BREAKING NEWSNATIONAL

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ പാര്‍ലമെന്റ് അംഗങ്ങള്‍ ഇന്ന് തെരഞ്ഞെടുക്കും. എന്‍ഡിഎയിലെ ജഗ്ദീപ് ധന്‍കറും പ്രതിപക്ഷമുന്നണിയിലെ മാര്‍ഗരറ്റ് ആല്‍വയുമാണ് സ്ഥാനാര്‍ഥികള്‍. ധന്‍കര്‍ വിജയമുറപ്പിച്ചുകഴിഞ്ഞു. പാര്‍ലമെന്റ് ഹൗസില്‍ രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് വോട്ടെടുപ്പ് നടക്കുക.
ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളായ 788 പേരാണു വോട്ടര്‍മാര്‍. നോമിനേറ്റഡ് അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ട്. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ ചെയര്‍പേഴ്‌സണ്‍. ഇപ്പോഴത്തെ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവിന്റെ കാലാവധി ഈ മാസം പത്തിന് അവസാനിക്കും.
എന്‍ഡിഎ ഇതര കക്ഷികളായ ബിഎസ്പി, വൈഎസ്ആര്‍സി, ബിജെഡി എന്നിവയുടെ പിന്തുണ ജഗദീപ് ധന്‍കറിനുണ്ട്. ലോക്‌സഭയിലും രാജ്യസഭയിലുമായി 36 എംപിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുന്നത് മാര്‍ഗരറ്റ് ആല്‍വയ്ക്കു തിരിച്ചടിയാണ്.
പുതിയ ഉപരാഷ്ട്രപതി വ്യാഴാഴ്ച ചുമതലയേല്‍ക്കും.ലോക്‌സഭയിലെയും രാജ്യസഭയിലെയും 780 എംപിമാര്‍ അടങ്ങുന്നതാണ് ഇലക്ടറല്‍ കോളജ്. ലോക്‌സഭയില്‍ 543 എംപിമാരും രാജ്യസഭയില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ഒമ്പത് പേരടക്കം 237 എംപിമാരുമാണ് നിലവിലുള്ളത്. 391 വോട്ടാണ് ജയിക്കാനാവശ്യം. ബിജെപിക്ക് മാത്രമായി ലോക്‌സഭയില്‍ 303ഉം രാജ്യസഭയില്‍ 91ഉം അംഗങ്ങളുണ്ട്.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തില്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം പ്രതിപക്ഷ കൂട്ടായ്മയ്ക്ക് തിരിച്ചടിയാണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തി. 43 എംപിമാരാണ് തൃണമൂലിനുള്ളത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker