താൻ മുകേഷിന് അയച്ചതായി പറയുന്ന ഇമെയിലിനെ കുറിച്ച് ഓർമയില്ലെന്നും ഇമെയിൽ മുകേഷിൻറെ ‘കുക്ക്ഡ് അപ്പ്’ സ്റ്റോറി ആണെന്നും പരാതിക്കാരി. മുകേഷും ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ ഇടപെടാം എന്നു താൻ പറഞ്ഞകാര്യം സത്യമാണെന്നും അവർ പറഞ്ഞു. ബന്ധപ്പെട്ട തെളിവുകൾ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു.
മുൻകൂർ ജാമ്യം തേടി കോടതിയിൽ നടനും എംഎൽഎയുമായ മുകേഷ് സമർപ്പിച്ച തെളിവുകൾ നിഷേധിച്ചാണ് ആലുവ സ്വദേശിനിയായ പരാതിക്കാരി രംഗത്തെത്തിയിരിക്കുന്നത്.
‘2009ൽ ലാപ്‌ടോപ്പ് പഠിപ്പിക്കാമോ എന്ന് മുകേഷ് ചോദിച്ചിരുന്നു. ലാപ്‌ടോപ്പ് ഉപയോഗിക്കാൻ അറിയാത്ത ആൾക്ക് എങ്ങനെ ഞാൻ ഇമെയിൽ അയയ്ക്കും? ഞാൻ ഇമെയിൽ അയച്ചെന്ന മുകേഷിൻറെ ആരോപണം കെട്ടിച്ചമച്ചതാണ്. ഒരു ഘട്ടത്തിലും ഞാൻ അക്കൗണ്ട് നമ്പർ അയച്ചു കൊടുത്തിട്ടില്ല. കാശിന്റെ ഒരിടപാടും ഉണ്ടായിട്ടില്ല. മുകേഷിൻറെ വീട്ടിൽ പോയിട്ടില്ല. മുകേഷിൻറെ വീട് ഫോട്ടോയിൽ പോലും കണ്ടിട്ടില്ല’ നടി വ്യക്തമാക്കി.