കണ്ണൂര്‍: ഭരണഘടനാപരമായ ഒരു സമര രീതിയാണ് ഹര്‍ത്താല്‍. പ്രതിഷേധമായോ, ദുഃഖസൂചകമായോ കടകളും, വ്യാപാര സ്ഥാപനങ്ങളും, തൊഴില്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടച്ചിടുന്നതിനെയാണ് സാങ്കേതികാര്‍ത്ഥത്തില്‍ ഹര്‍ത്താല്‍ എന്ന് പറയുന്നത്. ബന്ദ് പോലെ നിര്‍ബന്ധപൂര്‍വ്വമായ ഒരു സമര പരിപാടിയല്ല ഹര്‍ത്താല്‍. എന്നാല്ല് പലപ്പോഴും അക്രമാസക്തമാകുന്നതായും നിര്‍ബന്ധപൂര്‍വ്വമാകുന്നതും കേരളത്തില്‍ കണ്ടു വരാറുണ്ട്.
ഹര്‍ത്താലിന്റെ സ്വന്തം നാട് എന്ന പരിഹാസ്യ വിമര്‍ശനത്തിന് ഇരയായിട്ടുള്ള നാടാണ് കേരളം. വര്‍ഷത്തില്‍ അനേകം സംസ്ഥാന ഹര്‍ത്തലുകളും പ്രാദേശിക ഹര്‍ത്താലുകളും കേരളത്തില്‍ നടക്കുന്നു. മുഖ്യധാരാ രാഷട്രീയ പാര്‍ട്ടികള്‍ മുതല്‍ ചെറു പാര്‍ട്ടികള്‍ വരെ അവരവര്‍ക്ക് താല്പര്യമുള്ള വിഷയത്തില്‍ മിന്നല്‍ ഹര്‍ത്താലുകള്‍ കേരളത്തില്‍ അടിച്ചേല്‍പ്പിക്കാറുണ്ട്. പൊതുവെ ഹര്‍ത്താലുകളെല്ലാം കേരളത്തില്‍ വിജയിക്കുന്ന തരത്തിലാണ് നടക്കാറുള്ളത്. കടകളും ഓഫീസുകളും വാഹനങ്ങളുമെല്ലാം മുടങ്ങുന്നതോടെ ജനജീവിതം ദുസ്സഹമാകുന്ന കാഴ്ചകളാണ് കേരളത്തില്‍ ഓരോ ഹര്‍ത്താലും സമ്മാനിക്കുന്നത്.
1997ല്‍ കേരള ഹൈക്കോടതി ബന്ദ് നിരോധിച്ചതിന് ശേഷമാണ് ബന്ദിന് സമാനമായ ഹര്‍ത്താല്‍ വ്യാപകമായത്. ഇപ്പോള്‍ വ്യത്യസ്തമായ ഒരു ഹര്‍ത്താല്‍ വാര്‍ത്തയാണ് കണ്ണൂര്‍ ജില്ലയില്‍ നിന്ന് പുറത്ത് വരുന്നത്. ലോക പ്രമേഹ ദിനത്തില്‍ പഞ്ചാര ഹര്‍ത്താല്‍ നടത്താന്‍ ഒരുങ്ങുകയാണ് കണിച്ചാര്‍ പഞ്ചായത്ത്. ലോക പ്രമേഹ ദിനമായ നവംബര്‍ 14 പഞ്ചായത്തിലെ എല്ലാ വീടുകളിലും ഹോട്ടലുകളിലും കടകളിലും പഞ്ചസാര ബഹിഷ്കരിക്കാനാണ് തീരുമാനം. വീടുകളില്‍ പഞ്ചസാര ഉപയോഗിക്കാതെയും ഹോട്ടലുകളില്‍ വിത്ത് ഔട്ട് ചായകള്‍ നല്‍കിയും കടകളില്‍ പഞ്ചസാര വില്‍ക്കാതെയുമാണ് ഹര്‍ത്താല്‍ നടപ്പിലാക്കുന്നത്.
ദിനംപ്രതി കൂടി വരുന്ന പ്രമേഹരോഗികളില്‍ പ്രമേഹ രോഗത്തിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കലാണ് ഹര്‍ത്താല്‍ ലക്ഷ്യം. പഞ്ചായത്ത് പരിധിയില്‍ വരുന്ന ഹോട്ടലുകളിലും കടകളിലും നോട്ടീസ് നല്കി കഴിഞ്ഞു. ഒരു രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് വേണ്ടി ഒരു പഞ്ചായത്തിലെ മുഴുവന്‍ ആളുകളും പങ്കാളിയാകുന്നത് ചരിത്രസംഭവം ആയിരിക്കും എന്നാണ് എല്ലാവരുടെയും അഭിപ്രായം.