BREAKING NEWSKERALALATEST

ഇസ്രായേലില്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി

ഇസ്രയേലിലെ അഷ്‌കലോണില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് സൗമ്യ സന്തോഷിന്റെ കുടുംബം കേന്ദ്രമന്ത്രി വി.മുരളീധരന്റെ സഹായം തേടി. ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം സൗമ്യയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇസ്രയേലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് (32) കൊല്ലപ്പെട്ടത്. ഇവിടെ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ് സന്തോഷുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ഷെല്ലുകള്‍ കെട്ടിടത്തിലേക്ക് പതിച്ചത്. സൗമ്യ കെയര്‍ ടേക്കറായി ജോലി ചെയ്തിരുന്ന അഷ്‌കലോണിലെ താമസസ്ഥലത്ത് ഹമാസിന്റെ തുടരെയുള്ള ഷെല്ലുകള്‍ പതിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ കെട്ടിടം ചിന്നി ചിതറി. ആക്രമണത്തില്‍ സൗമ്യ പരിചരിച്ചിരുന്ന ഇസ്രായേല്‍ വനിതയും മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് കേന്ദ്രമന്ത്രി വി. മുരളീധരന്‍ കുടുംബത്തെ ഫോണില്‍ വിളിച്ച് അറിയിച്ചത്. ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസും ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിനും, എംബസിക്കും കത്തയച്ചിട്ടുണ്ട്. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതീശന്റയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ. എട്ടുവയസുകാരനായ മകനുണ്ട്.
ഇസ്രായേലില്‍ ആദ്യമായാണ് ഷെല്‍ ആക്രമണത്തില്‍ ഒരു മലയാളി കൊല്ലപ്പെടുന്നത്. കഴിഞ്ഞ 7 വര്‍ഷമായി ഇസ്രായേലില്‍ ജോലി ചെയ്യുന്ന സൗമ്യ രണ്ട് വര്‍ഷം മുന്‍പാണ് ഏറ്റവുമൊടുവില്‍ നാട്ടില്‍ വന്ന് മടങ്ങിയത്. സൗമ്യയുടെ മരണത്തോടെ ഇസ്രായേലിലെ മലയാളി സമൂഹം ആശങ്കയിലാണ്.
ഗാസ മുനമ്പിലെ പലസ്തീന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ഹമാസിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച മുഴുവന്‍ തെക്കന്‍ ഇസ്രായേലിന് നേരെ വന്‍തോതില്‍ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് അഷ്‌ക ലോണില്‍ ഒരു മലയാളി ഉള്‍പ്പടെ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ഇതേത്തുടര്‍ന്ന് ഇസ്രായേല്‍ ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker