WEB MAGAZINEARTICLES

ഇ -അരങ്ങുകളും സാധ്യതകളും

ഇന്ദിരാ ബാലൻ
ജീവിതത്തെ മാറ്റിമറിയ്ക്കുകയും പുതുക്കിപ്പണിയുകയും ചെയ്യുന്ന കാലമെന്ന ശിൽപ്പിയുടെ ഇടപെടൽ മനുഷ്യജീവിതത്തിൽ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നു. അതിനേറ്റവും പ്രത്യക്ഷോദാഹരണമാണ് ഈ അതിജീവനനാളുകൾ . പകർച്ചവ്യാധിയുടെ ഭീതിയിൽ വീട്ടിലിരിക്കുന്നവർ അവനവനെത്തന്നെ നിലനിർത്താനുള്ള തിടുക്കത്തിലാണ്. ചുക്കില്ലാതെ കഷായമില്ലെന്ന്  പറയുന്നത് പോലെ ഇപ്പോൾ കൊറോണയില്ലാതെ മറ്റൊരു വിഷയത്തിലെത്താനാവുന്നില്ല എന്ന അവസ്ഥയെ അഭിമുഖീകരിക്കയാണ് നാം.
മനുഷ്യൻ്റെ ആത്മാവിഷ്കാരം എന്നത് വളരെ പ്രധാനമാണ്. അതിനായി പല മാധ്യമങ്ങളും സ്വീകരിച്ചിരുന്നു. അച്ചടി മാധ്യമങ്ങളും  തുറന്ന  അരങ്ങുകളും ഒരുപോലെ ഉപയോഗപ്പെടുത്തിയിരുന്ന മനുഷ്യന് അപ്രതീക്ഷിതമായി അതെല്ലാം നഷ്ടമായിരിക്കയാണ്  വർത്തമാനകാലത്ത്. ഏതവസ്ഥ മുന്നിൽ പ്രത്യക്ഷപ്പെട്ടാലും അതിനെ ഏറ്റെടുത്ത് പുതിയ സാധ്യതകൾ കണ്ടെത്തുകയെന്നതാണ് പ്രധാനം.
പണ്ട് പ്രകടന കലകൾ നടത്തിയിരുന്നത് മാടമെന്ന് പറയുന്ന അരങ്ങിലായിരുന്നു. കലാപ്രദർശനം നടത്തുന്നവർക്കും കാണികൾക്കും ഉള്ള രംഗസംവിധാനങ്ങളും സൗകര്യങ്ങളും അവിടെയുണ്ടായിരിക്കണം. ഈ മാടങ്ങൾ പിന്നീട് കൂത്തുമാടങ്ങളായി . അതിന്  ശേഷം  രംഗമണ്ഡപവും  നാട്യഗൃഹവും അരങ്ങുമൊക്കെയായി പരിഷ്കൃതങ്ങളായി.
ക്ഷേത്രങ്ങളിൽ നടക്കുന്ന   ഉത്സവങ്ങളുടെ കൊടികയറ്റങ്ങളും കലാവിരുന്നുകളുമൊക്കെ  ഇപ്പോഴത്തെ അവസ്ഥയിൽ നിശ്ചലമായി. കലാകാരൻമാരെല്ലാം  അവധിയിലായിരിക്കയാണ്. പലരുടേയും ഉപജീവനം കൂടിയാണീ നിമിഷങ്ങൾ. എല്ലാം നിലച്ച ഈ അവസരത്തെ മറികടന്നല്ലേ പറ്റു. അല്ലെങ്കിൽ വിഷാദരോഗികളായിത്തീരാനും സാധ്യതകളേറെയാണ്. എല്ലാ മനുഷ്യരും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉൻമാദികളാണ്. അതിൻ്റെ തോത് ലഘൂകരിക്കണമെങ്കിൽ  ആവിഷ്ക്കാര സാധ്യതകളാവശ്യവുമാണ്.
