BREAKING NEWSNATIONAL

ഉദയ്പൂര്‍ കൊലപാതകം: നിര്‍ദ്ദേശം പാക്കിസ്ഥാനില്‍ നിന്ന്, സൂത്രധാരന്‍ സല്‍മാന്‍

ന്യൂഡല്‍ഹി: ഉദയ്പൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് പിന്നിലെ പാക് പങ്കിന് തെളിവ് ലഭിച്ചതായി എന്‍ഐഎ. കനയ്യ ലാലിന്റെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്‍ പാകിസ്ഥാനിലുള്ള സല്‍മാനെന്നും ഏജന്‍സി വ്യക്തമാക്കുന്നു. നബി വിരുദ്ധ പരാമര്‍ശത്തിനെതിരെ ശക്തമായ തിരിച്ചടി നല്‍കണമെന്ന് പ്രതികളോട് സല്‍മാന്‍ നിര്‍ദ്ദേശിച്ചതായി എന്‍ഐഎ വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നടന്ന കൊലപാതകങ്ങളുമായി ഉദയ്പൂര്‍ കേസിന് ബന്ധമുള്ളതായാണ് ഏജന്‍സിയുടെ നിഗമനം.
പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സംസാരിച്ച നൂപുര്‍ ശര്‍മയെ പിന്തുണച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടതിനാണ് കനയ്യ ലാല്‍ എന്ന തയ്യല്‍ക്കാരനെ പട്ടാപ്പകല്‍ ഗോസ് മുഹമ്മദ്, റിയാസ് അക്താരി എന്നിവര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികളെ പൊലീസ് പിടികൂടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വീഡിയോയിലൂടെ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
കനയ്യ ലാലിന്റെ ശരീരത്തില്‍ 26 മുറിവുകളുണ്ടായിരുന്നു. കൊലയാളികള്‍ ക്രൂരമായ കൊലപാതകം ചിത്രീകരിക്കുകയും പിന്നീട് ഒരു വീഡിയോയില്‍ അതിനെക്കുറിച്ച് ആഹ്ലാദിക്കുകയും ചെയ്തു. 46 കാരനായ തയ്യല്‍ക്കാരന്റെ ശരീരത്തില്‍ 26 കുത്തേറ്റ മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഭീകര സംഘടനയായ ഐഎസ് രീതിയിലാണ് കനയ്യ ലാലിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കനത്ത സുരക്ഷയ്‌ക്കൊടുവിലാണ് പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്. കോടതി ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
കേസിലെ പ്രതി റിയാസ് അക്താരിയുടെ ബൈക്ക് നമ്പര്‍ 2611 എന്നാണ്. 5000 രൂപ അധികം നല്‍കി സ്വന്തമാക്കിയതാണ് ഈ നമ്പറെന്ന് രാജസ്ഥാന്‍ പൊലീസ് പറയുന്നു. മുംബൈ ഭീകരാക്രമണത്തെ സൂചിപ്പിക്കുന്നതാണ് 2611. പ്രതികള്‍ക്ക് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് രാജസ്ഥാന്‍ പൊലീസ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് റിയാസിന്റെ വണ്ടി നമ്പര്‍ വിവരവും പൊലീസ് വെളിപ്പെടുത്തിയത്. RJ 27 AS 2611 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ബൈക്ക് ഇപ്പോള്‍ ഉദയ്പൂരിലെ ധന്‍മണ്ഡി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണ്. റിയാസ് ബോധപൂര്‍വം 2611 എന്ന നമ്പര്‍ ആവശ്യപ്പെടുകയും ഇതിനായി അധികം 5,000 രൂപ അധികമായി നല്‍കിയതായും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
കൊലപാതകത്തിന് ശേഷം ഇരുവരും രക്ഷപ്പെടാന്‍ ശ്രമിച്ചതും ഈ ബൈക്കിലാണ്. 2013ല്‍ എച്ച്ഡിഎഫ്‌സിയില്‍ നിന്ന് ലോണ്‍ എടുത്താണ് റിയാസ് അക്തരി ബൈക്ക് വാങ്ങിയതെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് (ആര്‍ടിഒ) രേഖകള്‍ വ്യക്തമാക്കുന്നു. വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധി 2014 മാര്‍ച്ചില്‍ അവസാനിച്ചു. 2014ല്‍ നേപ്പാള്‍ സന്ദര്‍ശിച്ചതായി റിയാസിന്റെ പാസ്‌പോര്‍ട്ട് രേഖകള്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker