സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിച്ചു താഴ്ത്താന്‍ എം.വി ഗോവിന്ദന്‍ ശ്രമിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സുരേഷ് ഗോപി രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുന്‍പും നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. മണ്ഡലമോ ജാതിയോ മതമോ നോക്കി അദ്ദേഹം പ്രവര്‍ത്തിക്കാറില്ല എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
‘സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറി വളരെ അനാവശ്യമായിട്ടുള്ള പ്രചരണം ജാഥയിലുടനീളം നടത്തി. സുരേഷ് ഗോപി ചാരിറ്റി നടത്തുന്നത് രാഷ്ട്രീയ ഉദ്ദേശത്തോടുകൂടിയാണെന്നാണ് ഗോവിന്ദന്‍ പറഞ്ഞത്. സുരേഷ് ഗോപി നടത്തിയിട്ടുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളെല്ലാം സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലുമുണ്ടായിരുന്നു.
മണ്ഡലം നോക്കിയോ നോക്കിയോ ജാതി നോക്കിയോ മതം നോക്കിയോ സുരേഷ് ഗോപി പ്രവര്‍ത്തിക്കാറില്ല. അദ്ദേഹം രാഷ്ട്രീയത്തില്‍ വരുന്നതിനു മുന്‍പും ധാരാളം ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ സുരേഷ് ഗോപിയുടെ വര്‍ദ്ധിച്ച ജനപ്രീതിയെ ഇടിച്ചു താഴ്ത്താന്‍ വലിയൊരു ശ്രമം ഗോവിന്ദന്‍ നടത്തി. അതാണ് ഇന്നലെ സുരേഷ് ഗോപി മറുപടി പറയാന്‍ കാരണം.
ഈ ഗോവിന്ദനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും എത്രായിരം കോടി സംഭരിച്ച് കയ്യില്‍ വച്ചിട്ടുണ്ട്? ഒരു അഞ്ച് പൈസയുടെ സഹായം ഈ ദുഷ്ടന്മാര്‍ ആരെങ്കിലും ഏതെങ്കിലും പാവപ്പെട്ടവര്‍ക്ക് നല്‍കുന്നുണ്ടോ? പാവപ്പെട്ടവരുടെ വീട് വയ്ക്കാനുള്ള ധനസഹായം പോലും കൊള്ളയടിച്ച് വീട്ടില്‍ കൊണ്ടുപോകുന്ന ഈ തസ്‌കര സംഘം സുരേഷ് ഗോപി അദ്ദേഹത്തിന്റെ വരുമാനത്തില്‍ നിന്ന് ലഭിക്കുന്ന പണമെടുത്ത് പാവപ്പെട്ടവന് സംഭാവന ചെയ്യുമ്പോള്‍ എന്തിനാണ് ഇത്ര വേവലാതിപ്പെടുന്നത്? ഈ നീചമായ രാഷ്ട്രീയത്തെയാണ് സുരേഷ് ഗോപി ഇന്നലെ വിമര്‍ശിച്ചത്’. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.