BREAKINGKERALA
Trending

ഉരുള്‍പൊട്ടല്‍ ദുരന്തം; ‘മണ്ണിനടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ സഹായം തേടും’: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 144 മൃതദേഹം കണ്ടെടുത്തു. ഇതില്‍ 79 പേര്‍ പുരുഷന്‍മാരും 64 സ്ത്രീ പേര്‍ സ്ത്രീകളുമാണ്. 191 പേരെ ഇനിയും കാണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാട് ഇതുവരെ കാണാത്ത ദുരന്തമാണ് ഉണ്ടായത്. ദുരന്ത മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ഊര്‍ജ്ജിത ശ്രമം തുടരുകയാണ്. ആദിവാസി കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നു. രണ്ട് ദിവസമായി നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 1592 പേരെ രണ്ട് ദിവസത്തിനകം രക്ഷപ്പെടുത്തിയെന്നും മന്ത്രിമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയധികം പേരെ രക്ഷിക്കാനായത് ഏകോപിതവും അതിവിപുലവുമായ ദൗത്യത്തിന്റെ നേട്ടമാണ്. ആദ്യ ഘട്ടത്തില്‍ ദുരന്ത മുണ്ടായത്തിന്റെ സമീപസ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 206 പേരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റി. ഇതില്‍ 75 പുരുഷന്മാര്‍ 88 സ്ത്രീകള്‍, 43 കുട്ടികള്‍ എന്നിവരാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട് പോയവരും വീടുകളില്‍ കുടുങ്ങി പോയവരുമായ 1386 പേരെ തുടര്‍ന്നുള്ള രക്ഷാ ദൗത്യത്തിന്റെ ഫലമായി രക്ഷിച്ചു. ഇതില്‍ 528 പുരുഷന്മാര്‍, 559 സ്ത്രീകള്‍, 299 കുട്ടികള്‍ എന്നിവരെ ഏഴ് ക്യാമ്പുകളിലേക്ക് മാറ്റി. 201 പേരെ രക്ഷിച്ചു ആശുപത്രിയിലെത്തിക്കാനായി. ഇതില്‍ 90 പേരാണ് ഇപ്പോള്‍ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
82 ക്യാമ്പിലായി 8107 പേരാണുള്ളത്. അതില്‍ 19 പേര്‍ ഗര്‍ഭിണികളാണ്. മേപ്പാടിയില്‍ 8 ക്യാമ്പുകളാണ് ഉള്ളത്. മൊത്തം 421 കുടുംബങ്ങളിലായി 1486 പേര്‍ ഈ ക്യാമ്പുകളില്‍ ഇപ്പോള്‍ കഴിയുകയാണ്. നിലവില്‍ 1167 പേരുള്‍പ്പെടുന്ന സംഘത്തേയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. അതില്‍ 10 സ്റ്റേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സമീപ ജില്ലയില്‍ നിന്ന് ഉള്‍പ്പെടെയുള്ള 645 അഗ്‌നിസേനാംഗങ്ങളും, 94 എന്‍.ഡി.ആര്‍ഫ് അംഗങ്ങളും, 167 ഡി.എസ്.സി അംഗങ്ങളും, എം.ഇ.ജിയില്‍ നിന്നുള്ള 153 പേരും ഉള്‍പ്പെടുന്നു. കോസ്റ്റ് ഗാര്‍ഡ് അംഗങ്ങളും ഇന്നലെ എത്തിച്ചേര്‍ന്നിട്ടുണ്ട്.
റോഡ് തടസം ഒഴിവാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പിണറായി വിജയന്‍ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് 132 സേനാ അംഗങ്ങള്‍ കൂടി വയനാട്ടിലേക്കെത്തി. മണ്ണില്‍ അടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ശ്രമം നടത്തും. ഇതിനായി റിട്ടേഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ സഹായം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button