കണ്ണൂര്‍:സിപിഎം സംസ്ഥാന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിനെതിരായ ആരോപണങ്ങളില്‍ സ്വപ്ന സുരേഷിനെതിരെ എടുത്ത അപകീര്‍ത്തി കേസില്‍ അന്വേഷണം വഴിമുട്ടി. പ്രത്യേക അന്വേഷണ സംഘത്തിലുളളവര്‍ സ്ഥലം മാറിപ്പോയിട്ടും പുതിയ സംഘത്തെ കേസ് ഏല്‍പ്പിച്ചിട്ടില്ല. സ്വപ്നയെയും വിജേഷ് പിളളയെയും ഒരു തവണ ചോദ്യം ചെയ്തതല്ലാതെ അന്വേഷണം മുന്നോട്ട് നീങ്ങാത്തതില്‍ പാര്‍ട്ടിയിലും അതൃപ്തിയുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിലൂടെ നടത്തിയ ആരോപണങ്ങളിലാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന് വിജേഷ് പിളള വഴി എം.വി.ഗോവിന്ദന്‍ ആവശ്യപ്പെട്ടെന്നും 30 കോടി വാഗ്ദാനം ചെയ്‌തെന്നുമായിരുന്നു സ്വപ്ന ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത്. എംവി ഗോവിന്ദനെതിരെ സ്വപ്ന നടത്തിയ ഈ ആരോപണത്തിനെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രത്യേക അന്വേഷണസംഘത്തെയും അന്വേഷണത്തിനായി നിയോഗിച്ചു.
റൂറല്‍ എസ് പിയായിരുന്ന ഹേമലത, എസിപി രത്‌നകുമാര്‍,ഡിവൈഎസ്പി എം.പി.വിനോദ് എന്നിവരുള്‍പ്പെടെയുളള സംഘമാണ് അന്വേഷിച്ചത്. വിജേഷ് പിളളയെ ഒരു തവണ ചോദ്യം ചെയ്തു. സ്വപ്ന സുരേഷിനെയും കഴിഞ്ഞ ഡിസംബറില്‍ കണ്ണൂരില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇതൊഴിച്ചാല്‍ അന്വേഷണം എവിടെയുമെത്തിയില്ല. തെളിവ് ശേഖരണം നടന്നട്ടില്ല. കേസില്‍ ഇതുവരെ കുറ്റപത്രം നല്‍കാനായിട്ടില്ല. എസ്പിയും ഡിവൈഎസ്പിയും ഉള്‍പ്പെടെ അന്വേഷണസംഘത്തിലെ പ്രധാനികള്‍ സ്ഥലംമാറിപ്പോവുകയും ചെയ്തു.
പുതിയ ഉത്തരവിറങ്ങാതെ നിലവിലുളളവര്‍ക്ക് കേസ് അന്വേഷിക്കാനാകില്ല. പുതിയ അന്വേഷണ സംഘത്തെ നിയമിക്കണമെന്ന ആവശ്യം ഡിജിപിയോട് രേഖാമൂലം എസ്പി മാസങ്ങള്‍ക്ക് മുമ്പ് ആവശ്യപ്പെട്ടെന്നാണ് വിവരം. ഫയലില്‍ തീരുമാനമായില്ല. ഇതോടെയാണ് അന്വേഷണം വഴിമുട്ടിയത്.സമാനമായ പല കേസുകളിലും അറസ്റ്റുള്‍പ്പെടെ നടപടികള്‍ വേഗത്തിലാണ്. അപ്പോഴാണ് സിപിഎം സംസ്ഥാന സെക്രട്ടറിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ പൊലീസ് നീക്കം മന്ദഗതിയിലായത്.പൊലീസിന്റെ താത്പര്യക്കുറവില്‍ പാര്‍ട്ടിക്കുള്ളിലും അതൃപ്തിയുണ്ട്.