ഗാസ: ഗാസമുനമ്പില്‍ വെള്ളിയാഴ്ച ഇസ്രയേല്‍സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനത്തിന്റെ മുതിര്‍ന്നനേതാവും അഞ്ചുവയസ്സുള്ള ഒരു പെണ്‍കുട്ടിയും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. നാല്‍പ്പതിലേറെപ്പേര്‍ക്ക് പരിക്കേറ്റെന്ന് പലസ്തീനിയന്‍ അധികൃതര്‍ പറഞ്ഞു. ഇസ്ലാമിക് ജിഹാദിനെ ഉന്നമിട്ടായിരുന്നു സൈനികനടപടിയെന്ന് ഇസ്രയേല്‍ വിശദീകരിച്ചു. കഴിഞ്ഞയാഴ്ച വെസ്റ്റ്ബാങ്കില്‍നിന്ന് പലസ്തീനിയന്‍ സായുധസംഘത്തിന്റെ നേതാവിനെ ഇസ്രയേല്‍ പിടികൂടിയിരുന്നു. അന്നുമുതല്‍ മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
ഗാസമുനമ്പിലെ തീവ്രവാദികളെ ഇസ്രയേല്‍ ജനതയുടെ സ്വൈരംകെടുത്താന് അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി യെയ്ര് ലാപിഡ് പറഞ്ഞു. ഗാസാനഗരത്തിലെ അപ്പാര്ട്ട്മെന്റിനുനേരെയാണ് ആക്രമണമുണ്ടായത്. കമാന്‍ഡര്‍ തയ്സീര്‍ അല്‍ ജബാരി കൊല്ലപ്പെട്ടെന്ന് ഇസ്ലാമിക് ജിഹാദ് സ്ഥിരീകരിച്ചു.