KERALALATESTNATIONAL

എംബസിയുടെ സഹായം എത്തിയില്ല, മ്യാന്‍മറില്‍ തടങ്കലിലാക്കപ്പെട്ടവരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുന്നു

മുംബൈ: തൊഴില്‍ തട്ടിപ്പിനിരയായി മ്യാന്‍മറില്‍ തടങ്കലിലാക്കപ്പെട്ട ഇന്ത്യക്കാരെ മാഫിയാ സംഘം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുന്നത് തുടരുന്നു. മലയാളികള്‍ അടക്കമുള്ളവരെ ട്രക്കുകളില്‍ കയറ്റിയാണ് അഞ്ജാത കേന്ദ്രത്തിലേക്ക് മാറ്റുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ലാവോസ് അടക്കമുള്ള അയല്‍ രാജ്യങ്ങളിലേക്ക് മാറ്റുന്നതായാണ് ആയുധധാരികള്‍ പറഞ്ഞതെന്ന് തടങ്കലിലുള്ള മലയാളികള്‍ പറഞ്ഞു.
മ്യാന്‍മറില്‍ തടങ്കലിലായ ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മാഫിയാ സംഘത്തിന്റെ അടുത്ത നീക്കം. വെള്ളിയാഴ്ച മുതലാണ് ഇന്ത്യക്കാര്‍ അടക്കമുള്ളവരെ മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിത്തുടങ്ങിയത്. ട്രക്കുകളില്‍ കയറ്റി ആയുധധാരികളുടെ അടമ്പടിയോടെയാണ് യാത്ര. രണ്ട് ദിവസത്തിനിടെ നിരവധി പേരെ ഇത്തരത്തില്‍ മാറ്റിയെന്ന് തടങ്കലിലുള്ള മലയാളികള്‍ പറഞ്ഞു. ലാവോസും കംബോഡിയയും അടക്കമുള്ള രാജ്യങ്ങളിലേക്ക് കൊണ്ട് പോകുന്നതായാണ് സ്ഥിരീകരിക്കാത്ത വിവരം. കഴിഞ്ഞ ഒന്നരമാസമായി മ്യാന്‍മറിലെ മെയ്വാഡി എന്ന സ്ഥലത്ത് തടങ്കലിലാണ് ഇന്ത്യക്കാരടക്കമുള്ളവര്‍.
ഡാറ്റാ എന്‍ട്രി ജോലിക്കെന്ന് പറഞ്ഞ് തായ്‌ലന്റില്‍ എത്തിച്ച ശേഷം തട്ടിപ്പ് സംഘം ഇവരെ ബലം പ്രയോഗിച്ച് മ്യാന്‍മറിലേക്ക് കടത്തുകയായിരുന്നു. സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്താനാണ് ഇരകളെ മാഫിയാ സംഘം ചുമതലപ്പെടുത്തിയിരിക്കുന്നത്. മുന്നൂറോളം ഇന്ത്യക്കാരില്‍ 30 പേര്‍ മലയാളികളാണ്. മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യന്‍ എംബസി തടങ്കലിലുള്ളവരുമായി ഫോണില്‍ ബന്ധപ്പെട്ട് പേര് വിവരങ്ങളും പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുന്ന നടപടി മാഫിയാ സംഘം തുടങ്ങിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker