ന്യൂഡല്‍ഹി: കേരളത്തില്‍ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍പെട്ട ആനയെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയി സംരക്ഷിക്കാമെന്ന് സുപ്രീം കോടതി ജസ്റ്റിസുമാര്‍. സുപ്രീം കോടതി ജസ്റ്റിസുമാരായ ബേല എം. ത്രിവേദിയും സതീഷ് ചന്ദ്ര ശര്‍മയുമാണ് ഉടമസ്ഥാവകാശ തര്‍ക്കത്തില്‍പെട്ട നാട്ടാനയായ രാമനെ (ഊട്ടോളി രാമന്‍) തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയി സംരക്ഷിക്കാമെന്ന് അഭിപ്രായപ്പെട്ടത്.
രാമന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം തുടരുകയാണെങ്കില്‍ ഗുജറാത്തില്‍ അനന്ത് അംബാനി സ്ഥാപിച്ച ‘വന്‍താര’ക്ക് കൈമാറിക്കൂടെ എന്നാണ് ജസ്റ്റിസ് ബേല എം. ത്രിവേദി ആരാഞ്ഞത്. ഉത്തര ഗുജറാത്തിലെ പടാന്‍ സ്വദേശിനിയാണ് ജസ്റ്റിസ് ബേല എം ത്രിവേദി. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലയളവില്‍ സംസ്ഥാനത്തിന്റെ നിയമ സെക്രട്ടറി കൂടിയായിരുന്നു ഇവര്‍.
അതേസമയം, തര്‍ക്കത്തിലുള്ള നാട്ടാനയായ രാമനെ തന്റെ സംസ്ഥാനമായ മധ്യപ്രദേശിലേക്ക് കൊണ്ടുപോകാം എന്നായിരുന്നു ഉടമസ്ഥാവകാശ തര്‍ക്ക കേസ് പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ അഭിപ്രായപ്പെട്ടത്. മധ്യപ്രദേശില്‍ നിരവധി മനോഹരമായ വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍ ഉണ്ടെന്നും ആന അവിടെ സന്തോഷത്തോടെ ജീവിക്കുമെന്നും ജസ്റ്റിസ് ശര്‍മ അഭിപ്രായപ്പെട്ടു.
ആന്‍ഡമാനില്‍നിന്ന് കേരളത്തിലെത്തിയ ആന, ഇപ്പോഴത്തെ ഉടമയാര്? സുപ്രീം കോടതി പരിഗണിക്കുന്ന കേസിന്റെ ചരിത്രം…
കെ.വി. സദാനന്ദന്‍ എന്നയാള്‍ ആന്‍ഡമാന്‍ നിക്കോബാറില്‍നിന്ന് കൊണ്ടുവന്ന മധു എന്ന കുട്ടിയാനയെ വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തില്‍ 2001 സെപ്റ്റംബര്‍ 12-ന് നടയ്ക്കിരുത്തി. മധുവിന് രാമന്‍ എന്ന് പേരിട്ടത് മാതാ അമൃതാനന്ദമയി ആണ്. രാമന്‍ എന്നാണ് സര്‍ക്കാര്‍ രേഖകളിലും ഈ ആനയുടെ പേര്. ഔദ്യോഗിക രേഖകള്‍ പ്രകാരം ഈ ആനയുടെ ഉടമസ്ഥര്‍ അമൃതാനന്ദമയി മഠം ആണ്.
2017-ല്‍ മദപ്പാടിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതിന് ശേഷം രാമനെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായി. ഇതേത്തുടര്‍ന്ന് രാമനെ പരിപാലിക്കാനും ശുശ്രൂഷിക്കാനുമായി തൃശൂര്‍ ഊട്ടോളി സ്വദേശിയായ കൃഷ്ണന്‍കുട്ടി എന്ന വ്യക്തിക്ക് കൈമാറി എന്നാണ് അമൃതാനന്ദമയി മഠത്തിന്റെ വാദം. എന്നാല്‍, പാപ്പാന്മാര്‍ രാമനെ ക്രൂരമായി ഉപദ്രവിക്കുവെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ആനയെ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഉത്സവസ്ഥലങ്ങളിലും മറ്റും രാമനെ കൊണ്ടുപോയതിലൂടെ നല്ലൊരു വരുമാനം കൃഷ്ണന്‍കുട്ടിക്ക് ലഭിച്ചിട്ടുണ്ടെങ്കിലും 2017 മുതല്‍ രാമനെ പരിപാലിച്ചതിന് 35 ലക്ഷം നല്‍കാന്‍ തയ്യാറാണെന്ന് അമൃതാനന്ദമയി മഠത്തിനുവേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറയും അഭിഭാഷകന്‍ എ. കാര്‍ത്തിക്കും സുപ്രീം കോടതിയെ അറിയിച്ചു.
എന്നാല്‍, കൃഷ്ണന്‍കുട്ടിയുടെ വാദം ആനയുടെ ഇപ്പോഴത്തെ ഉടമസ്ഥന്‍ താനാണെന്നാണ്. 2017-ല്‍ മദപ്പാടിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതിന് ശേഷം അമൃതാനന്ദമയി മഠം, കെ.വി. സദാനന്ദന് രാമനെ മടക്കിനല്‍കിയെന്നാണ് കൃഷ്ണന്‍കുട്ടിയുടെ വാദം. ഇഷ്ടദാനമായാണ് സദാനന്ദന് ആനയെ മടക്കിനല്‍കിയത്. ആനയെ പരിപാലിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ സദാനന്ദന്‍ രാമനെ ഇഷ്ടദാനമായി തനിക്ക് കൈമാറിയെന്നും കൃഷ്ണന്‍കുട്ടി പറയുന്നു. രാമന്റെ ഉടമസ്ഥാവകാശം ലഭിച്ചശേഷം ആനയ്ക്ക് ഊട്ടോളി രാമന്‍ എന്ന പേരിട്ടതായും സുപ്രീം കോടതിയില്‍ കൃഷ്ണന്‍കുട്ടി ഫയല്‍ചെയ്ത ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. ആനയെ സംരക്ഷിച്ചതിനും ചികിത്സയ്ക്കും അടക്കം നടപടികള്‍ക്കായി മൂന്ന് കോടിയിലേറെ ചെലവായെന്നും കൃഷ്ണന്‍ കുട്ടി അവകാശപ്പെടുന്നു. കൃഷ്ണന്‍കുട്ടിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് ആണ് സുപ്രീം കോടതിയില്‍ ഹാജരായത്.
രാമനെ തിരികെ നല്‍കുന്നില്ലെന്ന് ആരോപിച്ച് അമൃതാനന്ദമയി മഠം, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ കേസ് നല്‍കിയതോടെയാണ് ആനത്തര്‍ക്കം നിയമ പോരാട്ടത്തിലേക്ക് കടക്കുന്നത്. ഇതിനിടെ ആനയുടെ കസ്റ്റഡി ആവശ്യപ്പെട്ട് മഠം കരുനാഗപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. എന്നാല്‍, ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കൃഷ്ണന്‍കുട്ടിക്ക് അനുകൂലമായി വിധിച്ചു. ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും മഠത്തിന് അനുകൂലമായി വിധിക്കുകയും ചെയ്തു. ഹൈക്കോടതി ഉത്തരവിനെതിരെ കൃഷ്ണന്‍കുട്ടി നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുന്നത്.