BREAKINGKERALA

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കള്ളക്കേസ്, ഇത്തരം പ്രതിസന്ധികളാണ് തന്നെ കൂടുതല്‍ കരുത്തനാക്കിയത്- ആന്റണിരാജു

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് മുന്‍ മന്ത്രി ആന്റണി രാജു. കോടതി വിധിയില്‍ യാതൊരു ആശങ്കയുമില്ലെന്നും അന്തിമവിജയം തനിക്കുതന്നെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അതില്‍ ആശങ്കയോ ഭയമോ ഇല്ലെന്നും വ്യക്തമാക്കിയ ആന്റണിരാജു, ഇത്തരം പ്രതിസന്ധികളാണ് തന്നെ കൂടുതല്‍ കരുത്തനാക്കിയതെന്നും മാധ്യമങ്ങളോടു പറഞ്ഞു.
‘കേസില്‍ പലരും പ്രതീക്ഷിച്ചിരുന്നത് സിബിഐ ആന്വേഷണത്തിന് കോടതി ഉത്തരവിടും എന്നായിരുന്നു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായാണ് പലരും സുപ്രീംകോടതിയെ സമീപിച്ചത്. അത് കോടതി അംഗീകരിച്ചില്ലല്ലോ. കഴിഞ്ഞ 34 വര്‍ഷമായി ഓരോ ഘട്ടത്തിലും ഈ കേസ് ചര്‍ച്ച ചെയ്യുന്നുണ്ട്. 1990-ലെ ഒരു കേസാണിത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ഈ കള്ളക്കേസ് എനിക്കെതിരേ രൂപപ്പെടുത്തിയെടുത്തത്.
1990 മുതല്‍ 2006 വരെ വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചു. ഇന്റര്‍പോളും സിബിഐയും അന്വേഷിച്ചു. ഞാനല്ലാ, വേറെയാളാണ് പ്രതിയെന്ന് ആ റിപ്പോര്‍ട്ടുകളില്‍ ഉണ്ടല്ലോ. എ.കെ.ആന്റണിയുടെ കാലത്തും അന്വേഷിച്ചു. ഞാന്‍ നിരപരാധിയാണെന്ന റിപ്പോര്‍ട്ടാണ് അന്നും കോടതിയില്‍ കൊടുത്തത്. 2006-ലെ തിരഞ്ഞെടുപ്പില്‍ എന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ഉമ്മന്‍ചാണ്ടി അടിയന്തരമായി പുനരന്വേഷണത്തിന് ഉത്തരവിടുകയും കള്ളക്കേസ് ഉണ്ടാക്കി കുറ്റപത്രം നല്‍കുകയുമാണ് ഉണ്ടായത്’, ആന്റണി രാജു ആരോപിച്ചു.
വൈരാഗ്യബുദ്ധിയോടെ എടുത്ത കേസാണിതെന്ന് ഇപ്പോഴുള്ള സര്‍ക്കാരിന് കോടതിയെ ബോധ്യപ്പെടുത്താന്‍ ആയില്ലല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഒരു സര്‍ക്കാരിന്റെ കാലത്തില്‍ കൊടുത്ത റിപ്പോര്‍ട്ടിനെ ഖണ്ഡിച്ചുകൊണ്ട് മറ്റൊരു സര്‍ക്കാരിന്റെ കാലത്ത് പോലീസിന് റിപ്പോര്‍ട്ടുകൊടുക്കാന്‍ സാങ്കേതികമായ ബുദ്ധിമുട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആളുകള്‍ മാറിവന്നാലും സര്‍ക്കാര്‍ എന്നുപറയുന്നത് ഒന്നാണ്. ആ സര്‍ക്കാരിന്റെ ഭാഗത്തുനിന്നെടുക്കുന്ന നിലപാടില്‍ റിപ്പോര്‍ട്ടു ഫയല്‍ചെയ്ത പോലീസിന് അതില്‍ ഉറച്ചുനില്‍ക്കേണ്ടിവരുമെന്നും അതില്‍ എന്താണ് ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.
2006-ല്‍ ഫയല്‍ചെയ്ത കുറ്റപത്രത്തിനെതിരേ ഒരിക്കലും ക്വാഷ് ചെയ്യാന്‍ പോയിട്ടില്ല. പക്ഷെ 2021-ല്‍ താന്‍ മന്ത്രിയായതിനുശേഷം കേസ് ചിലര്‍ കുത്തിപ്പൊക്കി. മന്ത്രി സ്ഥനത്തുനിന്നും തന്നെ മാറ്റാനുള്ള ശ്രമവും നടത്തി. അതുകൊണ്ടാണ് ഹൈക്കോടതിയില്‍പോയി എഫ്.ഐ.ആര്‍ ക്വാഷ് ചെയ്തതെന്നും വിചാരണ നേരിടാനാണ് കോടതി പറയുന്നതെങ്കില്‍ വിചാരണ നേരിടുമെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button