കൊച്ചി: രാജ്യത്തെ മത്സ്യകൃഷിയില്‍ നാഴികക്കല്ലായി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ ഞണ്ട് (മഡ് ക്രാബ്)ഹാച്ചറി സാങ്കേതികവിദ്യയ്ക്ക് 20 വര്‍ഷത്തേക്കുള്ള പേറ്റന്റ് ലഭിച്ചു. എംപിഇഡിഎയുടെ ഗവേഷണ വിഭാഗമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചറാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
കേന്ദ്രസര്‍ക്കാരിന്റെ ഡിസൈന്‍ ആന്‍ഡ് ട്രേഡ്മാര്‍ക്സ് കണ്ട്രോളര് ജനറലാണ് പേറ്റന്റ് നല്‍കിയിരിക്കുന്നത്. 2011 മുതല്‍ 2030 വരെയാണ് പേറ്റന്റ് കാലാവധി.
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ഏറെ ഡിമാന്റുള്ളതാണ് ഈ ഞണ്ടിനം. ഈ ഞണ്ടുകളെ ജീവനോടെയാണ് അവര്‍ ഇഷ്ടപ്പെടുന്നത്.രാജ്യത്തെ മത്സ്യകൃഷിയില്‍ നാഴികക്കല്ലാണ് ഈ നേട്ടമെന്ന് എംപിഇഡിഎ ചെയര്മാന് കെ എസ് ശ്രീനിവാസ് പറഞ്ഞു. ഇതാദ്യമായാണ് ഈ സാങ്കേതികവിദ്യയ്ക്ക് തദ്ദേശീയമായി പേറ്റന്റ് അനുവദിക്കുന്നത്.
ചെമ്മീന്‍ കൃഷിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കര്‍ഷകര്‍ക്ക് കൂടുതല്‍ വൈവിദ്ധ്യത്തോടെയുള്ള മറ്റ് മത്സ്യയിനങ്ങള്‍ കൃഷി ചെയ്യുന്നതിനുള്ള അവസരം ഇതോടെ കൈവന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ദക്ഷിണ പൂര്‍വേഷ്യയിലെ വന്‍ഡിമാന്‍ഡ് മുന്നില്‍ കണ്ടു കൊണ്ടാണ് 2004 ല്‍ എംപിഇഡിഎ ചെളിഞണ്ടിനായി ഹാച്ചറി തുടങ്ങാന്‍ തീരുമാനിച്ചത്. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ ഹാച്ചറി 2013 ല്‍ ആരംഭിച്ചു. വര്‍ഷത്തില്‍ 10 ലക്ഷം കുഞ്ഞുങ്ങളെ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ ആവശ്യക്കാര്‍ വര്‍ധിച്ചതോടെ ഉത്പാദനം 14 ലക്ഷമാക്കി വര്‍ധിപ്പിച്ചു.
സ്വന്തം സാങ്കേതിക വിദ്യ ചുരുങ്ങിയ കാലം കൊണ്ടാണ് നമ്മുടെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തത്.ഈ ഞണ്ടിനത്തിനായി ഇന്ന് വേറൊരു ഹാച്ചറിയും രാജ്യത്തില്ല. 2011 മുതല്‍ ഈ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് ലഭിക്കുന്നതിന് ഡിസൈന്‍ ആന്‍ഡ് ട്രേഡ്മാര്‍ക്സ് കണ്ട്രോളര് ജനറല്‍ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു