WEB MAGAZINEARTICLES

ഊരാളുങ്കൽ ലേബർ സൊസൈറ്റിയും വാഗ്ഭടാനന്ദനും

ശ്രേയാസ് കണാരന്‍
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിലെ ഇ ഡി പരിശോധന കൊടിയുടെ നിറത്തിനനുസരിച്ച വ്യത്യസ്തമായ വായനക്ക് വിധേയപ്പെട്ടുകൊണ്ടിരിക്കുന്ന ദിവസങ്ങളായതുകൊണ്ട് ഓർമ്മിച്ചുപോകുന്നു…
വാഗ്ഭടാനന്ദൻ സ്ഥാപിച്ച മഹത്തായ സ്ഥാപനം എന്ന വാദമുയർത്തിയാണ് കേരളം ഭരിക്കുന്നവർ ഊരാളുങ്കലിനെതിരായ ആരോപണങ്ങളെ പ്രാഥമികമായി പ്രതിരോധിക്കാൻ ശ്രമിക്കുന്നത് … വാഗ്ഭടാനന്ദൻ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറോ പാർട്ടിയുടെ റിക്രൂട്ട്മെൻ്റ് ഏജൻസിയോ ഒന്നുമായിരുന്നില്ല … അദ്ദേഹം കാരക്കാട് (ഇന്നത്തെ നാദാപുരം റോഡ് ) ഊരാളുങ്കൽ ഐക്യ നാണയ സംഘം എന്ന പേരിൽ 1922 ഫെബ്രുവരി 2 ന് ഒരു സഹകരണ സംഘം റജിസ്റ്റർ ചെയ്തതും പിന്നീട് 1925ൽ ഊരാളുങ്കൽ ലേബർ സൊസൈറ്റിയായി പരിവർത്തിപ്പിച്ചതും അദ്ദേഹം നടത്തിവന്നിരുന്ന സാമൂഹ്യ നവോത്ഥാന ഇടപെടലിൻ്റെ ഭാഗമായിട്ടാരുന്നു …. ഒരു പക്ഷേ വടക്കൻ കേരളത്തിൽ കമ്യൂണിസ്റ്റല്ലാത്ത വാഗ്ഭടാനന്ദനും കമ്യൂണിസ്റ്റായ മണ്ടോടി കണ്ണനുമൊക്കെ ഉഴുത മണ്ണിൽ കമ്യൂണിസ്റ്റുകാർക്ക് വേരോടാൻ എളുപ്പമായിരുന്നു എന്ന് വായിക്കുന്നതാവും ശരി … വേര് മണ്ണിലുറച്ചു കഴിഞ്ഞാൽ ഉഴുതുന്ന കലപ്പ ആവശ്യമില്ലാത്ത പോലെ , ഒഞ്ചിയം പ്രദേശത്ത് കമ്യൂണിസ്റ്റു പാർട്ടിക്ക് വേരോട്ടമുണ്ടാക്കാൻ അന്ധവിശ്വാസങ്ങളെ തുറന്നുകാട്ടാൻ കനലാട്ട മടക്കമുള്ള ചടങ്ങുകളിൽ ശർക്കര (വെല്ലം) യെറിഞ്ഞ് മനുഷ്യൻ്റെ യുക്തിബോധത്തെ ഉണർത്താൻ മണ്ടോടി കണ്ണനെപ്പോലുള്ളവർ നടത്തിയ ഇടപെടലുകളെ മറന്നുകളഞ്ഞ് ഉത്സവങ്ങളുടേയും ആചാരങ്ങളുടേയും സ്പോൺസർമാരായി കമ്യൂണിസ്റ്റുകാർ മാറിയ വേഗം നമ്മൾ കണ്ടറിഞ്ഞതാണ് … വാഗ്ഭടാനന്ദൻ്റെയും അദ്ദേഹം രൂപീകരിച്ച സൊ സൈറ്റിയുടെയും കാര്യത്തിലും സംഭവിച്ചതും ഇതുതന്നെയാണ് …
ഇന്ന് ULCC ക്കെതിരായ ഏതെങ്കിലും നീക്കത്തെ വാഗ്ഭടാനന്ദനെയുയർത്തി പ്രതിരോധിക്കാൻ ശ്രമിക്കുന്നവർ അദ്ദേഹം ജീവിച്ചിരിക്കുന്ന കാലത്ത് സംഘത്തിനുണ്ടായിരുന്ന സാമൂഹികാവബോധത്തെ ഓർമ്മിക്കുന്നത് നന്നായിരിക്കും .. സൊസൈറ്റിയുടെ 1938 – 39 വർഷത്തെ ലാഭത്തെക്കുറിച്ച് ചർച്ച ചെയ്ത ( ഓർമ്മിക്കുക അന്ന് ഒരു വർഷം 3000 രൂപയുടെ നിർമാണ പ്രവർത്തി പോലും സംഘത്തിന് ലഭ്യമായിരുന്നില്ല ) പൊതുയോഗ തീരുമാനം ഓർമ്മിക്കുന്നത് വർത്തമാനകാലത്ത് നന്നായിരിക്കും …
” 1938-39 കൊല്ലത്തെ ലാഭത്തിൽ നിന്ന് 1940 ജൂലൈ 18 ന് കൂടിയ പൊതുയോഗ തീർപ്പ് പ്രകാരം നീക്കിവെച്ച 12 ക 10 ണയും മുൻ കൊല്ലത്തെ ലാഭത്തിൽ നിന്ന് പൊതുനന്മാ ഫണ്ടിലേക്ക് നീക്കിവെച്ച 21 ക 10 ണ യും കൂടി ആകെ 34 ക 4 ണയിൽ പാലേരി രാഘവൻ എന്ന കുട്ടിക്ക് 1 കൊല്ലത്തേക്കുള്ള ഫീസ് വക 27 കയും പറമ്പത്ത് രാഘവൻ എന്ന കുട്ടിക്കും , അക്കരാൽ ഗോവിന്ദൻ , കുമാരൻ എന്നീ കുട്ടികൾക്കും ബാക്കിയുള്ള സംഖ്യ പുസ്തകങ്ങൾ വാങ്ങേണ്ട അവശ്യത്തിലേക്ക് സമമായി ഭാഗിച്ച് കൊടുപ്പാനും തീർച്ചപ്പെടുത്തി ” …
നോക്കുക നാമമാത്രമായിരുന്ന ലാഭം ലഭിച്ചിരുന്ന മുപ്പതുകളുടെ അവസാനം സൊസൈറ്റിക്കുണ്ടായിരുന്ന സാമൂഹ്യ പ്രതിബദ്ധതയെവിടെ ഇന്ന് ശതകോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കുമ്പോൾ , സൊസൈറ്റി കാണിക്കുന്ന സാമൂഹ്യ പ്രതിബദ്ധതയെവിടെ ….
ഈ മഹാമാരിയുടെ കാലത്ത് നവോത്ഥാനത്തിൻ്റെ പിന്തുടർച്ചയൊന്നും അവകാശപ്പെടാനില്ലാത്ത ടാറ്റ പോലും കേരളത്തിൽ കാസർഗോഡ് 60 കോടി രൂപ ചെവവഴിച്ച് ഒരു കോവിഡ് ആശുപത്രി നിർമ്മിച്ച് സർക്കാരിന് കൈമാറിക്കൊണ്ട് കോർപ്പറേറ്റുകൾക്കുള്ള സാമൂഹ്യ പ്രതിബദ്ധത നമുക്ക് കാട്ടിത്തന്നു .. യാതൊരു ടെൻററുകളുമില്ലാതെ RCC നവീകരണത്തിൻ്റെ 600 കോടിയുടെ പദ്ധതി മുതൽ നിയമസഭാ സമുച്ചയ നവീകരണം മുതൽ പ്രതിവർഷം പതിനായിരക്കണക്കിന് കോടികളുടെ നിർമ്മാണ പ്രവർത്തനം സ്വന്തം രാഷ്ട്രീയ സ്വാധീനം കൊണ്ട് കയ്യടക്കുന്ന സൊസൈറ്റി ഏതെങ്കിലും കോവിഡ് ആശുപത്രിക്ക് 10 വെൻ്റിലേറ്റർ വാങ്ങിക്കൊടുത്തതായോ ഏതെങ്കിലും ആശു പത്രിക്ക് ഒരു ഐസൊലേഷൻ വാർഡ് ഉണ്ടാക്കിക്കൊടുത്തതായോ നമ്മൾ കേട്ടിട്ടില്ല ….
അതു കൊണ്ട് ദയവായി രമേശൻ പാലേരിയുടെ സൊസൈറ്റിക്കെതിരായ ആരോപണങ്ങളെ ദയവായി വാഗ്ഭടാനന്ദനെ ഉയർത്തിപ്പിടിച്ച് പ്രതിരോധിക്കാൻ ശ്രമിക്കാതിരിക്കുക ദയവായി ….
ഒരൊറ്റ സംശയം കൂടി …
സ്വകാര്യ മേഖലയുടെ ചൂഷണത്തിൽ നിന്ന് ഉപഭോക്താവിനെ രക്ഷിക്കാനും സർക്കാർ മേഖലയെക്കാൾ ഗുണമേന്മയുള്ള സേവനങ്ങൾ ഉറപ്പു വരുത്തുകയുമാണല്ലോ സഹകരണ സംരഭങ്ങൾ അവകാശപ്പെടുന്ന വിവിധ ലക്ഷ്യങ്ങളിൽ ഒന്ന് …
കോഴിക്കോട് ജില്ലയിലെ പ്രമുഖങ്ങളായ ആശുപത്രികളിൽ ചികിത്സക്കുള്ള ചെലവുകൾ വെറുതെ ഫോൺ ചെയ്ത് നോക്കിയാൽ അവർ പറഞ്ഞു തരും …
ഹിസ്റ്ററക്ടമി , തൈറോയിഡക്ടമി ,റിപ്പ്ൾ സർജറി , അപ്പൻ്റിസക്ടമി തുടങ്ങി ഏതു മാവട്ടെ , കോർപ്പറേറ്റ് ഉടമസ്ഥതയിലുള്ള മലബാർ മെഡിക്കൽ കോളജോ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലോ, ഇഖ്റ ആശുപത്രിയോ ഈടാക്കുന്ന ചികിത്സാ ചാർജിനേക്കാൾ എത്രയോ മേലെയാണ് പെരിന്തൽമണ്ണ ഇ എം എസ് , കോഴിക്കോട് – വടകര സഹകരണ ആശുപത്രികൾ രോഗികളിൽ നിന്നീടാക്കിക്കൊണ്ടിരിക്കുന്നത് !! ഇനി ജീവനക്കാരുടെ ക്ഷേമം പറഞ്ഞാണ് പ്രതിരോധിക്കാൻ ശ്രമിക്കുന്നതെങ്കിൽ ഊരാളുങ്കലിൻ്റെ കാര്യത്തിൽ ഇത് ശരിയായിരിക്കാം , പക്ഷേ വടകര സഹകരണ ആശുപത്രിയിൽ ഇരുനൂറിനു മേലുള്ള നേഴ്സിംഗ് ജീവനക്കാരിൽ 4 പേർ മാത്രമാണ് സ്റ്റാഫ് നേഴ്സുമാർ… ബാക്കിയെല്ലാവരും 3000 മുതൽ 10000 രൂപക്ക് വരെ ജോലി ചെയ്യേണ്ടി വരുന്നവർ … സ്വകാര്യ ആശുപത്രികൾക്കു മുമ്പിലെ ശമ്പള വർദ്ധനവിനു വേണ്ടിയുള്ള സമരം നിർഭാഗ്യവശാൽ സഹകരണ ആശുപത്രികൾക്കു മുമ്പിൽ നടക്കാറുമില്ല , കാരണം വേലി തന്നെയാണല്ലോ വിളവുകൾ തിന്നുകൊണ്ടിരിക്കുന്നത് …
അവസാനമായി :
ഊരാളുങ്കൽ സൊസൈറ്റി വളരെയേറെ സൗഹാർദ്ദപരമാണ് സകല ആനുകൂല്യങ്ങൾക്കും തൊഴിലാളികൾ അർഹരാണ് എന്നത് അഭിനന്ദനീയമായ കാര്യം തന്നെയാണ് …
പക്ഷേ നമ്മളോർമ്മിക്കണം നമ്മുടെ ടെൻറർ വ്യവസ്ഥയിൽ ഒരു സഹകരണ സംഘത്തിനും / SSI യൂണിറ്റിനും 10% പ്രൈസ് പ്രിഫറൻസ് ഉണ്ടായിരിക്കണം എന്ന് …
ലളിതമായി പറഞ്ഞാൽ KK ബിൽഡേർഡ് എന്ന സ്വകാര്യ കരാർ കമ്പനി RCC നവീകരണത്തിന് 600 കോടി യുടെ പദ്ധതി സമർപ്പിച്ചാൽ ഊരാളുങ്കൽ സൊസൈറ്റിക്ക് ആ കരാർ 660 കോടിക്ക് ഏറ്റെടുക്കാം … കേരളത്തിലെ പൊതു സമൂഹം ത്യജിക്കുന്ന ഈ 10% ത്തിൻ്റെ എത്ര പങ്ക് വാഗ്ഭടാനന്ദനു ശേഷം ഊരാളുങ്കൽ സൊസൈറ്റി സാമൂഹ്യ ക്ഷേമത്തിനു വേണ്ടി വിനിയോഗിക്കുന്നു എന്നുള്ളത് ഓഡിറ്റ് ചെയ്യാനുള്ള അവകാശം അതുകൊണ്ടുതന്നെ പൊതു സമൂഹത്തിനുണ്ടുതാനും

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker