BREAKINGINTERNATIONAL

ഈ ഗ്രാമത്തിലെ ആളുകള്‍ ചെരിപ്പ് ധരിക്കാറില്ല, കാരണം ഇതാണ്

ചെരിപ്പ് നിരോധിക്കുകയും ആളുകള്‍ നഗ്‌നപാദരായി റോഡിലൂടെ നടക്കുകയും ചെയ്യുന്ന ഒരു ഗ്രാമം ഇന്ത്യയില്‍ ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? അതെ അങ്ങനെ ഒരു ഗ്രാമം ഉണ്ട് നമ്മുടെ രാജ്യത്ത്. ആ ഗ്രാമം തമിഴ്‌നാട്ടിലാണ്. ചെന്നൈയില്‍നിന്ന് 450 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ആന്‍ഡമാന്‍ (Andaman) എന്ന കൊച്ചു ഗ്രാമമാണ് അത്. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ട് ജീവിതം നയിക്കുന്ന ഏതാനും ഗ്രാമീണര്‍ ആണ് ഈ ഗ്രാമത്തിലെ താമസക്കാര്‍.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഈ ഗ്രാമത്തില്‍ പ്രായമായവരോ രോഗികളോ മാത്രമേ ചെരിപ്പ് ധരിച്ച് നടക്കൂ, മറ്റുള്ളവരെല്ലാം നഗ്‌നപാദരായി വേണം ഗ്രാമത്തിലൂടെ നടക്കാന്‍. കുട്ടികളും ചെരുപ്പ് ധരിക്കാതെയാണ് സ്‌കൂളുകളിലും മറ്റും പോകുന്നത്. പരമ്പരാഗതമായി ഈ ഗ്രാമത്തിലെ നാട്ടുകാര്‍ക്കിടയിലുള്ള ഒരു വിശ്വാസത്തിന്റെ പേരിലാണ് ചെരുപ്പുകള്‍ ധരിക്കാന്‍ ഇപ്പോഴും ഇവിടുത്തുകാര്‍ മടി കാണിക്കുന്നത്.
മുത്യാലമ്മ എന്ന ദേവി തങ്ങളുടെ ഗ്രാമത്തെ സംരക്ഷിക്കുന്നുവെന്നാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്. ആ ദേവിയോടുള്ള ആദരസൂചകമായാണ് മണ്ണില്‍ നഗ്‌നപാദരായി ഇവര്‍ നടക്കുന്നത്. തങ്ങളുടെ ഗ്രാമത്തെ ഒരു ക്ഷേത്രം പോലെയാണ് അവര്‍ കാണുന്നത്. ആളുകള്‍ ചെരുപ്പ് ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാത്ത പോലെ ഗ്രാമത്തിലും ചെരിപ്പുകള്‍ ബഹിഷ്‌കരിച്ചിരിക്കുന്നു. പരമ്പരാഗതമായ വിശ്വാസം പിന്തുടര്‍ന്ന് ഇന്നും ഗ്രാമവാസികള്‍ അത് പാലിക്കുന്നു. മറ്റൊരു ഗ്രാമത്തില്‍ നിന്ന് ആരെങ്കിലും ഈ ഗ്രാമത്തില്‍ എത്തിയാല്‍ പോലും ഈ സവിശേഷ ആചാരത്തെ കുറിച്ച് അവരെ അറിയിക്കാറുണ്ട്.
ഈ ആചാരം ചെയ്യാന്‍ വിസമ്മതിക്കുന്നവര്‍ക്ക് ദുരൂഹമായ പനി പിടിപെടുമെന്നും അത് ഗ്രാമത്തില്‍ പടര്‍ന്ന് എല്ലാവരെയും കൊല്ലുമെന്നും ഗ്രാമവാസികള്‍ കരുതുന്നു. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഗ്രാമവാസികള്‍ മുത്യാലമ്മ ദേവിയെ ആരാധിക്കുകയും 3 ദിവസത്തേക്ക് ഉത്സവം സംഘടിപ്പിക്കുകയും ചെയ്യുന്നു.

Related Articles

Back to top button