തിരുവനന്തപുരം: ഇന്ന് മലയാളി കൊണ്ടാടുന്ന പൊന്നിന്‍ചിങ്ങ പിറവിക്കൊപ്പം കൊല്ലവര്‍ഷം പുതിയ നൂറ്റാണ്ടിലേക്ക് കടക്കും. കര്‍ക്കടകം 32ന് 1199 വിടചൊല്ലി. ചിങ്ങം ഒന്നോടെ കേരളത്തിന്റെ മാത്രമായ 1200 എന്ന കൊല്ലവര്‍ഷം തുടങ്ങുകയായി.ദൈനംദിന ജീവിതത്തിലും ഔദ്യോഗിക കാര്യങ്ങള്‍ക്കും ഇംഗ്‌ളീഷ് കലണ്ടര്‍വര്‍ഷത്തെ ആശ്രയിക്കുമ്പോഴും വിതയ്ക്കും വിളവെടുപ്പിനും നാളും നക്ഷത്രവും നിശ്ചയിക്കാനും വിവാഹമൂഹര്‍ത്തങ്ങള്‍ക്കും പുതിയ വീടുവയ്ക്കുന്നതിനും താമസമാക്കുന്നതിനും മലയാളികള്‍ ആശ്രയിക്കുന്നത് കൊല്ലവര്‍ഷത്തെയാണ്. ശ്രാദ്ധമൂട്ടുന്നതും കൊല്ലവര്‍ഷത്തെ ആധാരമാക്കിയാണ്. ഓരോ നൂറുവര്‍ഷം കൂടുമ്പോഴും വീണ്ടും ഒന്നില്‍ തുടങ്ങുന്ന സപ്തര്‍ഷി വര്‍ഷമായിരുന്ന ഭാരതത്തില്‍ പ്രചാരത്തിലുണ്ടായിരുന്നത്. കശ്മീര്‍ അടിസ്ഥാനമാക്കിയുള്ളതായിരുന്നു സപ്തര്‍ഷി വര്‍ഷം. എന്നാല്‍ മേടമാസം ഒന്നാം തീയതി പുതുവര്‍ഷമായി കണക്കാക്കുന്ന കലിവര്‍ഷ കലണ്ടറും ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. അതിലും 12 മാസമാണ് ഉള്‍പ്പെട്ടിരുന്നത്.വാണിജ്യ കേന്ദ്രമായ കൊല്ലത്ത് മറ്റ് ദേശങ്ങളില്‍ നിന്ന് കപ്പല്‍മാര്‍ഗ്ഗമെത്തിയ കച്ചവടക്കാരാണ് അവര്‍ക്ക് പരിചിതമായിരുന്ന സപ്തര്‍ഷി വര്‍ഷവും ഇവിടുത്തെ കാലഗണനാ രീതികളും ചേര്‍ത്ത് 12 മാസങ്ങളുള്ള കൊല്ലവര്‍ഷത്തിന് രൂപം നല്‍കാന്‍ കാരണക്കാരായത്. വ്യാപാരവുമായി ബന്ധപ്പെട്ട് പ്രോമിസറി നോട്ടുകള്‍ തയ്യാറാക്കാനും മറ്റും ഇതാവും കൂടുതല്‍ സൗകര്യപ്രദമെന്ന് അന്നത്തെ വേണാട് രാജാവിനോട് അവര്‍ ആവശ്യപ്പെട്ടു. എ.ഡി. 824 ലാണ് കൊല്ലവര്‍ഷം ആദ്യമായി കണക്ക് കൂട്ടിതുടങ്ങിയത്. എന്നാല്‍ കൊല്ലവര്‍ഷവുമായി ബന്ധപ്പെട്ട് മറ്റ് പല അവകാശവാദങ്ങളും നിലവിലുണ്ട്. കൊല്ലം നഗരം സ്ഥാപിച്ചതിന്റെ ഓര്‍മ്മയ്ക്കാണ് കൊല്ലവര്‍ഷം ആരംഭിച്ചതെന്ന അഭിപ്രായവുംപ്രബലമാണ്. ഏതായാലും മലയാളിക്ക് ഐശ്യര്യത്തിന്റെയും സമൃദ്ധിയുടെയും തുടക്കമാണ് ചിങ്ങം ഒന്ന്.
60 1 minute read