നല്ല ഭക്ഷണവും ഹൈഡ്രേഷനും നല്ല വായുവും പോലെ കൃത്യമായ ഉറക്കവും ആരോഗ്യത്തിന് അത്യാന്താപേക്ഷിതമാണ്. ഓരോ മനുഷ്യനും ശരാശരി ഏഴ് മണിക്കൂര്‍ മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉറക്കത്തിന്റെ പ്രാധാന്യത്തെ ഓര്‍മിപ്പിക്കുന്നതിനായി ഇന്ന് നമ്മള്‍ ലോക ഉറക്കദിനമായി ആചരിക്കുകയാണ്. നല്ല ഉറക്കത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ അറിയാം.
ചൂട് പാല്‍
ഉറങ്ങുന്നതിന് മുന്‍പ് ഒരു ഗ്ലാസ് ചൂട് പാല്‍ കുടിയ്ക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്ന് നമ്മള്‍ പണ്ട് മുതലേ കേട്ടുകാണും. ഇതിന് പിന്നില്‍ ശാസ്ത്രീയമായ ചില കാരണങ്ങളുണ്ട്. പാലില്‍ അടങ്ങിയിരിക്കുന്ന ട്രൈപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് ശരീരത്തില്‍ ഉറക്കത്തെ ക്രമപ്പെടുത്തുന്ന സെറോടോണിന്‍, മെലാടോണിന്‍ തുടങ്ങിയ ഹോര്‍മോണുകളായി കണ്‍വേര്‍ട്ട് ചെയ്യപ്പെടുന്നു. ഇത് ഗാഢമായ ഉറക്കത്തിന് നമ്മെ സഹായിക്കുന്നു.
ബദാം
ബദാമില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന മഗ്നീഷ്യം പേശികള്‍ റിലാക്‌സ് ചെയ്യുന്നതിനും മാനസിക സമ്മര്‍ദം കുറയുന്നതിനും ഉത്തമമാണ്. ഉറങ്ങുന്നതിന് മുന്‍പ് ഒരു പിടി ബദാം കഴിയ്ക്കുന്നത് നല്ല ഉറക്കം നല്‍കും.
ചോക്‌ളേറ്റ്
രാത്രിയില്‍ ചോക്‌ളേറ്റുകള്‍, അതായത് ഡാര്‍ക്ക് ചോക്‌ളേറ്റുകള്‍ കഴിയ്ക്കുന്നത് ഉറക്കം മെച്ചപ്പെടുത്തും. ചോക്‌ളേറ്റുകളില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യവും ആന്റി ഓക്‌സിഡന്റ്‌സും നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കും.
മത്തങ്ങ വിത്തുകള്‍
മത്തങ്ങ വിത്തുകള്‍ റോസ്റ്റ് ചെയ്ത് ഉറങ്ങുന്നതിന് മുന്‍പ് ഒരുപിടി എടുത്ത് കൊറിയ്ക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ഈ വിത്തുകളില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം തന്നെയാണ് ഈ ഫലങ്ങള്‍ക്ക് കാരണം.