പുതിയ കാലത്ത് ഏറ്റവും പുതിയ ആവിഷ്കരണ ഇടങ്ങളിലൂടെ  പിടിച്ചു നിൽക്കുകയാണ് സമൂഹം. ഇൻ്റർനെറ്റിൻ്റെ വിപ്ളവാത്മകമായ വളർച്ചയാണ് അതിന് വേദിയൊരുക്കുന്നത്. ഒറ്റക്കും കൂട്ടമായും ഇവിടെ വേദികൾ ഉണരുകയും സജീവമാകുകയും ചെയ്യുന്നു. വിരൽത്തുമ്പൊന്നമർത്തിയാൽ ഏത് ഭ്രമണപഥത്തേയും വരുതിയിലാക്കാവുന്ന ശാസ്ത്ര തരംഗങ്ങൾ ദന്തഗോപുരങ്ങൾ കീഴടക്കിയിരിക്കുന്നു. സ്വന്തം ഇച്ഛക്കനുസരിച്ച് പ്ലാറ്റ്ഫോമുകൾ വാർത്തെടുക്കാവുന്ന ഈ സാഹചര്യത്തിൽ അതിജീവനത്തിന് കരുത്ത് പകരുന്നത് ഒരു പരിധിവരെ  ഈ വേദികളാണ്. നവയുഗ മാധ്യമങ്ങളായ ഗൂഗിളും ,ട്വിറ്ററും, മുഖപുസ്തവും, വാട്സാപ്പും ,ഹലോയും, ഇൻസ്റ്റാഗ്രാമും   ടിക്ക് ടോക്കും ,യൂട്യൂബ് ചാനലുകളും അങ്ങിനെ നീളുന്നു സോഷ്യൽ മീഡിയ വേദികൾ .
 ഇ -റീഡിംഗും, ഇ പ്ളാറ്റുഫോമുകളും അനുദിനം വളർന്നുകൊണ്ടിരിക്കുന്നതിനാൽ യാന്ത്രികമായിക്കൊണ്ടിരുന്ന ജീവിതത്തിൽ തിരക്കിന്നിടയിലും മൊബൈലിലൂടേയും  ഇന്റർനെറ്റിലൂടെയും ലോകത്തു നടക്കുന്ന ഏതു കാര്യങ്ങളും  എവിടെയിരുന്നും അറിയാൻ കഴിയുന്നു . യാന്ത്രിക ജീവിതത്തിനിപ്പോൾ കൊറോണ തിരശ്ശീലയിട്ടിരിക്കയാണ്. അശ്രദ്ധ കൊണ്ട് നഷ്ടപ്പെടുത്തിയിരുന്ന പലതിനേയും തിരിച്ചുപിടിക്കാനുള്ള ഒരവസരം കൂടിയാണ് പ്രതിസന്ധിയാണെങ്കിലും  ഈ സമയം.
മനുഷ്യനും അവൻ്റെ സർഗ്ഗാത്മകയിടങ്ങളും  വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈയവസരത്തിൽ  അവനവന്റേതായ നവമാധ്യമങ്ങൾ സൃഷ്ടിക്കാവുന്ന സ്വാതന്ത്ര്യവും മുന്നിലനായാസം. മുഖ്യധാരപ്രിന്റ് മീഡിയയിൽ എഴുതാൻ അവസരം കിട്ടാത്ത എത്രയോ നല്ല എഴുത്തുകാർ നമുക്കു ചുറ്റും
ഉണ്ട്‌. അവർ ബ്ളോഗുകളിലൂടെയും വെബ് സൈറ്റുകളിലൂടേയും  മുഖപ്പുസ്തകത്താളുകളിലൂടെയും  തങ്ങൾക്കു പറയാനുള്ളത്
പറഞ്ഞുകൊണ്ടിരുന്നു. ഇപ്പോൾ  സോഷ്യൽ മീഡിയ മാത്രമായി ആശ്രയം. ഒരു സാഹിത്യ മാസികക്ക് രചന അയച്ച് കാത്തിരിക്കേണ്ട  മടുപ്പ്  ഇവിടെയില്ല. ഒരു വേദി ലഭിക്കാൻ പലരുടേയും കാലു പിടിക്കേണ്ട ഗതികേടും ഇല്ല.   വേദികളുടെ  ഉണർച്ചകൾ ചിലത് വ്യക്തമായ  പാനലിൻ്റെ പിൻബലത്തോടെയെങ്കിൽ  മറ്റു ചിലത്  ഒറ്റയാൻ  പ്രവർത്തനത്തിലൂടെയാണ്.   ഓരോന്നിനും അതിൻ്റേതായ  ഗുണദോഷങ്ങളുണ്ടാവാം. എന്നാലും  സാധ്യതകൾ തള്ളിക്കളയാനാവില്ല. ഡിജിറ്റൽ വേദികളുടെ കാലമാണിത്. നിലവിലുണ്ടായിരുന്ന പല പ്രസിദ്ധീകരണങ്ങളും ഓൺലൈനിലേക്ക് ചേക്കേറി.
സാമൂഹ്യാകലം ഇല്ലാത്ത സമയത്ത് ഒരു പക്ഷേ കഴിവുള്ള പലരും പാർശ്വവൽക്കരിക്കപ്പെടാം. ഇവിടെ അങ്ങിനെ മാറ്റി നിർത്തപ്പെട്ടാലും സ്വന്തമായി ഇടങ്ങൾ സൃഷ്ടിക്കാമെന്നതാണ് വ്യത്യാസം. ഇൻറർനെറ്റ് യുഗത്തിൽ എവിടെ ഉള്ളവർക്കും നമ്മുടെ പ്രവർത്തനങ്ങൾ കാണാനും നിരീക്ഷിക്കാനും കഴിയുന്നു. ഓരോ കാലത്തും ഉള്ള മാധ്യമങ്ങൾ നല്ല രീതിയിൽ ഉപയോഗിക്കാൻ പഠിക്കുകയെന്നതാണ് പ്രധാനം. ഓരോ കാലവും മാറ്റങ്ങളിലൂടെ വികസിച്ചതല്ലേ? താളിയോലയിൽ നിന്നും നാമിന്ന് വാമൊഴിയും വരമൊഴിയും കടന്ന് തിരമൊഴിയിലെത്തിയിരിക്കുന്നു. പുതിയ കാലത്തോട് മുഖം തിരിച്ചിരുന്നിട്ട് കാര്യമില്ല . അറിയാനും പഠിക്കാനും ശ്രമിക്കണം എന്ന വിചാരം സ്വയമുണ്ടാവണം. 2007 ൽ മുഖപുസ്തകത്തിൽ ചേരുമ്പോൾ ഇത്രയും ജനപ്രാതിനിധ്യമോ  ഗ്രൂപ്പുകളോ കമ്മ്യൂണിറ്റികളൊ ഉണ്ടായിരുന്നില്ല. മിന്നൽ വേഗത്തിലാണ് സോഷ്യൽ മീഡിയ വളർന്നത്. പ്രിൻറ് മീഡിയയിൽ മാത്രമെ എഴുതുയെന്ന അഭിപ്രായമുള്ളവർ പോലും ഇന്നിപ്പോൾ മുഖപുസ്തകത്തിൽ സജീവമാണ്.
 ഇ- രംഗവേദികൾ  ലൈവായും അല്ലാതെയും നടന്നുകൊണ്ടിരിക്കുന്നുണ്ടിപ്പോൾ. വിദ്യാഭ്യാസ രംഗങ്ങൾ പോലും ഓൺലൈനിലേക്ക് എത്തി. വ്യാപരിക്കുന്ന ഇഷ്ടപ്പെടുന്ന ഏത് വിഭവവും വിളമ്പാവുന്ന സ്വാതന്ത്ര്യം അവിടെ ഉണ്ട്. ആ വിഭവങ്ങൾ  ഗുണപരമായിരിക്കണം.  ഗ്രൂപ്പുകളിൽ തൽസമയ പരിപാടികളും അല്ലാതെയുള്ളവ നടത്താനും ആത്മാർപ്പണമുള്ള പല വ്യക്തികളും അവരുടേതായ സമയം  മാറ്റി വെച്ച്  മറ്റുള്ളവർക്ക് അവസരം നൽകി  ചെയ്യുന്നത്  അഭിനന്ദനീയമാണ്.  ഏത് വെല്ലുവിളിയേയും അതിജീവിച്ച് മുന്നേറുക എന്നത് പ്രധാനമാണ്. അതിന് മുമ്പിൽ വഴിയുണ്ടെങ്കിൽ അതിനെ ക്രിയാത്മകമായി ഉപയോഗിക്കുക. പുറത്തെ രംഗവേദികളും പ്രേക്ഷകരും ഒരു നിശ്ചിതയകലത്തിൻ്റെ വ്യത്യാസമുണ്ടെങ്കിൽ  ഇ- അരങ്ങുകളിൽ അകലം അനുഭവപ്പെടുന്നില്ല. കയ്യിലെ സ്മാർട്ട് ഫോൺ വഴി നമ്മൾ എവിടിരുന്നാലും ദൃശ്യങ്ങൾ കാണാം . പൊതുയോഗങ്ങളിൽ പലർക്കും മുഖാമുഖം നോക്കി അവതരിപ്പിക്കുമ്പോൾ ചിലപ്പോൾ സഭാകമ്പം അനുഭവപ്പെടാം. എന്നാൽ ഇ- അരങ്ങിൽ റെക്കോർഡിംഗ് സമയത്ത് നമ്മൾ മാത്രമെ ഉള്ളു. സഭാ കമ്പത്തിന്നിടയില്ല. എന്നിരുന്നാലും ചിലരൊക്കെ വല്ലാതെ കോൺഷ്യസ് ആവുന്നത് കാണാം. ഏതിടങ്ങളിലും നൈരന്തര്യത ലഭിച്ചാൽ സ്വാഭാവികമായ തഴക്കം കൈവരും .
വീട്ടിൽ തന്നെ അരങ്ങുകളും സ്റ്റുഡിയോകളും തീർക്കാൻ കഴിയുന്നതാണ്  ഇ- വേദിയുടെ വലിയ ഗുണം.   ഈയവസരത്തിൽ  സാഹിത്യയരങ്ങുകളും  നൃത്ത സംഗീതവാദ്യയരങ്ങുകളും   അഭിനയകലയുടെ ഡൊമോസ്ട്രേഷനുകളും  വെർച്ച്വൽ യോഗങ്ങളും  കൊണ്ട്   ഇ- വേദികൾ മുഖരിതങ്ങളാണ്.  ദേശാതിർത്തികൾ ലംഘിച്ച് ഓരോ സംസ്ഥാനത്തും ദേശങ്ങളിലും  ശാരീരികാകലം പാലിച്ച്   ഒന്നിച്ച് ചെയ്തവതരിപ്പിക്കുന്ന വീഡിയോ രംഗങ്ങളും കൗതുകകരമാണ്.  പതിനായിരങ്ങളുടെ നിറസാന്നിധ്യമായിരുന്ന തൃശൂർ പൂരം പോലും വെർച്ച്വൽ പൂരമായി കാണാൻ ഈ സന്ദർഭം വഴിയൊരുക്കിയില്ലേ? എവിടേയും യാത്ര ചെയ്യാതെ  കയ്യിലെ സ്മാർട്ട്  ഫോണുകളിലൊ  ലാപ്ടോപ്പുകളിലൂടേയോ പരിപാടികൾ കണ്ട്  വിഷാദഭരിതമായ മനസ്സുകളെ പ്രസാദാത്മകമാക്കാവുന്ന ടെക്നോളജി മുമ്പിലെത്തി.  അതിൽ ചില സാമൂഹ്യ വിരുദ്ധർ ഈയിടത്തെ തെറ്റായും ഉപയോഗിക്കുന്നു. അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ആവശ്യം.  സാമൂഹ്യ നന്മക്കായിരിക്കണം ഓരോരുത്തരും ഇ _ പ്ലാറ്റ്ഫോമുകളേയും ഉപയോഗപ്പെടുത്തേണ്ടത്.
 ഏതിടങ്ങൾ ഉപയോഗിച്ചാലും  ചെയ്യുന്ന കാര്യങ്ങൾക്ക് പെർഫെക്ഷൻ ആവശ്യമാണ്. അതില്ലെങ്കിൽ വിരസവുമാണ്. കാലം മാറുന്നതിന്നനുസരിച്ച് ചിന്തകളും വളരണം.  ഇഷ്ടപ്പെട്ടത് സ്വീകരിക്കാൻ ആസ്വാദകന്  സ്വാതന്ത്ര്യമുണ്ടല്ലൊ. ഇവിടേയും വിഭാഗീയതകൾ കാണുന്നുണ്ട്  എന്നിരുന്നാലും    ഇ- വേദികളും  നല്ല വിധത്തിൽ  ഉണർന്ന് പ്രവർത്തിക്കട്ടെ. അതിനും വിമർശനങ്ങളും  കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളുമുണ്ടാവാം. അടച്ചിട്ട വീടുകളിൽ നിന്നും പുറത്തിറങ്ങാനാവാത്തയവസ്ഥയിൽ   ഉൾത്തുടിപ്പുകൾ ഏതുവിധേനയെങ്കിലും മനുഷ്യർ പ്രകാശിപ്പിച്ചു പോവാം. പാടാനറിയാത്തവർ  ഒന്നു  മൂളിയെന്നും  ആടാനറിയാത്തവർ  ചെറു ചുവടുകൾ വെച്ചുവെന്നും വരാം.   അതിലസഹിഷ്ണുതയനുഭവപ്പെട്ടിട്ട് കാര്യവുമില്ല .മുഷ്ക്കുകളും  അരാജകത്വവും  പൂർണ്ണമായി തുടച്ചു നീക്കാനാവില്ലല്ലൊ.  തനിക്ക് പറ്റാത്തത് മറ്റു ചിലർ ചെയ്യുന്നുയെന്ന കുശുമ്പും ഉണ്ടാകാം.   മനുഷ്യർ പല വിധമല്ലേ. എല്ലാവരും ഒരുപോലെ ചിന്തിച്ചു കൊള്ളണമെന്ന് ശഠിക്കാനാവില്ല.  നല്ല വിമർശനങ്ങളെ സ്വീകരിക്കാം.  അല്ലാത്തത് തള്ളിക്കളയുക.  ഏത് പ്രതിസന്ധികളേയും  അതിജീവിക്കുകയും ഒപ്പം ക്രിയാത്മകവും ആയിരിക്കുക എന്നതാണിപ്പോഴത്തെ ആവശ്യം. വെള്ളം വറ്റി ജീവിതം നിശ്ചലമാകുന്നത് നോക്കി നിൽക്കാതെ  ഉള്ള വെള്ളമൊഴിച്ച് അതിൽ ശുഭാപ്തി വിശ്വാസത്തിൻ്റേയും പ്രതീക്ഷയുടേയും  സമാധാനത്തിൻ്റേയും  ജിവൻകിരണങ്ങൾ  പൊഴിക്കാൻ ശ്രമിക്കാം.  അടയുന്നവഴികളെ    തള്ളിത്തുറക്കുക തന്നെ വേണം. അവയിലെ കാടും പടലവും വെട്ടിമാറ്റി  പ്രകാശപൂർണ്ണമാക്കി പുതിയ സാധ്യതകളെ കണ്ടെത്താം ….. !

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker