BREAKING NEWSAUTOFOUR WHEELERKERALA

എംവിഡിയുടെ മുന്നറിയിപ്പ്… ലൈസന്‍സ് പുതുക്കാന്‍ അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കുക, വ്യാജന്മാരുണ്ട്

തിരുവനന്തപുരം: ഗതാഗത വകുപ്പ് സേവനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലായതോടെ വ്യാജന്മാര്‍ സജീവമായതായി മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യവ്യാപകമായി സേവനങ്ങള്‍ ഓണ്‍ലൈനില്‍ ആയതിന് പിന്നാലെ ഈ രംഗത്ത് വ്യാജന്മാര്‍ സജീവമായെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് വ്യാജ സൈറ്റുകള്‍ ഉപയോഗിച്ച് വഞ്ചിതരായിരിക്കുന്നതെന്നും അധികൃതര്‍ പറയുന്നു.
ലൈസന്‍സ് സംബന്ധമായതും വാഹനസംബന്ധമായതുമായ എല്ലാ സര്‍വീസുകളും ഇപ്പോള്‍ നിര്‍വഹിക്കപ്പെടുന്നത് കേന്ദ്ര ഗവണ്‍മെന്റ് സോഫ്റ്റ്‌വെയറായ പരിവാഹന്‍ സേവ എന്ന വെബ് സൈറ്റ് വഴിയാണ് ( https://parivahan.gov.in ). ഇതില്‍ വാഹന സംബന്ധമായ സര്‍വീസുകള്‍ക്ക് വാഹന്‍ എന്ന പോര്‍ട്ടലിലും ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍ക്ക് സാരഥി എന്ന പോര്‍ട്ടലിലുമാണ് അപേക്ഷകളും ഫീസും സമര്‍പ്പിക്കുന്നത്.
സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുമ്പോള്‍ അപേക്ഷയോടൊപ്പം ഫീസും ഓണ്‍ലൈന്‍ ആയി തന്നെയാണ് അടക്കുന്നത്. പരിവാഹന്‍ വെബ് സൈറ്റ് ആണെന്ന രീതിയില്‍ വ്യാജമായി നിര്‍മിച്ച സൈറ്റുകളിലൂടെ അപേക്ഷാ ഫീസായി നല്‍കുന്ന പണം തട്ടിയെടുക്കുകയാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ ചെയ്യുന്നത്. അപേക്ഷകര്‍ പലപ്പോഴും ശരിയായ സൈറ്റ് തന്നെയാണ് അപേക്ഷിച്ചത് എന്ന ധാരണയില്‍ കാലാവധി കഴിഞ്ഞ ലൈസന്‍സുമായി വാഹനം ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.
ഗൂഗിള്‍ വഴി വെബ്‌സൈറ്റുകള്‍ സെര്‍ച്ച് ചെയ്ത് അപേക്ഷ സമര്‍പ്പിക്കുന്ന ആളുകളാണ് പലപ്പോഴും ഈ രീതിയില്‍ വഞ്ചിക്കപ്പെടുന്നത്. ഈ വ്യാജ സൈറ്റുകള്‍ യഥാര്‍ത്ഥ സൈറ്റുമായി രൂപ സാമ്യം ഉള്ളതും, സുരക്ഷിതം ആണ് എന്ന തോന്നല്‍ സഷ്ടിക്കുന്ന രീതിയിലുമാണ് പ്രത്യക്ഷപ്പെടുന്നത്.
ഗതാഗത വകുപ്പിന്റെ സേവനങ്ങള്‍ക്കായി അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ വ്യാജ സൈറ്റുകളില്‍ വഞ്ചിതരാകാതിരിക്കാന്‍ കേരള മോട്ടോര്‍ വാഹന വകപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉപയോഗപ്പെടുത്തണമെന്നും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചു. mvd.kerala.gov.in എന്ന സൈറ്റില്‍ ലഭ്യമായ ഓണ്‍ലൈന്‍ സേവനങ്ങളുടെ ലിങ്കുകള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലെ Citizens Corner , Online Services വഴി പരിശോധിക്കാവുന്നതാണ്.
Vahan, Sarathi പോര്‍ട്ടലുകളുടെ ലിങ്കും പ്രത്യേകം നല്‍കിയിട്ടുണ്ട് മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രത്യേകം നല്‍കിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതോടെ വ്യാജ സൈറ്റുകളിലേക്ക് പോകുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker