BREAKING NEWSKERALALATEST

എം.എം. മണിയുടെ മരുമകന്‍ പ്രസിഡന്റായ ബാങ്കിന് കെഎസ്ഇബി അനുവദിച്ചത് 21 ഏക്കര്‍ ഭൂമി

തിരുവനന്തപുരം: മരുമകന്‍ പ്രസിഡന്റായ ഇടുക്കി രാജാക്കാട് സഹകരണ ബാങ്കിനു ടൂറിസം പദ്ധതിക്കായി വൈദ്യുതി ബോര്‍ഡിന്റെ ഭൂമി അനുവദിച്ചത് അന്നു വകുപ്പുമന്ത്രിയായിരുന്ന എം.എം.മണിയുടെ അറിവോടെ. പൊന്മുടി അണക്കെട്ടു പ്രദേശത്തെ 21 ഏക്കര്‍ ടൂറിസം പദ്ധതിക്കായി അനുവദിക്കണമെന്നാണു മണിയുടെ മരുമകന്‍ വി.എ.കുഞ്ഞുമോന്‍ പ്രസിഡന്റായ രാജാക്കാട് സര്‍വീസ് സഹകരണ ബാങ്ക്, കേരള ഹൈഡല്‍ ടൂറിസം സെന്ററിന് (കെഎച്ച്ടിസി) അപേക്ഷ നല്‍കിയത്.
മന്ത്രി മണി 2019 ഫെബ്രുവരി 6 നു വിളിച്ചുചേര്‍ത്ത ടൂറിസം സെന്ററിന്റെ ഭരണസമിതി യോഗം ഭൂമി വിട്ടുനല്‍കാന്‍ തീരുമാനിച്ചതായി വൈദ്യുതി ബോര്‍ഡിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഫെബ്രുവരി 28നു ബോര്‍ഡിന്റെ മുഴുവന്‍ സമയ ഡയറക്ടര്‍മാര്‍ യോഗം ചേര്‍ന്നാണു 15 വര്‍ഷത്തേക്കു ഭൂമി അനുവദിച്ചത്. രാജാക്കാട് സഹകരണ ബാങ്കും കെഎച്ച്ടിസിയും വരുമാനം പങ്കിടാമെന്നായിരുന്നു വ്യവസ്ഥ. 80% ബാങ്കിനും 20% കെഎച്ച്ടിസിക്കും. ഇതില്‍ 15% ബോര്‍ഡിനു നല്‍കണം. ഭൂമിയുടെ ഉടമസ്ഥാവകാശം ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ബോര്‍ഡിന്റെയോ സര്‍ക്കാരിന്റെയോ അനുമതിയില്ലാതെ ടൂറിസം വികസനത്തിനായി സൊസൈറ്റികള്‍ക്കു സ്ഥലം വിട്ടുനല്‍കിയെന്ന ചെയര്‍മാന്‍ ബി.അശോകിന്റെ വാദം തെറ്റാണെന്ന് ഇതു വ്യക്തമാക്കുന്നു. ബോര്‍ഡിന്റെ ഭാഗമായ കെഎച്ച്ടിസിക്കു ടൂറിസം പദ്ധതികള്‍ക്കായി അനുമതി നല്‍കിയതു ബോര്‍ഡിന്റെ അനുമതിയോടെയാണ്. ഇതിനായി കര്‍ശന നിബന്ധനകള്‍ വച്ചിരുന്നതായും ഉത്തരവില്‍ ഉണ്ട്. കെഎച്ച്ടിസി ആണ് കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്കു നിബന്ധനകള്‍ക്കു വിധേയമായി അനുമതി നല്‍കിയത്.
ഹൈഡല്‍ ടൂറിസത്തിനായി രാജാക്കാട് സൊസൈറ്റിക്കു ഭൂമി നല്‍കാനുള്ള തീരുമാനം വൈദ്യുതി ബോര്‍ഡിന്റേതാണെന്നു മുന്‍മന്ത്രി എം.എം.മണി പറഞ്ഞു. ഏറ്റവും ഉയര്‍ന്ന തുക ക്വോട്ട് ചെയ്തവര്‍ക്കാണു ഭൂമി നല്‍കിയത്. അതു തികച്ചും വ്യവസ്ഥാപിതമായിരുന്നു. കരാര്‍ റദ്ദാക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തെക്കുറിച്ചു ചോദിച്ചപ്പോള്‍, ഏതു സതീശന്‍ എന്നായിരുന്നു മണിയുടെ മറുപടി.
‘ഞാനൊരു പാവമാണ്. നിങ്ങള്‍ ചോദിക്കാനുള്ളതെല്ലാം ഇപ്പോഴത്തെ മന്ത്രി കൃഷ്ണന്‍കുട്ടിയോടാണു ചോദിക്കേണ്ടത്. എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നാണു ബോര്‍ഡ് ചെയര്‍മാന്‍ എന്നെ വിളിച്ചു പറഞ്ഞത്. അയാള്‍ തുടരണോയെന്നും മന്ത്രിയോടു ചോദിക്ക്. ആര്യാടന്‍ മുഹമ്മദ് മന്ത്രിയായിരുന്ന കാലത്തു നടന്നതു കൂടി സതീശന്‍ അന്വേഷിക്കണം. ആര്യാടനും മകനും കൂടി വ്യക്തികള്‍ക്കു വരെ കൊടുത്തു. ഉമ്മന്‍ചാണ്ടിയും ഇതിന്റെ ഭാഗമായിരുന്നു. അതെല്ലാം വിജിലന്‍സ് അന്വേഷണത്തിനു വിധേയമാക്കണമെന്നായിരുന്നു എന്റെ അഭിപ്രായം’-– മണി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker