BREAKINGKERALA
Trending

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിത നിയമനം നല്‍കും; ആര്‍.പ്രശാന്തിന്റെ നിയമനം റദ്ദാക്കി സുപ്രീം കോടതി

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എയായിരുന്ന കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍.പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. പ്രശാന്തിന്റെ ആശ്രിത നിയമനം മുമ്പ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.
ഒരു മുന്‍ എം.എല്‍.എയുടെ മകന് എന്ത് അടിസ്ഥാനത്തിലാണ് ആശ്രിത നിയമനം നല്‍കുന്നതെന്നാണ് സുപ്രീം കോടതി പ്രധാനമായി ഉന്നയിച്ച ചോദ്യം. എന്നാല്‍, മതിയായ യോഗ്യതകള്‍ പ്രശാന്തിനുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരുന്നത്.
അതേസമയം, പ്രശാന്ത് സര്‍വീസില്‍ ഇരുന്ന കാലത്ത് വാങ്ങിയിരുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ച് പിടിക്കരുതെന്ന് ഹര്‍ജികാരന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്. 2018 ജനുവരിയിലായിരുന്നു കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്‍ പ്രശാന്തിന് പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയറായി ആശ്രിത നിയമനം നല്‍കിയത്.
ആശ്രിത നിയമനം സംബന്ധിച്ച് കൃത്യമായ സര്‍വീസ് ചട്ടങ്ങള്‍ സംസ്ഥാനത്തിനുണ്ട്. കേരള സബോഡിനേറ്റ് സര്‍വീസ് ചട്ടം പ്രകാരം തസ്തിക സൃഷ്ടിച്ച് ഇത്തരത്തിലൊരു നിയമനം നടത്താന്‍ മന്ത്രിസഭയ്ക്ക് കഴിയുമോയെന്ന കാര്യവും സുപ്രീം കോടതി പരിശോധിച്ചു. ഒരു എം.എല്‍.എയുടെ മകന് ഇത്തരത്തിലൊരു നിയമനം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്.
പൊതുതാത്പര്യ ഹര്‍ജിയില്‍ നിയമനം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. നിയമനത്തിനായി പ്രത്യേക തസ്തിക രൂപീകരിക്കാന്‍ മന്ത്രിസഭയ്ക്ക് അധികാരം ഉണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. സംസ്ഥാനത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ ശശി എന്നിവരാണ് ഹാജരായത്. ആര്‍ പ്രശാന്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി.ഗിരി, മുഹമ്മദ് സാദിഖ് എന്നിവരും ഹാജരായി. ഹര്‍ജിക്കാരന് വേണ്ടി അഭിഭാഷകന്‍ എ.കാര്‍ത്തിക് ഹാജരായി.

Related Articles

Back to top button