BREAKINGKERALANEWS

‘ഉത്സവങ്ങള്‍ക്കുള്ള ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ല’; വീണ്ടും നിലപാട് കടുപ്പിച്ച് ഹൈക്കോടതി

കൊച്ചി: ആന എഴുന്നള്ളിപ്പിനെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ഉത്സവങ്ങള്‍ക്കുള്ള ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. അനിവാര്യമായ ആചാരമല്ലെങ്കില്‍ ഉത്സവങ്ങള്‍ക്ക് ആന എഴുന്നള്ളിപ്പ് തുടരാനാവില്ല. ഒരുകാര്യം ഏറെ കാലമായി സംഭവിക്കുന്നതുകൊണ്ട് മാത്രം അനിവാര്യമായ മതാചാരമാകില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

 

 

എഴുന്നള്ളിപ്പിന് ആനകള്‍ തമ്മിലുള്ള മൂന്ന് മീറ്റര്‍ അകലം കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകല പരിധി നിശ്ചയിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ജില്ലാ കളക്ടര്‍മാര്‍ക്ക് നിരീക്ഷണ ചുമതല നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവുകള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നത് അംഗീകരിക്കില്ല. ഉത്തരവ് നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ നീതിന്യായ വ്യവസ്ഥ സ്വീകരിക്കുമെന്നും ഹൈക്കോടതി നിലപാട് കടുപ്പിച്ചു.

ഇക്കഴിഞ്ഞ നവംബര്‍ പതിനാലാം തീയതി ആന എഴുന്നള്ളിപ്പിന് ഹൈക്കോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചിരുന്നു. എഴുന്നള്ളിപ്പില്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശം ഹൈക്കോടതി മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തീവെട്ടികളില്‍ നിന്ന് അഞ്ച് മീറ്റര്‍ ദൂരപരിധി ഉറപ്പാക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ദിവസം മുപ്പത് കിലോമീറ്ററില്‍ കൂടുതല്‍ ആനകളെ നടത്തിക്കരുതെന്നും രാത്രി പത്ത് മുതല്‍ രാവിലെ നാല് മണിവരെ ആനകളെ യാത്ര ചെയ്യിക്കരുതെന്നും ഹൈക്കോടതി മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിരുന്നു. ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് നേരത്തേയും ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.

Related Articles

Back to top button