BREAKING NEWSKERALA

ഉത്തരവാദിത്വവുമില്ലാതെ എന്തും പറയാമെന്നത് ഇക്കാലത്തെ സോഷ്യല്‍മീഡിയ ദുരന്തം: ഹൈക്കോടതി

കൊച്ചി: സാമൂഹികമാധ്യമങ്ങളില്‍ യാതൊരു ഉത്തരവാദിത്വവുമില്ലാതെ എന്തും പറയാമെന്നത് ഇക്കാലഘട്ടത്തിന്റെ ദുരന്തമാണെന്ന് ഹൈക്കോടതി. നല്ല മനുഷ്യരുടെ കൈയില്‍ സാമൂഹികമാധ്യമം മികച്ചതാണ്. എന്നാല്‍, മറ്റുചിലര്‍ക്ക് ഇത് അവരുടെ ഹീനമായ അഭിരുചികള്‍ പ്രകടിപ്പിക്കാനുള്ള ഇടമായിമാറുന്നു.
മോന്‍സണ്‍ കേസില്‍ ഹൈക്കോടതിയുടെ ഉത്തരവിനെ വിമര്‍ശിച്ച് മുന്‍ സബ് ജഡ്ജിയായിരുന്ന എസ്. സുദീപ് ഫെയ്‌സ് ബുക്കിലിട്ട കുറിപ്പിനെ മുന്‍നിര്‍ത്തിയായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം. ജഡ്ജിയെപ്പോലും വ്യക്തിപരമായി ആക്രമിക്കുന്ന ഫെയ്‌സ് ബുക്ക് കുറിപ്പില്‍ കോടതിയലക്ഷ്യത്തിന് കേസെടുക്കേണ്ടതായിട്ടും മുന്‍ ജുഡീഷ്യല്‍ ഓഫീസര്‍ക്ക് വിശദീകരണത്തിന് അവസരം നല്‍കി. അതിനെയും തത്ക്ഷണം അപഹസിച്ചുകൊണ്ട് സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടു.
സ്വയം ഒരു രക്തസാക്ഷിയായി ചിത്രീകരിക്കാനുള്ള ശ്രമവുമുണ്ടായി. നിഷേധിയുടെ മാനസികാവസ്ഥയാണിത്, അവര്‍ക്ക് ഒന്നും വിശദീകരിക്കാനുണ്ടാകില്ല. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വലിയ ഇടമാണ് ഇന്റര്‍നെറ്റ്. താന്‍ അതിന്റെ വലിയ ആരാധകനുമാണ്. എന്നാല്‍, ഇത്തരം വ്യക്തികള്‍ ഈ സ്വാതന്ത്ര്യത്തെ അതിന്റെ അങ്ങേയറ്റത്തേക്കെത്തിക്കുന്നു. അവരെ പ്രോത്സാഹിപ്പിച്ച് ലൈക്കുകളും കമന്റുകളുമിടാന്‍ സൈബര്‍ സുഹൃത്തുക്കളുമുണ്ട്. എന്നാല്‍, അതിന്റെ ആത്യന്തികമായ ഫലം അനുഭവിക്കാന്‍ ആരുമുണ്ടാകില്ല. സ്വാതന്ത്ര്യത്തെക്കുറിച്ച് ശരിയായി ചിന്തിക്കുന്നവര്‍പോലും ഓണ്‍ലൈന്‍ സ്‌പേസില്‍ നിയന്ത്രണം ആവശ്യമാണെന്ന് കരുതിപ്പോകുന്നത് ഇതിനാലാണ്.
മുന്‍ ജുഡീഷ്യല്‍ ഓഫീസര്‍ ശ്രദ്ധപിടിച്ചുപറ്റാനായി നിരന്തരമായി ഒരോന്ന് പറയുകയാണ്. കോടതിയുടെ ചെലവിലും അദ്ദേഹം പ്രശസ്തിനേടേണ്ടതില്ല. അതിനാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനായി പുറപ്പെടുവിച്ച സമന്‍സ് റദ്ദാക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും സുദീപ് വ്യാഴാഴ്ച കോടതിയില്‍ ഹാജരായില്ല. സുദീപിന്റെ സമൂഹികമാധ്യമത്തിലെ പോസ്റ്റുകളില്‍ ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ നടപടി സ്വീകരിക്കാന്‍ രജിസ്ട്രിയോട് കോടതി നിര്‍ദേശിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker