കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ എസ്ഡിപിഐ-സിപിഎം സഖ്യമെന്ന ആരോപണം തള്ളി സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്. സിപിഎം നേതാക്കള്‍ എസ്ഡിപിഐയുമായി ഒരുതരത്തിലുമുള്ള ചര്‍ച്ചയോ ആശയവിനിമയമോ നടത്തിയിട്ടില്ലെന്നും വാസവന് പറഞ്ഞു. ഈരാറ്റുപേട്ട നഗരസഭയില്‍ എസ്ഡിപിഐ പിന്തുണയോടെ സിപിഎമ്മിന്റെ അവിശ്വാസപ്രമേയം പാസായത് സംബന്ധിച്ച വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
എസ്ഡിപിഐയുമായി സിപിഎം ഒരിക്കലും ബന്ധമുണ്ടാക്കിയിട്ടില്ല. നേരത്തെ മൂന്ന് തവണ എസ്ഡിപിഐ പിന്തുണയോടെ സിപിഎമ്മിന്റെ ചെയര്‍മാനെ തിരഞ്ഞെടുത്തപ്പോള്‍ ആ നിമിഷം തന്നെ രാജിവെച്ചുപോയ പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളത്. തുടര്‍ന്നും ഇതുതന്നെയാണ് ഇപ്പോഴും പാര്‍ട്ടിയുടെ നിലപാട്. എസ്ഡിപിഐയുമായി ബന്ധം സ്ഥാപിച്ച് ഈരാറ്റുപേട്ട നഗരസഭയില്‍ ഭരണം നേടാന്‍ സിപിഎം നില്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ല. രാഷ്ട്രീയമായ ഒരു അവിശുദ്ധ കൂട്ടുകെട്ടിനും പാര്‍ട്ടി തയ്യാറല്ല. നഗരസഭയില്‍ അവിശ്വാസ പ്രമേയം വന്നപ്പോള്‍ അവര്‍ വോട്ടുചെയ്തുവെന്നത് ശരിയാണ്. എന്നാല്‍ അത് ഏതെങ്കിലും തരത്തിലുള്ള ധാരണയുടെ അടിസ്ഥാനത്തിലല്ല. ഭരിക്കാന്‍ എസ്ഡിപിഐയുടെ പിന്തുണ സ്വീകരിക്കില്ലെന്നും മന്ത്രി വിശദീകരിച്ചു.
വികസന മുരടിപ്പും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം നഗരസഭാ ചെയര്‍പേഴ്സണായിരുന്ന മുസ്ലീം ലീഗിലെ സുഹ്റാ അബ്ദുള്‍ ഖാദറിനെതിരേ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. 28 അംഗ നഗരസഭയില്‍ എല്‍ഡിഎഫിന് ഒമ്പത് അംഗങ്ങളാണുള്ളത്. ഇവര്‍ക്കൊപ്പം അഞ്ച് എസ്ഡിപിഐ അംഗങ്ങളുടെയും ഒരു കോണ്‍ഗ്രസ് വിമത അംഗത്തിന്റേയും പിന്തുണയോടെയാണ് അവിശ്വാസപ്രമേയം പാസായത്.