ബെംഗളൂരു നഗരത്തിലെ ഒരു കൂട്ട സ്റ്റണ്ട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഒരു കൂട്ടം യുവാക്കള്‍ നിരവധി ബൈക്കുകളിലും സ്‌കൂട്ടികളിലുമായി ഹെല്‍മറ്റില്ലാത്ത ബെംഗളൂരു നഗരത്തിലൂടെ പറപറക്കുന്ന വീഡിയോയായിരുന്നു അത്. വീഡിയോയുടെ തുടക്കം ആശങ്കയോടെയല്ലാതെ കണ്ട് തീര്‍ക്കാനാകില്ല. എന്നാല്‍ രണ്ടാം ഭാഗം കണ്ട് ചിരിയടക്കാന്‍ കഴിയുന്നില്ലെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഒന്നടങ്കം പറയുന്നത്.
വീഡിയോയിലെ മിക്ക ബൈക്കുകളിലും രണ്ടും മൂന്നും പേരാണ് ഉള്ളത്. ചിലര്‍ ബൈക്കിന്റെ ഫ്രണ്ട് ടയര്‍ പൊക്കി വണ്‍ വീല്‍ സ്റ്റണ്ട് നടത്തുന്നതും വീഡിയോയില്‍ കാണാം. യുവാക്കളുടെ പിന്നിലുണ്ടായിരുന്ന ഒരു കാറില്‍ നിന്നും പകര്‍ത്തിയ വീഡിയോയായിരുന്നു അത്. വീഡിയോ കാഴ്ചക്കാരില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുക. പ്രത്യേകിച്ചും നിരവധി ബൈക്കുകള്‍ ഒരുപോലെ പോകുന്നതിനിടെ ചിലര്‍ വണ്‍ വീല്‍ സ്റ്റണ്ട് ചെയുന്നത് കാണുമ്പോള്‍, അതും തിരക്കേറിയ റോഡില്‍. വീഡിയോ പോലീസിന് ലഭിച്ചതിന് പിന്നാലെയുള്ള സംഭവ വികാസങ്ങളാണ് രണ്ടാം ഭാഗം. ‘അല്പ നിമിഷങ്ങള്‍ക്ക് ശേഷം’ എന്ന കുറിപ്പിന് പിന്നാലെ കാണാന്‍ കഴിയുന്നത് സ്റ്റണ്ടിന് ഉപയോഗിച്ച ബൈക്കുകളുമായി നില്‍ക്കുന്ന പോലീസുകാരെയും ഒപ്പം ബൈക്ക് ഓടിച്ച് സാഹസിക കാണിച്ച യുവാക്കളെയുമാണ്. ആദ്യ ഭാഗം കണ്ടതിന് പിന്നാലെ രണ്ടാം ഭാഗം കാണുന്ന ആരിലും ചിരി വിരിയും ഇത് കണ്ടാല്‍.
‘നഗരത്തിലെ റോഡുകളില്‍ വീലിംഗ്? നിങ്ങളുടെ സാഹസികത അവസാനിപ്പിക്കാന്‍ ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ എല്ലായ്‌പ്പോഴും തയ്യാറാണ്.’ എന്ന കുറിപ്പോടെ ബെംഗളൂരു സിറ്റി പോലീസ് തങ്ങളുടെ എക്‌സ് അക്കൌണ്ടിലൂടെ വീഡിയോ പങ്കുവച്ചതിന് പിന്നാലെ വൈറലായി. മൂന്നേകാല്‍ ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി പേര്‍ പോലീസിനെ അഭിനന്ദിക്കാനെത്തി. 33 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 44 പേരെ അവരുടെ ബൈക്കുകള്‍ സഹിതം കസ്റ്റഡിയിലെടുക്കുകയും ചെയ്‌തെന്ന് ഹെബ്ബാള്‍ ട്രാഫിക് പോലീസ് അറിയിച്ചു.
‘ഇത്തരം നടപടി സ്വീകരിച്ചതിന് ശേഷവും ഇത്തരത്തിലുള്ള സംഭവങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണം. ‘ ഒരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് താഴെ എഴുതി. ‘ഈ വിഡ്ഢികളെ അറസ്റ്റ് ചെയ്ത് 10 ദിവസമെങ്കിലും ജയിലില്‍ അടയ്ക്കുക. ഇത്തരക്കാര്‍ റോഡിലുള്ളപ്പോള്‍ ബൈക്ക് ഓടിക്കുക എന്നത് ബാംഗ്ലൂരില്‍ ഒരു പേടിസ്വപ്നമാണ്.’ മറ്റൊരു കാഴ്ചക്കാരനെഴുതി. ‘ബെംഗളൂരു പോലീസ് ചിത്രഗുപ്തനെപ്പോലെയാണ്, അത് യമരാജനിലേക്ക് പോകുന്നതിന് മുമ്പ് തല്‍ക്ഷണ കര്‍മ്മം ചെയ്യുന്നു.’ മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. ‘ഇപ്പോള്‍ ഒന്നും പിന്നീടേക്ക് വയ്ക്കുന്നില്ല. എല്ലാം അപ്പപ്പോള്‍ ലഭിക്കുന്നു’ മറ്റൊരു കാഴ്ചക്കാരന്‍ വിശദീകരിച്ചു. ‘ബെംഗളൂരു പോലീസ് ഒരിക്കലും ഞങ്ങളെ നിരാശരാക്കില്ല.’ എന്നായിരുന്നു ഒരു കുറിപ്പ്. , ”സര്‍ എന്തിനാണ് അവരുടെ പേരുകളും മുഖവും മറയ്ക്കുന്നത്? അവരെ പേരെടുത്ത് നാണം കെടുത്താത്തതെന്തേ?’ മറ്റൊരു കാഴ്ചക്കാരന്‍ അല്പം രൂക്ഷമായി പ്രതികരിച്ചു.
83 1 minute read