BREAKINGNATIONAL

ഇന്റേണ്‍ഷിപ്പിന് 15,000 രൂപ വാഗ്ദാനം ചെയ്ത കമ്പനി വ്യാജമെന്ന യുവതിയുടെ വീഡിയോ വൈറല്‍

വ്യാജന്മാരുടെ ഒരു വലിയ ലോകമാണ് നമുക്ക് ചുറ്റുമുള്ളത്. സൂക്ഷിച്ചില്ലെങ്കില്‍ എപ്പോള്‍ പണി കിട്ടിയെന്ന് ചോദിച്ചാല്‍ മതി. ജോലി തട്ടിപ്പുകളെ കുറിച്ചുള്ള നിരവധി സംഭവങ്ങള്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. അക്കൂട്ടത്തിലേക്ക് ഇതാ ഒരെണ്ണം കൂടി ചേര്‍ക്കപ്പെടുകയാണ്. ഇന്റേണ്‍ഷിപ്പ് തട്ടിപ്പിനിരയായ ഒരു പെണ്‍കുട്ടിയാണ് തനിക്കുണ്ടായ വഞ്ചനയുടെ അനുഭവം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇന്റേണ്‍ഷിപ്പിന് അപേക്ഷിച്ചതിന് ശേഷം താന്‍ എങ്ങനെ കബളിപ്പിക്കപ്പെട്ടുവെന്ന് വിശദീകരിക്കുന്ന വീഡിയോ തട്ടിപ്പിനിരയായ ഭോമി എന്ന പെണ്‍കുട്ടി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവച്ചത്.
തൊഴിലവസരങ്ങള്‍ തേടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ജനപ്രിയ പ്ലാറ്റ്ഫോമായ ഇന്റേണ്‍ഷാലയിലൂടെ താന്‍ രണ്ട് ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ കണ്ടെത്തിയതായാണ് വീഡിയോയില്‍ ഭോമി വിശദീകരിക്കുന്നത്. അതില്‍ ഒരു കമ്പനിയിലെ ഇന്‍ഫ്‌ലുവെന്‍സ് മാനേജര്‍ എന്ന തസ്തികയിലേക്ക് ജോലിക്ക് കയറാന്‍ അവള്‍ തീരുമാനിച്ചു. 15,000 രൂപയായിരുന്നു കമ്പനി സ്‌റ്റൈപ്പന്‍ഡായി വാഗ്ദാനം ചെയ്തത്. അങ്ങനെ കമ്പനിയുമായുള്ള ധാരണ പത്രത്തില്‍ അവള്‍ ഒപ്പുവച്ചു. തുടര്‍ന്ന് ജോലിക്ക് കയറുന്നതിന് മുമ്പായി കമ്പനി രജിസ്‌ട്രേഷന്‍ ഫീസ് ആവശ്യപ്പെടുന്നുണ്ടെന്ന് ഒരു മുതിര്‍ന്ന സഹപ്രവര്‍ത്തകനില്‍ നിന്ന് അവള്‍ അറിഞ്ഞു. പലതരം തട്ടിപ്പുകള്‍ കേട്ടിട്ടുള്ളതിനാല്‍. ജോലിക്ക് കയറും മുമ്പുള്ള ‘രജിസ്‌ട്രേഷന്‍ ഫീസ്’ എന്ന് കേട്ടപ്പോള്‍ ഭോമിക്ക് കമ്പനിയെ കുറിച്ച് ചെറിയ സംശയങ്ങള്‍ തോന്നി. അതും വെറും 15,000 രൂപ ശമ്പളമുള്ള ജോലിക്ക് രജിസ്‌ട്രേഷന്‍ ഫീസെന്നത് അവളുടെ സംശയം ഇരട്ടിച്ചു. തുടര്‍ന്ന് കമ്പനിയുടെ വിലാസവും ജിഎസ്ടി നമ്പറും ഭോമി അന്വേഷിച്ചു. അപ്പോഴാണ് അങ്ങനെയൊരു കമ്പനി നിലവില്‍ ഇല്ലെന്ന് അവര്‍ കണ്ടെത്തിയത്. പിന്നാലെ അവളുടെ അന്വേഷണത്തെ കുറിച്ച് അറിഞ്ഞ കമ്പനി ഉടമ അവളുടെ ഫോണ്‍ കോളുകള്‍ ബ്ലോക്ക് ചെയ്തു.
ഇതേതുടര്‍ന്നാണ് ഭോമി സമൂഹ മാധ്യമങ്ങളിലൂടെ തന്റെ അനുഭവം പങ്കുവയ്ക്കാന്‍ തീരുമാനിച്ചത്. വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ അവള്‍ എഴുതിയത് ഇങ്ങനെയാണ്: ‘ഒരു തട്ടിപ്പിന് ഞാന്‍ ഇരയാകാന്‍ കാരണം ഞാന്‍ മാത്രമാണ്. എന്റെ ശ്രദ്ധ കുറവാണ് കാരണം. ഇന്റേണ്‍ഷാല ഒരു തരത്തിലും ഉത്തരവാദിയല്ല. ഉടമ പ്രതികരിക്കാത്തപ്പോള്‍ അവര്‍ എന്നെ വളരെയധികം സഹായിക്കാന്‍ ശ്രമിച്ചു. ഒരു ധാരണാപത്രം ഉണ്ടായിരുന്നതിനാല്‍ ഞാന്‍ കമ്പനിയെ വിശ്വസിച്ചു. ഒപ്പിട്ടു, എന്നാല്‍ അവര്‍ വാഗ്ദാനം ചെയ്ത സ്‌റ്റൈപ്പന്‍ഡ് നല്‍കുന്നതില്‍ പരാജയപ്പെട്ടു, എന്നെപ്പോലെ തന്നെ ആശയക്കുഴപ്പത്തിലായതിനാല്‍ കമ്പനിയെ ഇന്റേണ്‍ഷാലയില്‍ കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുകയാണ്. ഏത് അവസരങ്ങളും സുരക്ഷിതമായും ജാഗ്രതയോടെയും മാത്രം തെരഞ്ഞെടുക്കുക’ ഭോമി എഴുതി. ഭോമിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് തന്നെ തുടക്കം കുറിച്ചു. ഇത്തരം തട്ടിപ്പ് സംഘങ്ങളെ കുറിച്ച് എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. ഇത്തരം സംഘങ്ങള്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത് പഠനം കഴിഞ്ഞ് ഇറങ്ങിയ കുട്ടികളെയാണെന്നും അതിനാല്‍ ഓരോ തൊഴിലവസരങ്ങളും ശ്രദ്ധയോടെ തെരഞ്ഞെടുക്കണമെന്നുമാണ് പോസ്റ്റിന് താഴെ നിരവധി പേര്‍ എഴുതിയത്.

Related Articles

Back to top button