LATESTArticlesWORLD

ഇന്ന് മണ്ടേല ദിനം; കറുത്തവനും സ്വപ്‌നം കണാന്‍ അവകാശമുണ്ടെന്ന് പഠിപ്പിച്ച യുഗപുരുഷന്റെ ജന്മദിനം

ഇന്ന് മണ്ടേല ദിനം. വര്‍ണവിവേചനത്തിനെതിരെ ജീവിതാവസാനംവരെ സന്ധിയില്ലാ പോരാട്ടം നയിച്ച നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനമാണ് മണ്ടേല ദിനമായി ലോകമെങ്ങും ആചരിക്കുന്നത്.
കറുത്തവന്റെ അടിസ്ഥാന അവകാശത്തിനായി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ സ്വന്തം നാട്ടില്‍ ഭീകരനെന്ന് ചാപ്പകുത്തി 27 വര്‍ഷത്തെ തടവറവാസം അനുഭവിച്ചു മണ്ടേല. പലപ്പോഴും ഏകാന്തതടവുകാരനായി. ഒരുവേള മണ്ടേല മരിച്ചെന്നുവരെ അഭ്യൂഹങ്ങളുയര്‍ന്നു. അപ്പോഴും മനുഷ്യാന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കാനുള്ള ആ പോരാട്ടവഴിയില്‍നിന്ന് പിന്നോട്ടില്ലെന്ന ദൃഢനിശ്ചയമായിരുന്നു മണ്ടേലയ്ക്ക്.
ഒടുക്കം, ചരിത്രം അയാളെ കുറ്റവിമുക്തരാക്കി. 1994 ല്‍ തൊലിനിറം കറുത്തവനും തുല്യ അവകാശമുള്ള ദക്ഷിണാഫ്രിക്കയുടെ ആദ്യ പ്രസിഡന്റായി. തീര്‍ക്കാനും കൂട്ടാനും കണക്കുകള്‍ ഏറെ ഉണ്ടായിരുന്നിട്ടും അനുരഞ്ജനത്തിന്റെ പ്രവാചകനായി. ഗാന്ധിജിയായി മണ്ടേലയുടെ മാര്‍ഗദീപം.
1993 ലെ നൊബേല്‍ പുരസ്‌കാരം, ഇന്ത്യയുടെ ഭാരതരത്‌ന, അമേരിക്കയുടെ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം, സോവിയറ്റ് യൂണിയനിന്റെ ഓര്‍ഡര്‍ ഓഫ് ലെനിന്‍.. 300ലധികം രാജ്യാന്തര പുരസ്‌കാരങ്ങള്‍ മണ്ടേലയെ തേടിയെത്തി. കറുത്തവനും സ്വപ്നംകാണാന്‍ അവകാശമുണ്ടെന്ന് ലോകത്തെ പഠിപ്പിച്ച മണ്ടേലയുടെ ജന്മദിനം അന്താരാഷ്ട്ര മണ്ടേല ദിനമായി ആചരിക്കാന്‍ 2009 ലാണ് ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്. ജീവിച്ചിരിക്കെ ഒരു വ്യക്തിയുടെ ദിനാചരണം നടത്തപ്പെടുന്ന അപൂര്‍വതയ്ക്കാണ് അന്ന് ലോകം സാക്ഷ്യം വഹിച്ചത്. Long Walk to Freedom, സ്വാതന്ത്ര്യത്തിലേക്കുള്ള നീണ്ട യാത്ര എന്നതാണ് ആത്മകഥയ്ക്ക് നെല്‍സണ്‍ മണ്ടേല നല്‍കിയ പേര്.
2013 ഡിസംബര്‍ അഞ്ചിന് ജീവിതത്തില്‍നിന്ന് വിടപറഞ്ഞ നെല്‍സണ്‍ മണ്ടേല എന്ന യുഗപുരുഷന്റെ 103 ാം ജന്മദിനമാണിന്ന്. ലോകമെമ്പാടുമുള്ള വിമോചന സ്വപ്നങ്ങള്‍ക്ക് കരുത്തായി 12ാം മണ്ടേല ദിനവും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker