BREAKING NEWSKERALA

ഇന്ധന വില വര്‍ദ്ധന: രാവിലെ 11 മുതല്‍ 11.15 വരെ വാഹനങ്ങള്‍ എവിടെയാണോ അവിടെ നിര്‍ത്തിയിട്ട് പ്രതിഷേധം

തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനവിനെതിരെ ഇന്ന് ചക്ര സ്തംഭന സമരം നടക്കും.സിഐടിയു, ഐഎന്‍ടിയുസി, എഐറ്റിയുസി ഉള്‍പ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ സംയുക്തമായാണ് സമരം.
രാവിലെ 11 മുതല്‍ 11.15 വരെ വാഹനങ്ങള്‍ എവിടെയാണോ അവിടെ നിര്‍ത്തിയിട്ടായിരിക്കും പ്രതിഷേധം. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അവശ്യ സര്‍വ്വീസുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രം നികുതി വെട്ടിച്ചുരുക്കണമെന്നാണ് ആവശ്യം. അതേസമയം, സംസ്ഥാനങ്ങള്‍ ഈടാക്കുന്ന നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് സമരസമിതി അറിയിച്ചു.
കോവിഡ് മഹാമരിക്കാലത്ത് ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുകയാണ് മോദി സര്‍ക്കാര്‍. പെട്രോളിയം മേഖല കുത്തകകള്‍ക്ക് തീറെഴുതിക്കൊടുത്ത് ജനങ്ങളെ വില്‍പ്പന ചരക്കാക്കി മാറ്റുന്ന നിലപാട് അംഗീകരിക്കാനാകില്ല.അസംസ്‌കൃത എണ്ണയുടെ വിലക്കുറവില്‍ ജനങ്ങള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും കവര്‍ന്നെടുത്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഈ തീവെട്ടിക്കൊള്ള പ്രതിഷേധാര്‍ഹമാണ്. ജനങ്ങള്‍ക്ക് നല്ല ദിനങ്ങള്‍ വാഗ്ദാനം നല്‍കി അധികാരത്തില്‍ തുടരുന്ന സര്‍ക്കാരാണ് ജനദ്രോഹ നടപടികള്‍ മാത്രം സ്വീകരിക്കുന്നത്.
കുത്തഴിഞ്ഞ ഇന്ധന നയം മോട്ടോര്‍ വ്യവസായ മേഖലയെ അപകടകരമായ സ്ഥിതിയിലെത്തിച്ചു. പൊതുസ്വകാര്യ മേഖലയാകെ ദുരിതത്തിലായി. രാജ്യം അപകടകരമായ ഒരു മഹാമാരിയെ അഭിമുഖീകരിക്കുമ്പോഴും ജനജീവിതം ദുരിതത്തിലേക്ക് തള്ളി വിടുന്ന നിലപാട് നീതീകരിക്കാനാവില്ല. ഇതിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നു വരേണ്ടതുണ്ട്.
സമരത്തില്‍ പങ്കെടുക്കാന്‍ എളമരം കരീം എംപിയും ആഹ്വാനം ചെയ്തു:.’ ഇന്ധന വിലവര്‍ധനവിനെതിരെ ട്രേഡ് യൂണിയന്‍ സംയുക്ത സമിതി പ്രഖ്യാപിച്ച പ്രതിഷേധ പരിപാടി കേരളത്തിന്റെ സമരചരിത്രത്തിലെ വ്യത്യസ്തമായൊരധ്യായമായി മാറാന്‍ പോവുകയാണ്. കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ സാധാണക്കാരെ പിഴിയുന്ന കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരായ ശക്തമായ ജനവികാരമായിരിക്കും അന്ന് പ്രതിഭലിക്കുക. ജൂണ്‍ 21ന് പകല്‍ 11 മുതല്‍ 15 മിനുട്ട് നേരം കേരളത്തിലെ നിരത്തുകള്‍ നിശ്ചലമാകും. തൊഴിലാളികളോടൊപ്പം പ്രബുദ്ധരായ ആബാലവൃദ്ധം ജനങ്ങളും ഈ സമരത്തില്‍ അണിനിരക്കും. പെട്രോള്‍, ഡീസല്‍, പാചകവാതക വില നിരന്തരം കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ താക്കീതായിരിക്കും ഈ സമരം’.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker