BREAKING NEWSKERALALATEST

ഇ. ശ്രീധരന്‍ തോറ്റതോ… തോല്‍പ്പിച്ചതോ? ബിജെപിയില്‍ പുതിയ വിവാദം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ മുന്‍കൈയെടുത്തു മത്സരിപ്പിച്ച ഇ.ശ്രീധരനെ തോല്‍പിക്കാനും ബിജെപിയില്‍ ഒരു വിഭാഗം ശ്രമിച്ചെന്നു ദേശീയ നേതൃത്വത്തിനു പരാതി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 40,074 വോട്ടോടെ ബിജെപി ചരിത്രത്തിലാദ്യമായി രണ്ടാമതെത്തിയ മണ്ഡലത്തില്‍ പുതുതായി 7322 വോട്ടുകള്‍ കൂടി ബിജെപി ചേര്‍ത്തിരുന്നു.
ഈ 47,500 വോട്ടുകള്‍ക്കപ്പുറം ഇ. ശ്രീധരന്റെ ജനപിന്തുണയില്‍ ലഭിക്കേണ്ട വോട്ടുകള്‍ കൂടി പരിഗണിക്കുമ്പോള്‍ 60,000 വോട്ടുകള്‍ ലഭിക്കേണ്ട മണ്ഡലത്തില്‍ 50,052 വോട്ടുകളായത് എതിര്‍ സ്ഥാനാര്‍ഥിയുമായി ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഉന്നത നേതാവ് നടത്തിയ ഡീല്‍ ആണെന്നാണ് രഹസ്യ പരാതിയില്‍ ആരോപിക്കുന്നത്.
സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റം കൊണ്ടാല്ലാതെ ഗുണമുണ്ടാകില്ല എന്നാണ് കെ സുരേന്ദ്രനും വി മുരളീധരനും എതിരായ പക്ഷം ആരോപിക്കുന്നത്. ഇരുവര്‍ക്കുമെതിരെ നീക്കം ശക്തമാക്കിയ മറ്റ് നേതാക്കള്‍ ആര്‍എസ്എസ് പിന്തുണകൂടി ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്മിറ്റിയെ നോക്കുകുത്തിയാക്കിയും ഫിനാന്‍സ് കമ്മിറ്റി രൂപവത്കരിക്കാതെയുമാണിറങ്ങിയതെന്നും ആക്ഷേപം ഉയര്‍ന്നു. 140 നിയോജകമണ്ഡലങ്ങളില്‍നിന്നും രണ്ടുപേരുടെ വീതം സാധ്യതാ പട്ടികയാണ് സ്ഥാനാര്‍ഥിനിര്‍ണയത്തിനായി തയ്യാറാക്കിയത്. ഈ പട്ടിക തള്ളിക്കൊണ്ട് വി. മുരളീധരനും കെ. സുരേന്ദ്രനും തങ്ങളുടെ ഗ്രൂപ്പുകാര്‍ക്കും ഇഷ്ടക്കാര്‍ക്കും സ്ഥാനാര്‍ഥിത്വം വീതിച്ചു നല്‍കുകയാണുണ്ടായതെന്നാണ് മറുപക്ഷത്തിന്റെ ആരോപണം. കേന്ദ്ര നേതൃത്വത്തില്‍നിന്ന് ലഭിച്ച ഫണ്ട് വിതരണത്തിന്റെ കാര്യത്തിലും വലിയ വിവേചനം കാണിച്ചെന്നാണ് മറ്റൊരു പരാതി.
വിജയസാധ്യതയുള്ള പത്തു മണ്ഡലങ്ങളിലേക്ക് സംഘാടകരെയും സംയോജകന്മാരെയും മുഴുവന്‍ സമയ പ്രവര്‍ത്തകരെയും നല്‍കി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നുമുള്ള പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ പക്ഷങ്ങളുടെ നിര്‍ദേശം നേതൃത്വം തള്ളിയെന്നാണ് മറ്റൊരു ആക്ഷേപം. ഒരു മണ്ഡലത്തിലേക്കും പുറത്തുനിന്നു പ്രവര്‍ത്തകരെ കൊണ്ടുവരരുതെന്ന് തീരുമാനമെടുത്ത നേതൃത്വം വിജയസാധ്യതയുള്ള ചില മണ്ഡലങ്ങളില്‍നിന്ന് നേതാക്കളെ മറ്റു മണ്ഡലത്തിലേക്ക് കൊണ്ടുപോയത് ചിലരെ കരുതിക്കൂട്ടി തോല്‍പ്പിക്കാന്‍ നടത്തിയ ശ്രമമാണെന്നും ആരോപണം ഉയരുന്നു. പരാജയത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃമാറ്റത്തിലേക്ക് കടന്നതോടെ തങ്ങളുടെ ആവശ്യത്തിന് കുറെക്കൂടി പിന്തുണ കിട്ടുമെന്ന വിശ്വാസത്തിലാണ് ഈ വിഭാഗം.
നേതൃമാറ്റം എന്ന ഒറ്റ ആവശ്യത്തില്‍ ഉറച്ചാണ് വിരുദ്ധ ചേരി നീങ്ങുന്നതെങ്കില്‍, പകരം ആര് എന്ന ചോദ്യം ഉയര്‍ത്തിയാണ് ഔദ്യോഗിക പക്ഷം പിടിച്ചു നില്‍ക്കുന്നത്. കെ സുരേന്ദ്രന് പിന്‍ഗാമിയായി എത്തേണ്ടത് അത്ര തന്നെ ചുറുചുറുക്കും സംഘാടന ശേഷിയുമുള്ള ആളാകണം എന്ന വാദമാണ് ഔദ്യോഗിക പക്ഷത്തെ പിന്തുണക്കുന്നവര്‍ ഉയര്‍ത്തുന്നത്. നേതൃമാറ്റം അല്ലാതെ പാര്‍ട്ടിയുടെ തിരിച്ച് വരവിന് മറ്റ് മാര്‍ഗങ്ങളില്ല എന്നാണ് സുരേന്ദ്രന്‍ വിരുദ്ധ ചേരി വ്യക്തമാക്കുന്നത്. മുതിര്‍ന്ന നേതാക്കളെയും ജനകീയരായ നേതാക്കളെയും വെട്ടിനിരത്തി സ്തുതിപാഠക സംഘങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നല്‍കുകയായിരുന്നു എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നടപടികള്‍ക്ക് ഏറെ വൈകിപ്പോയെന്നും ഇനിയും താമസിച്ചാല്‍ നേതാക്കള്‍ മാത്രമാകും പാര്‍ട്ടിയില്‍ അവശേഷിക്കുക എന്നുമാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്.
കേരളത്തില്‍ 31 ലക്ഷം ആളുകളാണ് ബിജെപിയില്‍ പ്രാഥമിക അംഗത്വം എടുത്തിട്ടുള്ളത്. മുന്നണിക്ക് ഈ തെരഞ്ഞെടുപ്പില്‍ ആകെ ലഭിച്ചതാകട്ടെ 23.5 ലക്ഷം വോട്ടുകളും. 7.5 ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തില്ലെന്നത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന ആരോപണമാണ് ഉയരുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker