BREAKING NEWSKERALA

ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ്; രഹസ്യരേഖകള്‍ ചോര്‍ന്നാല്‍ നടപടി

തിരുവനന്തപുരം: ഔദ്യോഗിക രഹസ്യരേഖകള്‍ ചോര്‍ന്നാല്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്ന് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.
പോലീസിന്റെ തോക്കും തിരകളും കാണാതായതുസംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് ചോര്‍ന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. സി.എ.ജി. റിപ്പോര്‍ട്ട് മനഃപൂര്‍വം ചോര്‍ത്തിയതാകാനുള്ള സാധ്യത തള്ളാനാവില്ലെന്നാണ് അന്വേഷണറിപ്പോര്‍ട്ട്. മുന്‍െസ്പഷ്യല്‍ സെക്രട്ടറി ആര്‍. രാജശേഖരന്‍ നായരാണ് അന്വേഷിച്ചത്. അദ്ദേഹം നല്‍കിയ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചു.
കടലാസ് ഫയലുകള്‍ സെക്രട്ടേറിയറ്റില്‍നിന്ന് പുറത്തുള്ള വകുപ്പുകളിലേക്കോ ഓഫീസുകളിലേക്കോ ലെയ്‌സണ്‍ ഓഫീസര്‍വഴി കൈമാറുന്നത് അവസാനിപ്പിക്കണം. അനിയന്ത്രിതമായ സ്വാതന്ത്ര്യം കിട്ടുന്നതും സ്വാധീനം കൈവരിക്കുന്നതും തടയാന്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ ലെയ്‌സണ്‍ ഓഫീസറെ മാറ്റണം. കൈമാറുന്ന രഹസ്യരേഖകള്‍ ഇരട്ടക്കവറിലായിരിക്കണം. സുപ്രധാന രേഖകള്‍ ഇമെയില്‍ വഴി കൈമാറണം.
വിവരസുരക്ഷയ്ക്ക് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സൈബര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഡിവിഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത് എല്ലാ ഉദ്യോഗസ്ഥരും പാലിക്കണം.
തങ്ങളുടെ കൈവശമുള്ള രഹസ്യരേഖകളിലെ വിവരം മൂന്നാമതൊരാള്‍ക്ക് അനധികൃതമായി കിട്ടാനിടവരില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഉദ്യോഗസ്ഥരുടെ ബാധ്യതയാണ്. കേരളസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടമനുസരിച്ചുള്ള ജോലിയോടുള്ള സമര്‍പ്പണവും പ്രതിബദ്ധതയും പുലര്‍ത്തണം. ഉദ്യോഗസ്ഥര്‍ അന്തസ്സുകാട്ടണം. ഔദ്യോഗികരേഖകളും ഡേറ്റയും ചോര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ കേരള സിവില്‍ സര്‍വീസ് ചട്ടങ്ങള്‍പ്രകാരം അച്ചടക്കനടപടി നേരിടേണ്ടിവരുമെന്നും ഉത്തരവില്‍ പറയുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker