറച്ചു. കേന്ദ്രം ഇനിയും കുറച്ചാല്‍ കേരളത്തിലും ആനുപാതികമായി കുറയും. അതിനാല്‍ ഇനിയും നികുതി കുറയ്ക്കാനാവില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന്റെ ആഹ്വാനമനുസരിച്ച് നികുതികുറച്ചത് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. ബി.ജെ.പി.യുടെ മുഖം രക്ഷിക്കാനാണിത്. ആ രാഷ്ട്രീയ തീരുമാനത്തെ പിന്തുണയ്ക്കേണ്ടതില്ലെന്ന സമീപനമാണ് എല്‍.ഡി.എഫ്. സര്‍ക്കാരിന്. ജനങ്ങളെ ഇന്ധനവില വര്‍ധനയുടെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. ജനകീയാവശ്യം പരിഗണിച്ച് നികുതി കുറയ്ക്കാന്‍ സാമ്പത്തിക പ്രതിസന്ധിയും സര്‍ക്കാരിനെ അനുവദിക്കുന്നില്ല. വരുമാനം കുറയുന്നത് ക്ഷേമപദ്ധതികളെ ബാധിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം.
”കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വീതംവെക്കേണ്ടതില്ലാത്ത തരത്തില്‍ 31 രൂപവരെയാണ് കൂട്ടിയത്. അതിന്റെ ഒരംശംമാത്രമാണ് ഇപ്പോള്‍ കേന്ദ്രം കുറച്ചത്. അസാധാരണ സാഹചര്യങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട സെസ് വഴിയാണ് വില ഉയര്‍ത്തിയത്. അത് മുഴുവന്‍ പിന്‍വലിക്കണമെന്ന മുന്‍ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു” മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
നിയമസഭാ സമ്മേളനം നടക്കുകയാണ്. പുറത്തെന്നപോലെ സഭയ്ക്കകത്തും ഇന്ധനവില വര്‍ധനയ്ക്കെതിരേ പ്രതിപക്ഷം പ്രതിഷേധിക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി കുറയ്ക്കാതെ കേരളത്തില്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ കോണ്‍ഗ്രസിന് ധാര്‍മിക അവകാശമില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.