BREAKINGNATIONALNEWS
Trending

ഉത്തര്‍പ്രദേശില്‍ ആധ്യാത്മിക പരിപാടിയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; 87 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ തിക്കിലും തിരക്കിലും പെട്ട് 87 മരണം. ആധ്യാത്മിക പരിപാടിയ്ക്കിടെയാണ് അപകടമുണ്ടായത്. തിരക്കില്‍പ്പെട്ട 150ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.

പരുക്കേറ്റവരെ ഹാത്രസിലേയും എറ്റയിലേയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഹാത്രസിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൂട്ടിയിട്ടിരിക്കുകയാണെന്ന് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയര്‍ന്നിരുന്നു. പുറത്തുവരുന്ന വിഡിയോകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരോ അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. മരിച്ചവരെ മുഴുവന്‍ പേരെയും തിരിച്ചറിഞ്ഞിട്ടില്ല.

മാനവ് മംഗള്‍ മിലന്‍ സദ്ഭാവന സമാഗം കമ്മിറ്റി സംഘടിപ്പിച്ച സത്സംഗത്തിനിടെയാണ് തിക്കും തിരക്കും വര്‍ധിച്ച് അപകടമുണ്ടായത്. സത്സംഗത്തിന് ശേഷം ആളുകള്‍ തിരികെ വീടുകളിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ആളുകള്‍ക്ക് തിരിച്ച് ഇറങ്ങാനുള്ള വഴി വളരെ വീതി കുറഞ്ഞതായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ ആരോപിക്കുന്നു. തിരക്കില്‍പ്പെട്ട് ആളുകള്‍ മറിഞ്ഞുവീഴുകയും അതിന് മുകളിലേക്ക് വീണ്ടും വീണ്ടും ആളുകള്‍ വീഴുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് കൃത്യമായി പരിശോധന നടത്തുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

Related Articles

Back to top button