LATESTFOOTBALLSPORTS

ഇറ്റലിയെ വിറപ്പിച്ചു, ഓസ്ട്രിയ കീഴടങ്ങി

ലണ്ടന്‍ : വെംബ്ലിയിലെ പുല്‍നാമ്പുകള്‍ക്ക് പോലും തീ പിടിച്ച ഉജ്ജ്വല പോരാട്ടം പുറത്തെടുത്ത ഓസ്ട്രിയ, യൂറോ 2020 ചാമ്പ്യന്‍ഷിപ്പിന്റെ എക്‌സ്ട്രാ ടൈമിലേക്കു നീണ്ടുപോയ രണ്ടാം പ്രീ ക്വര്‍ട്ടറില്‍ കരുത്തരായ ഇറ്റലിയോട് കീഴടങ്ങി.
ഗോള്‍ രഹിതമായ നിശ്ചിത സമയത്തിനുശേഷം എക്‌സ്ട്രാ ടൈമില്‍ ഒന്നിനേതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇറ്റലിയുടെ വിജയം. യുവന്തസിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഫെഡറിക്കോ ചിയേസ ( 95), അറ്റ്‌ലാന്റയുടെ മധ്യനിരക്കാരന്‍ മാറ്റിയോ പെസിന( 105) എന്നിവരുടെ ഗോളുകളോടെ വിജയം ഏറെക്കുറെ ഉറപ്പിച്ച നിലയില്‍ നിന്ന ഇറ്റലിക്കെതിരെ വിഎഫ്ബി സ്റ്റുട്ട്ഗാര്‍ട്ടിന്റെ സാസ കലാജിസിച്ചിന്റെ വകയാണ് മറുപടി ഗോള്‍ (114ാം മിനിറ്റില്‍).
.അവസാന വിസിലിനു കേവലം ആറ് മിനിറ്റ് മുന്‍പ് ഓസ്ട്രിയ ഗോള്‍ നേടിയതോടെ സമനില ഗോള്‍ ഓസ്ട്രിയ നേടുമോ, കളി പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കു നീളുമോ എന്ന ആകാംക്ഷ ഇറ്റാലിയന്‍ ആരാധകരില്‍ വീണ്ടും രക്തസമ്മര്‍ദ്ദം ഉണ്ടാക്കിയശേഷമാണ് ഓസ്ട്രിയ കീഴടങ്ങിയത്.
ഗോള്‍ നേടിയ മൂന്നുപേരും പകരക്കാരായി എത്തിയാണ് ഗോളടിച്ചു നായകരായി മടങ്ങിയത് എന്നതാണ് സവിശേഷത.
നിശ്ചിത സമയത്ത് ഇറ്റലിയെ വീഡിയോ അസിസ്റ്റന്റ് റഫ്‌റിയുടെ തീരുമാനവും രക്ഷിച്ചുവെന്നു പറയേണ്ടി വരും. മാര്‍ക്കോ അര്‍ണോട്ടോവിച്ചിന്റെ ഗോള്‍ വീഡിയോ പരിശോധനയില്‍ ഓഫ് സൈഡ് ആയി വിധിച്ചതോടെ ഇറ്റലി പകുതി രക്ഷപ്പെട്ടു. .
ഇറ്റാലിയുടെ സൂപ്പര്‍ കോച്ച് റോബര്‍ട്ട് മന്‍ചിനിയുടെ പരീക്ഷണങ്ങളാണ് വിനയായത്. റോമിിലെ സ്വന്തം ഗ്രൗണ്ടില്‍ കിട്ടിയ ആനൂകൂല്യത്തില്‍ കഴിഞ്ഞ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളിലെ അനായസ വിജയം കണക്ക്് കൂട്ടി വീണ്ടും ഒരു പരീക്ഷണത്തിനു മന്‍ചിനിയെ പ്രേരിപ്പിച്ചു. ഇത് തിരിച്ചടിയായി. ഓസ്ട്രിയയെ കാര്യമായി പരിഗണിക്കാതെ വീണ്ടും രണ്ടാം നിര കളിക്കാരെ വെച്ച് . അനായാസ ജയം മന്‍ചിനി മനസില്‍ കണ്ടു. പക്ഷേ, വിലപ്പോയില്ല. ഇറ്റലിയുടെ കളിയുടെ താളം പാടെ നഷ്ടമായി
കളിയുടെ ആദ്യ പകുതിയില്‍ ഇറ്റാലിയന്‍ ആക്രമണങ്ങളുടെ മുനയൊടിച്ചു പ്രതിരോധം തീര്‍ത്ത ഓസ്ട്രിയ രണ്ടാം പകുതിയില്‍ ആക്രമണത്തിനിറങ്ങിയതോടെ ഏത് നിമിഷവും ഇറ്റലിയുടെ വലകുലുങ്ങുമോ എന്ന ആശങ്കയായി.
ഇതോടെ ബെഞ്ചില്‍ ഇരുത്തിയിരുന്ന പെസിന, ലോക്കാടെല്ലി ,ചിയേസ, ബെലോട്ടി എന്നിവരെ മന്‍ചിനിക്ക് ഇറക്കേണ്ടി വന്നു. ഇവരുടെ വരവാണ് ഇറ്റലിയെ രക്ഷിച്ചത്. ഇതില്‍ ചിയേസയും പെസിനയും ഗോള്‍ നേടി. ഇതില്‍ ചിയേസയുടെ വകയാണ് ആദ്യ ഗോള്‍. സ്പിനസോളയുടെ അളന്നു മുറിച്ച പാസ് ബോക്‌സിനുള്ളിലേക്ക്. ഫെഡറിക്കോ ചീയേസ മനോഹരമായി തലകൊണ്ടുപന്തെടുത്തു വലം കാലില്‍ കോര്‍ത്ത് താഴെ ഇറക്കിയ പന്ത് മനോഹരമായ ഇടങ്കാലന്‍ അടിയിലൂടെ വലയിലാക്കി .
പെസിനയുടെ ഊഴമായിരുന്നു അടുത്തത്. ബോക്‌സിനുള്ളില്‍ പന്ത് ലഭിച്ച അസര്‍ബിക്ക് പന്ത് കാലില്‍ ഒതുക്കുന്നതിനിടെ വഴുതി വീണു. എങ്കിലും പെസിനയ്ക്ക് അസര്‍ബി പന്ത് തട്ടി നല്‍കി. ബോക്‌സിനുള്ളില്‍ നിന്ന് പെസിന തൊടുത്ത ഷോട്ട് തടയാന്‍ ഓസ്ട്രിയന്‍ പ്രതിരോധ നിരയ്ക്കായില്ല. എന്നാല്‍ 114ാം മിനുറ്റില്‍ മത്സരത്തിന്റെ ആവേശം കൂട്ടി ഓസ്ട്രിയയുടെ ഗോള്‍. സാസ കലാജിസിച്ചാണ് കോര്‍ണറില്‍ നിന്നും കിട്ടിയ അവസരം ഗോളാക്കിയത്. ബോക്‌സിനകത്ത് മൂന്ന് ഇറ്റാലിയന്‍ പ്രതിരോധ താരങ്ങളെ മറികടന്ന് നിലംപറ്റെയുള്ള ഹെഡ്ഡര്‍ ഗോള്‍ നേടിയത്.
ഗ്രൂപ്പ് എയില്‍ മൂന്നു കളിയും ജയിച്ചാണ് ഇറ്റലി പ്രീ ക്വാര്‍ട്ടറില്‍ എത്തിയതെങ്കില്‍ ഓസ്ട്രിയ ഗ്രൂപ്പ് സിയില്‍ രണ്ട് ജയത്തോടെ രണ്ടാം സ്ഥാനക്കാരായാണ് ക്വാളിഫൈ ചെയ്തത്. ജൂലൈ രണ്ടിനു മ്യൂണിക്കില്‍ നടക്കുന്ന ക്വാര്‍്ട്ടര്‍ ഫൈനലില്‍ ഇറ്റലി ഇനി പോര്‍ച്ചുഗലിനെ അല്ലെങ്കില്‍ ബല്‍ജിയത്തെയാണ് നേരിടുക.
ഈ ജയത്തോടെ ഇറ്റലിയുടെ തുടര്‍ച്ചയായ ജയം 31ല്‍ എത്തി. ഇറ്റാലിയന്‍ ദേശിയ ടീമിന്റെ തന്നെ സര്‍വകാല റെക്കോര്‍ഡ് ആണിത് . അതേപോലെ ഓസ്ട്രിയയുടെ കലാജിസിച്ചിന്റെ ഹെഡ്ഡര്‍ ഇറ്റലിയുടെ വലയില്‍ കയറിയതോടെ കഴിഞ്ഞ 12 മത്സരങ്ങളിലും ഇതുവരെ ഗോള്‍ വഴങ്ങാതിരുന്ന ഇറ്റാലിയന്‍ റെക്കോര്‍ഡിനും അന്ത്യം കുറിച്ചു.
ഇറ്റലിയുടെ ചിയേസയുടെ ഗോളിനും സവിശേഷതയുണ്ട് 1996 യുറോയില്‍ പിതാവ് എന്റിക്കോ ചിയേസയും (ചെക്ക് റിപ്പബ്ലിക്കിനെതിരെ ) ഗോള്‍ നേടിയിട്ടുണ്ട്. ഇറ്റലിയുടെ പെസിനയുടെ ഗോള്‍ ആകട്ടെ യൂറോയിലെ 100ാം ഗോളായും രേഖപ്പെടുത്തി. 1954 ലോകക കപ്പില്‍ രണ്ടാം റൗണ്ടില്‍ ഏത്തിയതിനുശേഷം ആദ്യമായാണ് ഓസ്ട്രിയ ഒരു പ്രധാന ടൂര്‍ണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തില്‍ എത്തുന്നതെന്ന നേട്ടവുമായാണ് വണ്ടര്‍ ടീമിന്റെ വിയന്നയിലേക്കുള്ള മടക്കം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker