ലാഹോര്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അറസ്റ്റ് തടഞ്ഞ് ലാഹോര്‍ കോടതി. നാളെ രാവിലെ 10 മണി വരെ പൊലീസ് നടപടി നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം. പൊലീസ് പിന്മാറിയതോടെ വീടിനു മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ നേരിട്ട് കണ്ടായിരുന്നു ഇമ്രാന്റെ സന്തോഷ പ്രകടനം.
മൂന്ന് ദിവസം നീണ്ട സംഘര്‍ഷത്തിന് ഒടുവിലാണ് ഇമ്രാന്‍ ഖാന് താത്കാലിക ആശ്വാസം നല്‍കുന്ന കോടതി വിധി. നാളെ രാവിലെ പത്ത് വരെ മുന്‍ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദേശം. അറസ്റ്റ് ചെയ്യാനായി ലാഹോറിലെ സമാന്‍ പാര്‍ക്കിലെത്തിയ പൊലീസ് സന്നഹത്തോട് മടങ്ങാനും ലാഹോര്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇമ്രാന്‍ ഖാനെതിരെയുള്ള അറസ്റ്റ് വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഫവാദ് ചൗധരി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കോടതി ഉത്തരവിന് പിറകെ വസതിക്ക് പുറത്തെത്തിയ ഇമ്രാന്‍ ഖാന്‍ പ്രവര്‍ത്തകരുമായി നേരിട്ട് സംസാരിച്ചു.
പൊലീസ് പിന്മാറിയതോടെ ഇമ്രാന്‍ അനുകൂലികള്‍ ആഹ്ലാദ പ്രകടവും നടത്തി. തോഷാഖാന കേസില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനായി മൂന്ന് ദിവസം മുന്‍പാണ് ഇസ്ലാമാബാദ് പൊലീസ് ലാഹോറിലെത്തിയത്. വസതിക്ക് മുന്നില്‍ പ്രവര്‍ത്തകരെ അണിനിരത്തിയായിരുന്നു ഇമ്രാന്റെ പ്രതിരോധം. പൊലീസും പ്രവര്‍ത്തകരമായി നിരവധി തവണ ഏറ്റുമുട്ടുകയും ചെയ്തു. പാക്ക് റേഞ്ചേയ്‌സിനെ അടക്കം വസതിക്ക് മുന്നിലെത്തിച്ച് അറസ്റ്റ് നടപടി വേഗത്തിലാക്കാനുള്ള പൊലീസ് നീക്കത്തിനിടെയാണ് കോടതി ഉത്തരവ്. അറസ്റ്റല്ല തന്നെ തട്ടിയെടുത്ത് കൊലപ്പെടുത്താനാണ് പൊലീസിന്റെ നീക്കമെന്ന് ഇമ്രാന്‍ ഇന്ന് ആരോപിച്ചിരുന്നു. അറസ്റ്റ് നടപടി നാളെ തുടരുമോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. കേസ് നാളെ ലാഹോര്‍ കോടതി പരിഗണിക്കുന്നുണ്ട്.