തിരുവനന്തപുരം: തുടര്‍ഭരണം നേടി ചരിത്രം സൃഷ്ടിച്ച പിണറായി വിജയന്റെ രണ്ടാംസര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മൂന്നരയ്ക്കാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെയുള്ള സത്യപ്രതിജ്ഞ.
കോവിഡ് പശ്ചാത്തലത്തില്‍, ഹൈക്കോടതി ഇടപെടലിന്റെകൂടി അടിസ്ഥാനത്തില്‍ പരമാവധി കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചായിരിക്കും സത്യപ്രതിജ്ഞ. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലിലാണ് ചടങ്ങ്. ആയിരംപേര്‍ക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കാവുന്ന പന്തലാണിത്. പ്രതിപക്ഷത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 500 പേര്‍ക്കാണ് ക്ഷണക്കത്ത് നല്‍കിയത്. പ്രതിപക്ഷം പങ്കെടുക്കില്ല.
ക്ഷണക്കത്ത് കിട്ടിയ പലരും ഈ സാഹചര്യത്തില്‍ ചടങ്ങിനെത്താനാകില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനാല്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ജനപ്രതിനിധികള്‍ക്കും നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പുറമേ പ്രതിസന്ധി ഘട്ടത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് ആടുവിറ്റ് സംഭാവന നല്കിയ കൊല്ലത്തെ സുബൈദുമ്മയെയും സമ്പാദ്യമായ രണ്ടുലക്ഷം രൂപ സംഭാവന ചെയ്ത കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാര്‍ദനനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയും സി.പി.എമ്മിലെയും സി.പി.ഐ.യിലെയും മന്ത്രിമാരും വ്യാഴാഴ്ച രാവിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തിലും വലിയ ചുടുകാട്ടിലും പുഷ്പാര്‍ച്ചന നടത്തും. സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിമാരും കുടുംബാംഗങ്ങളും രാജ്ഭവനില്‍ ഗവര്‍ണറുടെ ചായസത്കാരത്തില്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ചരയോടെ ഈ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേരും.
മന്ത്രിമാരുടെ വകുപ്പുകളുടെ പട്ടിക മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു കൈമാറും. മുഖ്യമന്ത്രിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണറാണ് വകുപ്പുകള്‍ അനുവദിക്കുന്നത്.