BREAKING NEWSWORLD

ഇറാഖിലെ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം; അമ്പതോളം രോഗികള്‍ വെന്തുമരിച്ചു

ബാഗ്ദാദ്: ഇറാഖിലെ ആശുപത്രിയില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലുണ്ടായ തീപിടുത്തത്തില്‍ രോഗികള്‍ വെന്തുമരിച്ചു. തെക്കന്‍ നഗരമായ നാസിരിയയിലെ അല്‍ ഹുസൈന്‍ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. അമ്പതോളം രോഗികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
തിങ്കളാഴ്ച രാത്രി വൈകി തീ നിയന്ത്രവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം ചില രോഗികള്‍ ഇപ്പോഴും കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കനത്ത പുക രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമി മുതിര്‍ന്ന മന്ത്രിമാരുമായി അടിയന്തര ചര്‍ച്ച നടത്തി. നാസിരിയയിലെ ആരോഗ്യ സിവില്‍ ഡിഫന്‍സ് മാനേജര്‍മാരെ സസ്‌പെന്‍ഡ് ചെയ്യാനും അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ആശുപത്രി മാനേജര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ആശുപത്രിക്ക് മുന്നില്‍ നിരവധി പേര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.
ഇറാഖില്‍ 14 ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് ബാധയുണ്ടായത്. ഇതില്‍ 17,592 പേര്‍ കോവിഡ് മൂലം മരിച്ചിട്ടുമുണ്ട്. രാജ്യത്തെ നാല് കോടിയോളം വരുന്ന ജനസംഖ്യയില്‍ പത്ത് ലക്ഷത്തോളം പേരാണ് ഇതിനോടൊകം ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker